1948 ല്‍ മരിച്ച മിസ്റ്റര്‍. എസ്; ആരാണ് അയാള്‍?; ചുരുളഴിയാത്ത രഹസ്യത്തിന്‍റെ പടിവാതില്‍ക്കല്‍ ശാസ്ത്രജ്ഞര്‍

By Web Team  |  First Published Jun 2, 2021, 8:38 AM IST

ഓസ്‌ട്രേലിയന്‍ കടല്‍ത്തീരത്ത് സ്മാര്‍ട്ട് ബ്രൗണ്‍ സ്യൂട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രഹസ്യത്തിന് 70 വര്‍ഷത്തെ പഴക്കമുണ്ട്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഇന്നും ആര്‍ക്കുമറിയില്ല. പകുതി വലിച്ച ഒരു സിഗരറ്റ് അദ്ദേഹത്തിന്റെ കൈകളില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. ഒരു അപസര്‍പ്പക കഥ പോലെയായിരുന്നു അത്. 


1948-ലാണ് സംഭവം. സോമര്‍ട്ടണ്‍ സ്വദേശിയായ ഒരാളെ ഓസ്‌ട്രേലിയന്‍ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടും സ്യൂട്ടും ധരിച്ച് കൈയിലൊരു സിഗരറ്റും പിടിച്ചായിരുന്നു അയാളുടെ കിടപ്പ്. ആരാണ് അയാള്‍, എങ്ങനെയാണ് അയാള്‍ മരിച്ചത് എന്നിങ്ങനെയുള്ള അന്വേഷണം ഏറെക്കാലത്തോളം മുന്നോട്ടു പോയി. പക്ഷേ, ഒരു തുമ്പും കിട്ടിയില്ല. അന്നു തൊട്ട് ഇന്നു വരെ ശാസ്ത്രജ്ഞരടക്കം വലിയൊരു കൂട്ടം അന്വേഷകര്‍ ഇതിനു പിന്നാലെയായിരുന്നു. തിരിച്ചറിയപ്പെടാതെ പോയ മനുഷ്യനു പിന്നിലെ ദുരൂഹതയാണ് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പലരെയും പ്രേരിപ്പിച്ചത്. അന്വേഷണത്തിന് നേതൃത്വം വഹിച്ചവര്‍ പലരും ഇന്നു ജീവനോടയില്ല, പക്ഷേ കേസ് മാത്രം നിലനില്‍ക്കുന്നു. ഇത്തരമൊരു അന്വേഷണം ലോകചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമാണ്. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ ഈ രഹസ്യം പരിഹരിക്കുന്നതിന് തൊടുത്താണെന്നു പറയുന്നു.

ഓസ്‌ട്രേലിയന്‍ കടല്‍ത്തീരത്ത് സ്മാര്‍ട്ട് ബ്രൗണ്‍ സ്യൂട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രഹസ്യത്തിന് 70 വര്‍ഷത്തെ പഴക്കമുണ്ട്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഇന്നും ആര്‍ക്കുമറിയില്ല. പകുതി വലിച്ച ഒരു സിഗരറ്റ് അദ്ദേഹത്തിന്റെ കൈകളില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. ഒരു അപസര്‍പ്പക കഥ പോലെയായിരുന്നു അത്. 

Latest Videos

undefined

അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡെറക് അബോട്ട് 1995ല്‍ സോമര്‍ട്ടണിലെ ഈ മനുഷ്യനെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ ജഡാവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതിനായി നിരവധി വര്‍ഷങ്ങളായി ശ്രമിക്കുകയും ചെയ്തു. അങ്ങനെ ശാസ്ത്രജ്ഞര്‍ക്ക് അദ്ദേഹത്തിന്റെ ഐഡന്റിറ്റി നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ വിശകലനം ചെയ്യാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്തായാലും അതിനു തീരുമാനമുണ്ടായി. 1949 ല്‍ ഈ സോമര്‍ട്ടണ്‍ മനുഷ്യനെ 'അജ്ഞാത മനുഷ്യന്‍' എന്ന് അടയാളപ്പെടുത്തിയ ഒരു സ്മാരകഫലകത്തിന് കീഴില്‍ അടക്കം ചെയ്തിടത്തു നിന്നും പുറത്തെടുത്തു. സൗത്ത് ഓസ്‌ട്രേലിയ പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് ഡെസ് ബ്രേ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെ, ഓസ്‌ട്രേലിയയിലെ ഏറ്റവും കൗതുകകരമായ കേസുകളിലൊന്നില്‍ ഫലം കാണാതെ ഫയല്‍ അടയ്ക്കുന്നതിനേക്കാള്‍ എന്തു കൊണ്ടും നല്ലതാണ് അന്വേഷണം പുനരാരംഭിക്കുന്നു എന്ന കാര്യം.

'സോമര്‍ട്ടണ്‍ മനുഷ്യന്‍ കേവലം ഒരു കൗതുകമോ പരിഹരിക്കപ്പെടേണ്ട ഒരു രഹസ്യമോ അല്ല. ഇത് ആരുടെയെങ്കിലും അച്ഛനോ, മകനോ, ഒരുപക്ഷേ മുത്തച്ഛനോ, അമ്മാവനോ അല്ലെങ്കില്‍ സഹോദരനോ ആവാം. അതുകൊണ്ടാണ് ഇത് തിരിച്ചറിയാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നത്.' ബ്രേ പറഞ്ഞു. 'അഡ്‌ലെയ്ഡില്‍ താമസിക്കുന്നവര്‍ക്ക് ഇദ്ദേഹത്തെ അറിയാമെന്ന് ഞങ്ങള്‍ക്കറിയാം, അവര്‍ ബന്ധപ്പെട്ടിരിക്കാമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, പക്ഷേ ഒരു തെളിവും ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.' അദ്ദേഹം പറഞ്ഞു. 

ആ ആളുകളില്‍ പ്രൊഫ. അബോട്ടിന്റെ ഭാര്യ റേച്ചല്‍ ഈഗന്‍ ഉള്‍പ്പെടുന്നു. അവള്‍ സോമര്‍ട്ടണിലെ ഈ പുരുഷന്റെ ചെറുമകളായിരിക്കാമെന്ന് കരുതുന്നു. അതിനും ഉറപ്പില്ല. മരണത്തെക്കുറിച്ചും ഡിഎന്‍എയെക്കുറിച്ചും സംസാരിക്കുന്ന ഒരൊറ്റ അത്താഴത്തിന് ശേഷം പ്രൊഫ. അബോട്ട്, അജ്ഞാതമനുഷ്യന്റെ ചെറുമകള്‍ എന്നു കരുതുന്ന റേച്ചലിനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അവര്‍ക്ക് ഇപ്പോള്‍ മൂന്ന് കുട്ടികളുണ്ട്, 8 വയസ്സുള്ള ഒരു പെണ്‍കുട്ടിയും 6 വയസ്സുള്ള ഇരട്ടകളും. അതു കൊണ്ട് തന്നെ അവരെല്ലാം മിസ്റ്റര്‍ എസിന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി കണ്ടെത്താന്‍ കാത്തിരിക്കുകയാണ്.

'ഞങ്ങളില്‍ ഒരാളുമായി അദ്ദേഹം ബന്ധപ്പെട്ടാലും ഇല്ലെങ്കിലും, അദ്ദേഹത്തെ ഞങ്ങള്‍ ദത്തെടുത്തു, കാരണം അവനാണ് ഞങ്ങളെ ഒരുമിച്ച് ചേര്‍ത്തത് ആ അജ്ഞാതമനുഷ്യനാണ്,' അബോട്ട് പറഞ്ഞു. 'അദ്ദേഹത്തിന്റെ മരണകാരണം ഇപ്പോള്‍ താല്‍പ്പര്യമുള്ള കാര്യമല്ലായിരിക്കാം. അത് ആരായിരുന്നു, നമുക്ക് അവന്റെ പേര് തിരികെ നല്‍കാമോ?' ഈ ചോദ്യത്തിനുള്ള ഉത്തരത്തിനു വേണ്ടിയാണ് ഇപ്പോള്‍ പലരും കാത്തിരിക്കുന്നത്.

1948 ഡിസംബര്‍ 1 ന് അഡ്‌ലെയ്ഡിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സോമര്‍ട്ടണ്‍ ബീച്ചിലെ കടല്‍ത്തീരത്ത് മണലില്‍ തലയും തോളും ഉയര്‍ത്തിപ്പിടിച്ച നിലയില്‍ മരിച്ച നിലയിലാണ് ഈ അജ്ഞാതനെ കണ്ടെത്തുന്നത്. ശരീരത്തിന്റെ പരിശോധനയില്‍ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. അക്രമത്തിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല, അദ്ദേഹത്തിന്റെ വസ്ത്രത്തിലെ മിക്കവാറും എല്ലാ ലേബലുകളും മുറിച്ചുമാറ്റപ്പെട്ടിരുന്നു, ഒരു തെളിവും എവിടെയും അവശേഷിപ്പിച്ചിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലും മരണകാരണം നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞില്ല, എന്നാല്‍ ഇത് സ്വാഭാവികമല്ലെന്ന് മൂന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി. അദ്ദേഹം വളരെ അപൂര്‍വമായ ഒരു വിഷം കഴിച്ചിരിക്കാമെന്ന് ഡിറ്റക്ടീവുകള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷം ഒന്നും കണ്ടെത്തിയില്ല.

'മരണത്തിന്റെ പെട്ടെന്നുള്ള കാരണം ഹൃദയസ്തംഭനമാണെന്ന് ഞാന്‍ കരുതുന്നു, പക്ഷേ ഹൃദയസ്തംഭനത്തിന് കാരണമായ ഘടകം എന്താണെന്ന് എനിക്ക് പറയാനാവില്ല,' ശരീരത്തില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ പരിശോധിച്ച സര്‍ക്കാര്‍ കെമിക്കല്‍ അനലിസ്റ്റ് റോബര്‍ട്ട് കോവന്‍ പറഞ്ഞു. 40 മുതല്‍ 50 വയസ്സ് വരെ, 5 അടി, 11 ഇഞ്ച് ഉയരത്തില്‍, ചാരനിറത്തിലുള്ള നീല നിറമുള്ള കണ്ണുകളും, വശങ്ങളില്‍ നരച്ചുകൊണ്ടിരുന്ന തവിട്ട് നിറമുള്ള മുടിയുമുള്ള സോമര്‍ട്ടണ്‍ മനുഷ്യന്‍ നന്നായി തന്റെ ശരീരം പാലിച്ചിരുന്നുവെന്നു പാത്തോളജിസ്റ്റ് ജോണ്‍ ക്ലെലാന്റ് പറഞ്ഞു. അയാള്‍ ഒരു പക്ഷേ നര്‍ത്തകനായിരുന്നിരിക്കാം. അല്ലെങ്കില്‍ ഒരു ബ്ലാക്ക് മാര്‍ക്കറ്റ് വ്യാപാരി, ഒരു നാവികന്‍ അല്ലെങ്കില്‍ ഒരു ചാരന്‍ ആയിരിക്കാം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. 'അയാളൊരു യൂറോപ്യനെ പോലെയായിരുന്നു, അദ്ദേഹം ഒരു ബ്രിട്ടീഷുകാരനെപ്പോലെയാണെന്ന് ഞാന്‍ പറയും,' ക്ലെലാന്റ് വിചാരണയില്‍ പറഞ്ഞു. 'അദ്ദേഹത്തിന്റെ തലമുടി മുന്നില്‍ നിന്ന് പിന്നിലേക്ക് വീണു കിടക്കുന്ന നിലയിലായിരുന്നു. അതില്‍ ഒരു ഭാഗത്ത് മുടി ഉണ്ടായിരുന്നില്ല.' അദ്ദേഹം ബ്രിട്ടീഷുകാരനായിരുന്നിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ കോട്ട് വ്യക്തമായും അമേരിക്കക്കാരുടേതു പോലെയായിരുന്നുവെന്ന് വസ്ത്രങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ട ഒരു തയ്യല്‍ക്കാരന്റെ വെളിപ്പെടുത്തി. 'അദ്ദേഹം ഒന്നുകില്‍ അമേരിക്കയിലായിരുന്നു അല്ലെങ്കില്‍ അവിടെ ഉണ്ടായിരുന്ന ഒരാളുടെ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നു,' ഡിറ്റക്ടീവ് റെയ്മണ്ട് ലീന്‍ പറഞ്ഞു. എന്നാല്‍ അത്തരം വസ്ത്രങ്ങള്‍ ഓസ്‌ട്രേലിയ അക്കാലത്ത് ഇറക്കുമതി ചെയ്തിരുന്നില്ലെന്ന് പിന്നീട് കണ്ടെത്തി.

'അജ്ഞാതനായ ഈ മനുഷ്യന്റെ' കഥ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും വലിയ ചര്‍ച്ചയായി. അദ്ദേഹത്തിന്റെ വിരലടയാളം എല്ലായിടത്തും പരിശോധിച്ചു. ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും ആഫ്രിക്കയിലെയും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള സ്ഥലങ്ങളിലേക്ക് ഫോട്ടോ അയച്ചു. 1949 ജനുവരിയില്‍ എഫ്ബിഐ ഡയറക്ടര്‍ ജോണ്‍ എഡ്ഗര്‍ ഹൂവര്‍ ഒപ്പിട്ട ഒരു കത്തില്‍, യുഎസിന്റെ ഫയലുകളില്‍ ഈ അജ്ഞാതന്റെ വിരലടയാളവുമായി പൊരുത്തപ്പെടുന്ന യാതൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ നിന്നും മൃതദേഹം വിട്ടുകിട്ടാനായി അതിന്റെ അവകാശം ഉന്നയിച്ച് നിരവധി ആളുകള്‍ മുന്നോട്ട് വന്നെങ്കിലും അവരുടെ കഥകളൊന്നും സൂക്ഷ്മപരിശോധനയില്‍ ഫലം കണ്ടില്ല.

'മക്ലീന്‍' എന്ന പേരില്‍ ഒരു പൈപ്പ് ഉപയോഗിച്ച് പുകവലിക്കുന്ന തൊഴിലാളിയാണ് ഇയാളെന്ന് ഒരാള്‍ അവകാശപ്പെട്ടു. എന്നാല്‍ അയാളുടെ കൈകള്‍ ഒരു തൊഴിലാളിയുടേതു പോലെ തഴമ്പുകള്‍ ഉണ്ടായിരുന്നില്ല. അത് മിനുസമാര്‍ന്നതാണെന്ന് പോലീസ് പറഞ്ഞു, കൂടാതെ അദ്ദേഹം ഇതുവരെ ഒരു പൈപ്പ് ഉപയോഗിച്ച് പുകവലിച്ചതായി തെളിവുകളില്ല. അയാളെ തിരിച്ചറിയാന്‍ പോലീസിന് കൂടുതല്‍ സമയം നല്‍കാനായി അയാളുടെ ശരീരം എംബാം ചെയ്തു. 1949 ജൂണില്‍ ഡിറ്റക്ടീവുകള്‍ മൃതദേഹം സംസ്‌കരിക്കുന്നതിനായി വിട്ടയച്ചു. സോമര്‍ട്ടണ്‍ മനുഷ്യനെ സംസ്‌കരിക്കുന്നതിന് മുമ്പ്, അന്വേഷണത്തില്‍ പല സൂചനകളും ലഭിച്ചിരുന്നു. മരിക്കുന്നതിന്റെ തലേദിവസം അഡ്‌ലെയ്ഡ് റെയില്‍വേ സ്‌റ്റേഷനിലേക്ക് ട്രെയിന്‍ കയറിയതായി സൂചിപ്പിക്കുന്ന ടിക്കറ്റുകള്‍ അദ്ദേഹത്തിന്റെ കോട്ടില്‍ നിന്നും കണ്ടെത്തി. ഈ അന്വേഷണത്തില്‍ സോമര്‍ട്ടണ്‍ ബീച്ചിനടുത്തുള്ള ഹെന്‍ലി ബീച്ചിലേക്ക് അദ്ദേഹം ഒരു ട്രെയിന്‍ ടിക്കറ്റ് വാങ്ങിയതായി കണ്ടു, പക്ഷേ അത് ഉപയോഗിച്ചില്ല, പകരം ബസ്സില്‍ കടല്‍ത്തീരത്തേക്ക് പോയി. ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്ന് ഇയാളുടെ സ്യൂട്ട്‌കേസ് പോലീസ് പിന്നീട് കണ്ടെത്തി. അതില്‍ ട്രൗസറുകള്‍ തുന്നാന്‍ ഉപയോഗിക്കുന്ന ഓറഞ്ച് നിറത്തിലുള്ള നൂല്‍ ഉണ്ടായിരുന്നു. അതൊഴികെ ബാഗിലുള്ള ഒന്നും അവര്‍ക്ക് ഒരു തെളിവും നല്‍കിയില്ല. 

പിന്നെ, ആ വര്‍ഷം ഏപ്രിലില്‍ കേസില്‍ വലിയൊരു വഴിത്തിരിവ് വന്നു. പാത്തോളജിസ്റ്റായ ക്ലെലാന്റ് ഈ വസ്ത്രങ്ങള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ 'അവസാനം' അല്ലെങ്കില്‍ 'പൂര്‍ത്തിയായി' എന്നര്‍ത്ഥം വരുന്ന 'തമം ഷുഡ്' എന്ന വാക്കുകള്‍ ഉപയോഗിച്ച് അച്ചടിച്ച ഒരു കടലാസ് കഷണം പോക്കറ്റില്‍ മറഞ്ഞിരിക്കുന്നതായി കണ്ടെത്തി. പതിനൊന്നാം നൂറ്റാണ്ടില്‍ ഇറാനിയന്‍ കവി ഒമര്‍ ഖയ്യാം എഴുതിയ 'ദി റുബയാത്ത്' എന്ന കവിത പുസ്തകത്തില്‍ നിന്ന് കീറിയെടുത്ത നിലയിലായിരുന്നു ഇത്. പക്ഷേ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാന്‍ അതു പോരായിരുന്നു. ഈ മനുഷ്യന്റെ മരണത്തിന് തലേദിവസം നവംബര്‍ 30 ന് കാറില്‍ ബീച്ചില്‍ കൊണ്ടു വിട്ടതായി പേരിടാത്ത ഒരാള്‍ പറഞ്ഞു. പോലീസിന് നല്‍കാന്‍ കൂടുതല്‍ വിവരങ്ങളൊന്നും അയാളുടെ പക്കലുമുണ്ടായിരുന്നുമില്ല.

ഡിറ്റക്ടീവ് ലിയോനാര്‍ഡ് ബ്രൗണ്‍ വിശദീകരിച്ചു: 'ഒമര്‍ ഖയ്യാമിന്റെ കവിത അര്‍ത്ഥമാക്കുന്നത് ഈ ലോകത്തുള്ളതെല്ലാം നമുക്ക് ആസ്വദിക്കാനുള്ളതാണെന്നാണ്. മറ്റ് ലോകത്ത് എന്താണുള്ളതെന്ന് നമുക്കറിയില്ല, ഈ ഭൂമിയിലായിരിക്കുമ്പോള്‍ നാം ജീവിതം ആസ്വദിക്കണം. പൂര്‍ണ്ണമായും, തങ്ങള്‍ കടന്നുപോകേണ്ട സമയം വരെയും. യാതൊരു പശ്ചാത്താപവുമില്ലാതെ ജീവിതം ആസ്വദിച്ചു കടന്നുപോകുക.' ആത്മഹത്യാപരമായ ഉദ്ദേശ്യത്തോടെയാണ് ഈ മനുഷ്യന്‍ വിഷം കഴിച്ചതെന്ന നിഗമനത്തെ ഈ വാക്കുകള്‍ പിന്തുണച്ചതായി ക്ലെലാന്റ് പറഞ്ഞു.

കീറിയെടുത്ത പേജുകള്‍ നിറഞ്ഞ പുസ്തകം പിന്നീട് കണ്ടെത്തി. അതിലെ പുസ്തകത്തിനുള്ളില്‍ രണ്ട് പ്രധാന സൂചനകള്‍ ഉണ്ടായിരുന്നു. ആദ്യത്തേത് അതിന്റെ പുറംചട്ടയിലെഴുതിയ ഫോണ്‍ നമ്പറായിരുന്നു, അടുത്തുള്ള അഡ്‌ലെയ്ഡ് നഗരപ്രാന്തമായ ഗ്ലെനെല്‍ഗില്‍ താമസിക്കുന്ന ഒരു സ്ത്രീയെ ഇതുമായി ബന്ധപ്പെട്ടു പോലീസ് കണ്ടെത്തി. ഫോണ്‍ നമ്പറിനടുത്ത് ഒരു കോഡ് ഉണ്ടായിരുന്നു, അത് പതിറ്റാണ്ടുകള്‍ക്ക് ശേഷം 2009 ല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഒരു രഹസ്യ യുദ്ധകാല കോഡായിരിക്കാമെന്ന് കണ്ടെത്തി. ഈ മനുഷ്യന്‍ ഒരു ചാരനാണെന്ന് സിദ്ധാന്തം ഉയര്‍ന്നുവന്നത് അങ്ങനെയായിരുന്നു. എങ്കിലും, അവരുടെ അന്വേഷണം എങ്ങുമെത്തിയില്ല. അബോട്ടും വിദ്യാര്‍ത്ഥികളും കത്തുകള്‍ വിശകലനം ചെയ്യുകയും യുദ്ധകാല കോഡിലൊരിടത്തും സങ്കീര്‍ണ്ണതയില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ഇംഗ്ലീഷ് പദങ്ങളുടെ ഒരു പരമ്പരയിലെ ആദ്യ അക്ഷരങ്ങളാകാം ഇതെന്ന് അവര്‍ ഊഹിച്ചു. ഉദാഹരണത്തിന്, ഈ മനുഷ്യന്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ പട്ടിക, അല്ലെങ്കില്‍ അദ്ദേഹം പന്തയം വെച്ച കുതിരകള്‍, അബോട്ട് പറഞ്ഞു. 

പോലീസിനെപ്പോലെ അബോട്ടും ഫോണ്‍ നമ്പറിന്റെ ഉടമസ്ഥതയിലുള്ള സ്ത്രീയെ കണ്ടെത്തി. ഇവരുടെ പേര് ജോ തോംസണ്‍ എന്നായിരുന്നു. പിന്നീട് അവരും മരിച്ചു. ഓസ്‌ട്രേലിയന്‍ ബാലെ കമ്പനിയിലെ നര്‍ത്തകിയായിരുന്നു ഇവര്‍. ഇവരുടെ ഭര്‍ത്താവ് റോബിന്‍ തോംസണെ അബോട്ട് കണ്ടെത്തിയെങ്കിലും വൈകാതെ അദ്ദേഹവും മരിച്ചു. ഇവരുമായാണ് ഈ അജ്ഞാത മനുഷ്യന് എന്തെങ്കിലും ബന്ധമുള്ളതെന്ന് ഒടുവില്‍ അബോട്ട് കണ്ടെത്തി. അദ്ദേഹം തുടര്‍ന്നും അന്വേഷണം നടത്തി. ആ അന്വേഷണമാണ് തോംസണിന്റെ മകളായ റേച്ചല്‍ ഈഗനിലെത്തിയും അവരെ അബോട്ട് വിവാഹം ചെയ്തതും. 

ഈഗന്, ഈ അജ്ഞാത പുരുഷനുമായുള്ള അവളുടെ ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു. എന്നാല്‍ ഈ മനുഷ്യന്‍ റോബിന്റെ പിതാവാണെന്നതാണ് അബോട്ടിന്റെ സിദ്ധാന്തങ്ങളിലൊന്ന്. എന്നാല്‍, ഇയാളുടെ മുടിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ജനിതക വസ്തുക്കളും ഈഗന്റെ ഡിഎന്‍എയുടെ പരിശോധനയും അവ്യക്തമാണ്. ആ ഡിഎന്‍എ പരിശോധനയ്ക്ക് മുമ്പ്, ഇവ രണ്ടും ബന്ധപ്പെട്ടിരിക്കാമെന്ന് ഈഗന്‍ കരുതി. ഇപ്പോള്‍ അവള്‍ക്ക് ഉറപ്പില്ല. അവശിഷ്ടങ്ങള്‍ ഇപ്പോള്‍ അഡ്‌ലെയ്ഡിലെ ഫോറന്‍സിക് സയന്‍സ് ലാബിലാണ്, അവ വിശകലനം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ആ രഹസ്യത്തിലേക്ക് ഇനി അധിക ദൂരമില്ലെന്ന് ഫോറന്‍സിക് സയന്‍സ് എസ്എ ഡയറക്ടര്‍ ലിന്‍സി വില്‍സണ്‍ വെല്‍ഡ് പറഞ്ഞു. എന്നാല്‍ ഓരോ അന്വേഷണവും ദുരൂഹത വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് ചരിത്രം പറയും. ഈ ഡിഎന്‍എ വിശകലനവും തെറ്റായാല്‍ ഈ സിദ്ധാന്തവും പൊളിയും, അപ്പോഴും മുന്നിലൊരു ചോദ്യം മാത്രമുണ്ടാവും. ആരാണ് ഈ മിസ്റ്റര്‍ എസ്?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!