2024ലെ മിനി-മൂണ്‍ പ്രതിഭാസം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം, ഇനി നീണ്ട കാത്തിരിപ്പ്
തിരുവനന്തപുരം: ഭൂമിയുടെ രണ്ടാം ചന്ദ്രന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന 2024 പിടി5 ഛിന്നഗ്രഹം ഉടന്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് അപ്രത്യക്ഷമാകും. സെപ്റ്റംബര്‍ 29 മുതല്‍ ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടായിരുന്ന ഈ അതിഥി ഇനി തിരിച്ചെത്താന്‍ 2055 വരെ കാത്തിരിക്കണം. കുറച്ച് നാളത്തേക്ക് എങ്കിലും ചന്ദ്രനെ പോലെ ഭൂമിയെ വലംവയ്ക്കുന്ന പ്രകൃതിദത്ത ഉപഗ്രഹമാണ് 2024 പിടി5 ഛിന്നഗ്രഹം.
2024 സെപ്റ്റംബര്‍ 29നാണ് 2024 പിടി5 ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. ഭൂമിയുടെ താല്‍ക്കാലിക മിനി-മൂണ്‍ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. നാസയുടെ അറ്റ്‌ലസ് ഓഗസ്റ്റ് 7ന് കണ്ടെത്തിയ ഈ ഛിന്നഗ്രഹത്തിന് 33 അടിയായിരുന്നു ഏകദേശ വ്യാസം. നവംബര്‍ 25 വരെയാണ് ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരുക. ഭൂമിയുടെ യഥാര്‍ഥ ഉപഗ്രഹമായ ചന്ദ്രനേക്കാള്‍ വലിപ്പത്തില്‍ തീരെ കുഞ്ഞനാണെങ്കിലും ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയതോടെ ശാസ്ത്രലോകത്തിന് വലിയ ആകാംക്ഷയാണ് 2024 പിടി5 ഛിന്നഗ്രഹം സമ്മാനിച്ചത്. അര്‍ജുന ഛിന്നഗ്രഹക്കൂട്ടത്തില്‍ ഉള്‍പ്പെടുന്ന 2024 പിടി5 ഭൂമിക്ക് യാതൊരു ഭീഷണിയുമില്ലാതെയാണ് രണ്ട് മാസക്കാലം ഭ്രമണം ചെയ്‌തത്.
undefined
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവില്ലെങ്കിലും കറങ്ങിത്തിരിഞ്ഞ് 2024 പിടി5 ഛിന്നഗ്രഹം ഇനി ഭൂമിയുടെ ഭ്രമണപഥത്തിലെത്താന്‍ 2055 വരെ കാത്തിരിക്കണം എന്നാണ് നാസയുടെ അനുമാനം.
അർജുന ബെൽറ്റിലെ ചില ഛിന്നഗ്രഹങ്ങൾക്ക് ഭൂമിയോട് താരതമ്യേന അടുത്ത്, ഏകദേശം 45 ലക്ഷം കിലോമീറ്റർ വരെ എത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നാസയുടെ ധനസഹായത്തോടെയുള്ള പദ്ധതിയായ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്‌ലസ്) ഓഗസ്റ്റ് എഴിനാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇനി ഇതിന് മുൻപ് 1981ലും 2022ലും മിനി-മൂണ്‍ പ്രതിഭാസം ഉണ്ടായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
Read more: ചന്ദ്രന് കമ്പനി കൊടുക്കാൻ 'കുഞ്ഞൻ' ഉടനെത്തും; എന്താണ് മിനി-മൂൺ ഇവന്‍റ്, അടുത്തത് ഏത് വര്‍ഷം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം