Sea forest : ‘ഗ്രേറ്റ് ആഫ്രിക്കൻ സീ ഫോറസ്റ്റ്’: കടലിലെ കാനന സൗന്ദര്യം

By Asianet Malayalam  |  First Published May 5, 2022, 8:07 AM IST

വനം, കടൽ, ആകാശം.. ഇവയെല്ലാം സഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇടങ്ങളാണ്. എന്നാൽ കടൽ വനങ്ങൾ എന്ന് കേട്ടിട്ടുണ്ടോ..? - പ്രിന്‍സ് പാങ്ങാടന്‍ എഴുതുന്നു


ചിലെയിലെ ടിയറ ഡെൽ ഫ്യൂഗോയിൽ 1834 ജൂൺ 1ന് നടത്തിയ ഒരു പ്രഭാഷണത്തിൽ വിഖ്യാത നരവംശ ശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ ഇങ്ങനെ പറഞ്ഞു...

“എനിക്ക് ഈ മഹത്തായ കടൽ വനങ്ങളെ അന്തർ-ഉഷ്ണമേമേഖലയിലെ ഭൂപ്രദേശങ്ങളുമായി മാത്രമേ താരതമ്യം ചെയ്യാൻ കഴിയൂ. എങ്കിലും, ഏതെങ്കിലും രാജ്യത്ത് ഒരു വനം നശിപ്പിക്കപ്പെട്ടാൽ, അതിന്‍റെ  നാശം കൊണ്ട് ഇവിടെയുണ്ടാകുന്ന അത്രയും ഇനം മൃഗങ്ങൾ നശിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല”

Latest Videos

undefined

വനം, കടൽ, ആകാശം.. ഇവയെല്ലാം സഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇടങ്ങളാണ്. എന്നാൽ കടൽ വനങ്ങൾ എന്ന് കേട്ടിട്ടുണ്ടോ..? അങ്ങനെയൊന്ന് ഭൂമിയിലുണ്ട്.പേര് സൂചിപ്പിക്കും പോലെ തന്നെയാണ് ഇവയുടെ സ്വഭാവവും.വലിയ വനം,കരയിലെ വനം പോലെ ഇടതൂർന്ന് വളരുന്ന കടലിലെ വനം. കെൽപ്പ്, കടൽപ്പായൽ, കടൽപ്പുല്ല്, ചുവന്ന ആൽഗകൾ, ഫൈറ്റോപ്ലാങ്ക്ടൺ, പവിഴങ്ങൾ, ആൽഗകൾ എന്നിവയാണ് കടൽ വനങ്ങളിൽ കാണപ്പെടുന്നവ.

ഈ പ്രതിഭാസത്തെപ്പറ്റിയാണ് സാക്ഷാൽ ചാൾസ് ഡാർവിൻ ഏതാണ്ട് ഇരുനൂറ് വർഷം മുൻപ് പറഞ്ഞത് ഇപ്പോഴും ഈ കടൽ വനങ്ങൾ സഞ്ചാരികൾക്കും സമുദ്രഗവേഷകർക്കും ഒരേ പോലെ അത്ഭുകരമാണ്. ലോകത്ത് ഏറ്റവും വലിയ കടൽ വനം കണ്ടെത്തിയിട്ടുള്ളത് ദക്ഷിണാഫ്രിക്കൻ തീരത്താണ്.

കേപ്ടൗൺ തീരത്ത് നിന്ന് ആരംഭിച്ച് നമീബിമ വരെയുള്ള ആയിരം കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ഈ ‘ഗ്രേറ്റ് ആഫ്രിക്കൻ സീ ഫോറസ്റ്റ്’ ഭൂമിയിലെ തന്നെ അത്ഭുതമാണ്.സന്പന്നമായ ജൈവ പരിസ്ഥിതിയും ജൈവ വൈവിദ്ധ്യവുമാണ് ഈ കടൽ വനങ്ങളുടെ പ്രത്യേകത.അതി ഭീമാകാരമായ ആവാസ വ്യവസ്ഥയും കൂടിയാണ് ഈ കടൽ വനങ്ങൾ.സാധാരണ കടൽ വനങ്ങൾ പലപ്പോഴും വലിപ്പം കുറയുകയോ, പലപ്പോഴും അപ്രത്യക്ഷമാവുകയോ ചെയ്യുന്നവയാണ്.എന്നാൽ ഈ ഗ്രേറ്റ് ആഫ്രിക്കൻ സീ ഫോറസ്റ്റ് തുടർച്ചയായി വളരുന്നുവെന്നാണ് ഗവേഷകരുടെ പഠനം.അതുകൊണ്ട് തന്നെ ഇവയിലെ ആവാസ വ്യവസ്ഥയെപ്പറ്റിയും ജീവിവർഗ്ഗങ്ങളെപ്പറ്റിയും ഇപ്പോഴും സമുദ്ര ഗവേഷക ലോകത്തിന് അത്രയൊന്നും അറിയില്ല.ദിവസേനയെന്നോണം പുതിയ ജീവികളെയോ ജീവി വർഗ്ഗത്തെയോ ഇവിടെ കണ്ടെത്തുന്നുവെന്നതാണ് സത്യം.

കടൽ വനങ്ങൾ എന്തുകൊണ്ട് പ്രധാനപ്പെട്ടതാണ് ?

ജലത്തിൽ നിന്നാണ് ജീവി വർഗ്ഗത്തിന്‍റെ ഉത്ഭവമെന്ന സിദ്ധാന്തം മുൻനിർത്തിയാൽ ഇത്രയധികം ജൈവ സന്പന്നമായ ഒരു സ്ഥലത്തിന്‍റെ പ്രാധാന്യം നമുക്ക് ഊഹാക്കാവുന്നതല്ലേയുള്ളൂ.മനുഷ്യന്‍റെ ജീവപരിണാമവുമായി ബന്ധപ്പെട്ട പഠനങ്ങളിലും കടൽ വനങ്ങൾ ഏറെ പ്രധാനപ്പെട്ട ഇടമാണ്.മനുഷ്യ വർഗ്ഗത്തിന്‍റെ ഉത്ഭവത്തിന്‍റെ ഇടമെന്നാണ് ഇവയെ ശാസ്ത്രലോകം കണക്കാക്കുന്നത്.

ഇവിടെ കണ്ടെത്തിയിട്ടുള്ള പല ജീവികളും ഇവിടെ മാത്രം കാണുന്നവയാണ്.ഈ കടൽ വനങ്ങൾ വിട്ട് മറ്റൊരു ആവാസ വ്യവസ്ഥയിലും ഇവയ്ക്ക് നിലനിൽപ്പില്ല.അതുകൊണ്ട് തന്നെ ഇവ പ്രൈമറി ആവാസ വ്യവസ്ഥയാണ്.

സമുദ്രത്തിന്‍റെ പുനരുജ്ജീവനത്തിന് ഏറെ സഹായകരമാണ് ഈ കടൽ വനങ്ങളെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.സമുദ്രത്തിലെ അമ്ലാവസ്ഥ കുറയ്ക്കാനും കടൽ വനങ്ങൾ സഹായിക്കുന്നുണ്ട്. വെള്ളത്തിലെ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കുറയ്ക്കുന്നവയുമാണ് ഈ സുന്ദരൻ വനങ്ങൾ.മാത്രവുമല്ല കരയിലെ കണ്ടൽ കാടുകളോടും പുൽമേടുകളോടും താരതമ്യപ്പെടുത്താവുന്നവയുമാണ് ഇവ.

തീരത്തിന്‍റെ സംരക്ഷണത്തിനും കടൽ വനങ്ങൾ കാരണമാകുന്നുണ്ട്.ഉയർന്ന തിരമാലകളെ തടയുകയും തീരപ്രദേശത്തെ കൊടുങ്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നതിൽ കടൽ വനങ്ങൾക്ക് വലിയ പങ്കുണ്ട്.തീരശോഷണം കുറയ്ക്കുന്നതിനും കടൽവനങ്ങൾ കാരണമാകുന്നു.അങ്ങനെ നോക്കുന്പോൾ കാലാവസ്ഥാ നിർണയത്തിലും കടൽ വനങ്ങൾ തങ്ങളുടേതായ പങ്ക് വഹിക്കുന്നുണ്ട്.

ലോകത്ത് അന്‍റാർ‍ട്ടിക ഒഴികെ തീരത്തോട് ചേർന്ന 25 % സ്ഥലത്തും കടൽ വനങ്ങളുടെ സാന്നിധ്യമുണ്ട്. അത്രയേറെ മൂല്യമുള്ള ഒരിടമാണ് കടൽ വനങ്ങൾ എന്നർത്ഥം.
 

click me!