സുനിത വില്യംസ് നേത്ര പരിശോധനകള്‍ക്ക് വിധേയയായി; മുന്‍ ചരിത്രം ആശങ്കകളുടേത്

By Web TeamFirst Published Sep 13, 2024, 2:36 PM IST
Highlights

ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ബഹിരാകാശ ദൗത്യങ്ങള്‍ സഞ്ചാരികള്‍ക്ക് കാഴ്‌ചാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്

കാലിഫോര്‍ണിയ: ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഭൂമിയിലേക്ക് തിരിച്ചുവരാനാകാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും നേത്ര പരിശോധനകള്‍ക്ക് വിധേയരായതായി ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്. ഐഎസ്എസിലെ യാത്രികരുടെ ആരോഗ്യ നിരീക്ഷണങ്ങളുടെ ഭാഗമായാണ് ഇരുവരുടെയും പരിശോധന നടന്നത്. ഭൂമിയിലിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് തല്‍സമയം നിരീക്ഷിക്കാനാവുന്ന തരത്തിലായിരുന്നു പരിശോധനകള്‍. 

ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ബഹിരാകാശ ദൗത്യങ്ങള്‍ സഞ്ചാരികള്‍ക്ക് കാഴ്‌ചാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ സുനിതയെയും ബുച്ചിനെയും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നുണ്ട്. ഇത്തരം കാഴ്‌ച്ചാപ്രശ്‌നങ്ങള്‍ മുമ്പ് ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളവരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേത്ര പരിശോധനയ്ക്ക് പുറമെ ഐഎസ്എസിലുള്ള യാത്രികരുടെ എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യം ഉള്‍പ്പടെയുള്ളവയും കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ദിനേനയുള്ള ആരോഗ്യ പരിശോധനകള്‍ക്കും വ്യായാമത്തിനും പുറമെ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ വിവിധ ശാസ്ത്രീയ പഠനങ്ങളിലും ഗവേഷണങ്ങളിലും സുനിത വില്യംസും ബുച്ച് വില്‍മോറും പങ്കെടുക്കുന്നുണ്ട്. 

Latest Videos

2024 ജൂണ്‍ അഞ്ചിന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ച് വെറും എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍‌ലൈനര്‍ പേടകം കുതിച്ചത്. 'ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്' എന്നായിരുന്നു ഈ ദൗത്യത്തിന്‍റെ പേര്. നാസയും സ്വകാര്യ കമ്പനിയായ ബോയിംഗും സഹകരിച്ചുള്ള കന്നി ബഹിരാകാശ യാത്രയായിരുന്നു ഇത്. വിക്ഷേപണ ശേഷം പേടകത്തിന്‍റെ സർവ്വീസ് മൊഡ്യൂളിലെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ച ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി. ബഹിരാകാശ യാത്രികരുടെ മടക്കയാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസത്തെ ദൗത്യം മാസങ്ങൾ നീണ്ടു. ഒടുവില്‍ യാത്രികരില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകത്തെ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരികയും സുനിതയുടെയും ബുച്ചിന്‍റെയും മടക്കയാത്ര 2025 ഫെബ്രുവരിയിലേക്ക് നാസ നീട്ടുകയും ചെയ്തു. 

സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകത്തിലാണ് 2025 ഫെബ്രുവരിയില്‍ സുനിത വില്യസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങുക. ഇരുവരുമില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സെപെയ്സ് ഹാര്‍ബറില്‍ 2024 സെപ്റ്റംബര്‍ ഏഴാം തിയതി രാവിലെ 9:37ഓടെ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തിരുന്നു. എങ്കിലും അപകട സാധ്യതയുണ്ടായിരുന്നതിനാല്‍ ഇരുവരുടെയും യാത്ര നീട്ടിയ തീരുമാനം ഉചിതമായിരുന്നുവെന്നാണ് നാസയുടെ പക്ഷം. 

Read more: ബഹിരാകാശത്ത് നിന്ന് സുനിത വില്യംസ് സാക്ഷി; സ്റ്റാ‍ർലൈനർ പേടകം ഭൂമിയിൽ ഇറങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!