43 ദശലക്ഷം വര്‍ഷം പഴക്കമുള്ള തിമിംഗലത്തിന്റെ ഫോസില്‍ കണ്ടെത്തി, അത്ഭുതം കൂറി ശാസ്ത്രലോകം.!

By Web Team  |  First Published Aug 29, 2021, 4:29 PM IST

ഈജിപ്തിലെ പടിഞ്ഞാറന്‍ മരുഭൂമിക്കു നടുവിലുള്ള ഈസീന്‍ പാറകളില്‍ നിന്നാണ് ഈ ഫോസില്‍ കണ്ടെത്തിയത്. ഒരുകാലത്ത് കടല്‍ മൂടിയിരുന്ന ഈ പ്രദേശം തിമിംഗലങ്ങളുടെ പരിണാമം കാണിക്കുന്ന നിരവധി കണ്ടെത്തലുകള്‍ നല്‍കി.


നാലുകാലുകളുള്ള തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തി ശാസ്ത്രലോകം. അതിന്റെ പഴക്കമാവട്ടെ, 43 ദശലക്ഷവും. ഈജിപ്തില്‍ നിന്നാണിത് കണ്ടെത്തിയത്. വംശനാശം സംഭവിച്ച തിമിംഗലങ്ങളുടെ കൂട്ടമായ പ്രോട്ടോസെറ്റിഡേയുടേതാണ് ഇതെന്ന് ഗവേഷകരുടെ സംഘം പറയുന്നു. ഈജിപ്തിലെ പടിഞ്ഞാറന്‍ മരുഭൂമിക്കു നടുവിലുള്ള ഈസീന്‍ പാറകളില്‍ നിന്നാണ് ഈ ഫോസില്‍ കണ്ടെത്തിയത്. ഒരുകാലത്ത് കടല്‍ മൂടിയിരുന്ന ഈ പ്രദേശം തിമിംഗലങ്ങളുടെ പരിണാമം കാണിക്കുന്ന നിരവധി കണ്ടെത്തലുകള്‍ നല്‍കി. തുടര്‍ന്ന് മന്‍സൂറ യൂണിവേഴ്‌സിറ്റി വെര്‍ട്ടെബ്രേറ്റ് പാലിയോന്റോളജി സെന്ററില്‍ നടത്തിയ പഠനമാണ് ഇതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തിയത്.

ഫിയോമിസെറ്റസ് അനുബിസ് എന്ന് പേരുള്ള ഈ തിമിംഗലത്തിന് മൂന്ന് മീറ്ററോളം നീളവും 600 കിലോഗ്രാം ശരീരഭാരവുമുണ്ടായിരുന്നു. അതിന്റെ ഭാഗിക അസ്ഥികൂടം ആഫ്രിക്കയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തേത് ഏറ്റവും പ്രാകൃത പ്രോട്ടോസെറ്റിഡ് തിമിംഗലമാണെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ആഫ്രിക്കയിലെ തിമിംഗലത്തിന്റെ ആദ്യകാല പരിണാമത്തിന്റെ വലിയ ചിത്രം ഒരു രഹസ്യമായി തുടരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ഉഭയജീവികളില്‍ നിന്ന് സമ്പൂര്‍ണ്ണ ജല തിമിംഗലങ്ങളിലേക്കുള്ള പരിണാമ പരിവര്‍ത്തനത്തെക്കുറിച്ചുള്ള പുതിയ പഠനവിശദാംശങ്ങള്‍ ഈ മേഖലയിലെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതെളിക്കും.

Latest Videos

undefined

പുതിയ പഠനം തിമിംഗലങ്ങളുടെ പുരാതന ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഈജിപ്തിലെ പുരാതന തിമിംഗലങ്ങളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നു. പ്രത്യേകിച്ചും, അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ പിടിച്ചെടുക്കുന്നതില്‍ അവ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഓരോ തിമിംഗലവും അവരുടെ ജീവിതകാലത്ത് വലിയ അളവില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് വേര്‍തിരിക്കുന്നു. അവര്‍ ശരീരത്തില്‍ ടണ്‍ കണക്കിന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് സംഭരിക്കുന്നത്. ഇത് കാലാവസ്ഥാ പ്രതിസന്ധി ലഘൂകരിക്കുന്നതില്‍ പ്രധാനമാണ്. എന്നാല്‍ 13 വലിയ തിമിംഗലങ്ങളില്‍ ആറെണ്ണവും വംശനാശ ഭീഷണി നേരിടുന്നവയോ ദുര്‍ബലരോ ആയി തരം തിരിച്ചിരിക്കുന്നു എന്ന് പറയുന്നു. 

ആവാസവ്യവസ്ഥയുടെ അപചയം, മലിനീകരണം, കാലാവസ്ഥ, ആവാസവ്യവസ്ഥയിലെ മാറ്റം, വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ശബ്ദം, നിയമവിരുദ്ധമായ തിമിംഗലവേട്ട, അമിത മത്സ്യബന്ധനം മൂലമുള്ള തീറ്റകളുടെ കുറവ്, എണ്ണ ചോര്‍ച്ച എന്നിവയാണ് നിലവിലെ ഭീഷണികള്‍. തിമിംഗലങ്ങളെ ഭീഷണിപ്പെടുത്തുന്നതുപോലെ, വേട്ടക്കാരുടെ സംഖ്യ വര്‍ദ്ധിക്കുന്നതും നിര്‍ണായകമാണ്.

click me!