Solar flare : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ റേഡിയോ ബ്ലാക്ക്ഔട്ട്, പിന്നില്‍ സൗരജ്വാല

By Web Team  |  First Published Jan 22, 2022, 8:29 PM IST

എക്സ്-കിരണങ്ങളുടെ ഒരു പള്‍സ് ഭൂമിയുടെ അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തെ ആവരണം ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റും ഷോര്‍ട്ട് വേവ് റേഡിയോ ബ്ലാക്ക്ഔട്ടിന് കാരണമായതായാണ് റിപ്പോര്‍ട്ട്.


സൂര്യന്‍ വ്യാഴാഴ്ച ഒരു വലിയ ജ്വാല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്. സണ്‍സ്‌പോട്ട് AR2929 പൊട്ടിത്തെറിക്കുകയും അതിശക്തമായ M5.5-ക്ലാസ് സൗരജ്വാല ഉത്പാദിപ്പിച്ചെന്നുമാണ് സൂചന. ഇത് നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി തീവ്രമായ അള്‍ട്രാവയലറ്റ് ഫ്‌ലാഷില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്പേസ്വെതര്‍ ഡോട്ട് കോം പറയുന്നതനുസരിച്ച്, അഗ്‌നിജ്വാലയുടെ സമയത്ത്, എക്സ്-കിരണങ്ങളുടെ ഒരു പള്‍സ് ഭൂമിയുടെ അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തെ ആവരണം ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റും ഷോര്‍ട്ട് വേവ് റേഡിയോ ബ്ലാക്ക്ഔട്ടിന് കാരണമായതായാണ് റിപ്പോര്‍ട്ട്. 'ഏവിയേറ്റര്‍മാര്‍, നാവികര്‍, ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ 30 മെഗാഹെര്‍ട്സില്‍ താഴെയുള്ള ആവൃത്തികളില്‍ അസാധാരണമായ ഫലങ്ങള്‍ കണ്ടിട്ടുണ്ടെന്നും,' അതില്‍ പറയുന്നു.

സൗരജ്വാലകള്‍ സാധാരണയായി സജീവമായ പ്രദേശങ്ങളിലാണ് സംഭവിക്കുന്നത്. അവ സൂര്യനിലെ ശക്തമായ കാന്തികക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ട് അടയാളപ്പെടുത്തുന്നു. സാധാരണയായി സണ്‍സ്പോട്ട് വിവിധ ഗ്രൂപ്പുകളായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഈ കാന്തികക്ഷേത്രങ്ങള്‍ പരിണമിക്കുന്നതോടെ വിവിധ രൂപങ്ങളില്‍ അതിശക്തമായ ഊര്‍ജ്ജം പുറത്തുവിടാന്‍ കഴിയും.

Latest Videos

undefined

എന്താണ് സോളാര്‍ ഫ്‌ലെയര്‍ അഥവാ സൗരജ്വാല?

കാന്തിക മണ്ഡലങ്ങളില്‍ സംഭരിച്ചിരിക്കുന്ന വന്‍തോതിലുള്ള ഊര്‍ജ്ജം പെട്ടെന്ന് പുറത്തുവരുമ്പോള്‍ സംഭവിക്കുന്ന സ്‌ഫോടനമാണിത്. ഇത് സൂര്യന്റെ ഉപരിതലത്തില്‍ പെട്ടെന്നുള്ളതും വേഗതയേറിയതും തീവ്രവുമായ സ്‌ഫോടനം സൃഷ്ടിക്കുന്നു. ഈ സോളാര്‍ ഫ്‌ലെയര്‍ പ്രപഞ്ചത്തിന്റെ നീളത്തിലും വീതിയിലും വികിരണം പുറപ്പെടുവിക്കുകയും സൗരയൂഥത്തിലെ ഗ്രഹങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഈ വികിരണങ്ങളില്‍ റേഡിയോ തരംഗങ്ങള്‍, എക്‌സ്-റേകള്‍, ഗാമാ കിരണങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
സോളാര്‍ ഫ്‌ലെയറിന് മൂന്ന് ഘട്ടങ്ങളുണ്ട്: ആദ്യഘട്ടം, അവിടെ മൃദുവായ എക്‌സ്-റേ ഉദ്വമനം വഴി കാന്തിക ഊര്‍ജ്ജം പുറന്തള്ളുന്നു. പ്രോട്ടോണുകളും ഇലക്ട്രോണുകളും ഒരു ദശലക്ഷം ഇലക്ട്രോണ്‍ വോള്‍ട്ടിന് തുല്യമായ ഊര്‍ജ്ജത്തിലേക്ക് മാറുന്നതാണ് ഇംപള്‍സീവ് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഘട്ടം. മൂന്നാമത്തെ ഘട്ടം എക്‌സ്-റേകളുടെ ക്രമാനുഗതമായ രൂപീകരണവും ക്ഷയവുമാണ്.

വ്യാഴാഴ്ചത്തെ സ്ഫോടനത്തെ ഇടത്തരം വലിപ്പമുള്ള എം ക്ലാസായി തരംതിരിച്ചിട്ടുണ്ട്. ഭൂമിയുടെ ധ്രുവപ്രദേശങ്ങളെ ബാധിക്കുന്ന ഹ്രസ്വമായ റേഡിയോ ബ്ലാക്ക്ഔട്ടുകള്‍ക്ക് അവ കാരണമാകും. ചെറിയ റേഡിയേഷന്‍ കൊടുങ്കാറ്റുകള്‍ക്ക് ഇത് കാരണമാകുമെങ്കിലും ഈ കാന്തിക കൊടുങ്കാറ്റുകളെക്കുറിച്ച് റിപ്പോര്‍ട്ടുകളില്ല.

സ്പേസ്വെതര്‍ ഡോട്ട് കോം അനുസരിച്ച്, ജനുവരി 22-23-24 ന് കൊറോണല്‍ മാസ് എജക്ഷനുകളുടെ ഒരു പരമ്പര ഭൂമിയുടെ കാന്തികക്ഷേത്രത്തിലേക്ക് കടക്കുമെന്നതിനാല്‍ ജിയോമാഗ്‌നറ്റിക് പ്രതിസന്ധി സാധ്യമാണെന്നാണ് റിപ്പോര്‍ട്ട്. സിഎംഇകളില്‍ രണ്ടെണ്ണം AR2929 എന്ന സണ്‍സ്പോട്ടില്‍ നിന്ന് M-ക്ലാസ് ഫ്‌ലെയറുകളാല്‍ ബഹിരാകാശത്തേക്ക് എറിയപ്പെട്ടു, മൂന്നാമത്തേതും സൂര്യന്റെ ഉപരിതലം വിട്ടുപോയി.

അവ ഗ്രഹത്തില്‍ നേരിട്ട് പതിക്കില്ലെങ്കിലും, ഇവ മൂന്നും ചേര്‍ന്ന് ചെറിയ G1-ക്ലാസ് ജിയോമാഗ്‌നറ്റിക് കൊടുങ്കാറ്റുകള്‍ക്ക് കാരണമാകും. ഭൂമിക്ക് ചുറ്റുമുള്ള ബഹിരാകാശത്തേക്ക് സൗരവാതത്തില്‍ നിന്ന് വളരെ കാര്യക്ഷമമായ ഊര്‍ജ്ജം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ സംഭവിക്കുന്ന ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ഒരു പ്രധാന മാറ്റമാണ് ഭൂകാന്തിക കൊടുങ്കാറ്റ്. ഇവ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാര്യമായ പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. വ്യേമയാന മേഖലയ്ക്ക് ഇതു സംബന്ധിച്ച ജാഗ്രത സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

click me!