സുനാമി, കൊടുങ്കാറ്റ്, കടലിലെ കാലാവസ്ഥാ മാറ്റം എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഉപകരണമാണ് കാണാതായത്.
കൊച്ചി: അറബിക്കടലില്‍ (arabian sea ) കാണാതായ കാലാവസ്ഥാ നിരീക്ഷണ യന്ത്രത്തിനായി കാസര്‍കോട്, കണ്ണൂര്‍ കടലില്‍ തെരച്ചില്‍ തുടരുന്നു. കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് സ്ഥാപിച്ച വേവ് റൈഡര്‍ ബോയ് (wave rider buoy) ആണ് കാണാതായത്. ഭൗമ ശാസ്ത്ര വകുപ്പ് ഉദ്യോഗസ്ഥര്‍ കാസര‍്കോട് എത്തി പരിശോധന നടത്തി.
സുനാമി, കൊടുങ്കാറ്റ്, കടലിലെ കാലാവസ്ഥാ മാറ്റം എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഉപകരണമാണ് കാണാതായത്. ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി നിരീക്ഷണത്തിനായി കടലില്‍ സ്ഥാപിച്ചതാണ് ഈ വേവ് റൈഡര്‍ ബോയ്. ചില മത്സ്യ തൊഴിലാളികള്‍ ഈ ബോയ്ക്ക് മുകളില്‍ കയറി നില്ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.
undefined
ഒരു വര്‍ഷത്തോളമായി ശേഖരിച്ച വിവരങ്ങള്‍ ഉണ്ട് ബോയ് യില്‍. അതുകൊണ്ട് തന്നെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമമാണ് നടക്കുന്നത്. ബോയ് ഇപ്പോള്‍ കടലിലൂടെ ഒഴുകി കാസര്‍കോട് ഭാഗത്ത് എത്തിയിരിക്കാമെന്നാണ് നിഗമനം. മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ വേവ് റൈഡര്‍ ബോയ് കണ്ടെത്തനാകുമെന്നാണ് പ്രതീക്ഷ.
വേവ് റൈഡര്‍ ബോയ് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നാണ് അഭ്യര്‍ത്ഥന. കര്‍ണാടക കടലിലും പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
എന്താണ് വേവ് റൈഡര്‍ ബോയ്
സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തിരിച്ചറിയുന്നതിനും സുനാമി, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായി കടല്‍പ്പരപ്പില്‍ സ്ഥാപിക്കുന്ന ഉപകരണമാണ് വേവ് റൈഡര്‍ ബോയ് (wave rider buoy). കാലാവസ്ഥാ വ്യതിയാനങ്ങള്‍, കാറ്റിന്റെ ഗതി, വേഗം തുടങ്ങിയവ കണ്ടെത്തുന്നതിനായി സെന്‍സറുകളും, ഇതിനാവശ്യമായ ഊര്‍ജ്ജത്തിനായി സോളാര്‍ പാനലുകളും അടങ്ങിയതാണ് ഡേറ്റാ ബോയ് എന്ന് വിളിക്കപ്പെടുന്ന വേവ് റൈഡര്‍ ബോയ്.
ഇതില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇലക്ട്രോണിക് സിഗ്നലുകളായി കേന്ദ്ര ഭൗമശാസ്ത്ര നിരീക്ഷണകേന്ദ്രത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. കടല്‍പ്പരപ്പിന് മുകളില്‍ ഒഴുകിനടക്കുന്ന രീതിയിലാണ് ഇവ കാണപ്പെടുക. നഷ്ടപ്പെടാതിരിക്കുന്നതിനായി ചങ്ങലയോ നൈലോണ്‍ കയറുകളോ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടുമായി ബന്ധിപ്പിക്കാറുണ്ട്. കോടികള്‍ വിലയുണ്ട് ഈ ഉപകരണത്തിന്.