ബഹിരാകാശത്ത് ഷൂട്ട് കഴിഞ്ഞ് റഷ്യന്‍ സിനിമ സംഘം ഭൂമിയില്‍ തിരിച്ചെത്തി

By Web Team  |  First Published Oct 18, 2021, 9:08 AM IST

ബഹിരാകാശം പശ്ചാത്തലമാക്കിയുള്ള സിനിമയാണു ചാലഞ്ച്. ഭൂമിയെ ഭ്രമണം ചെയ്യുന്ന ബഹിരാകാശപേടകത്തിലെ യാത്രികനായ ഇവാനോവിന് പെട്ടെന്ന് അസുഖം വന്ന് നില അപകടത്തിലാകുമ്പോൾ ചികിത്സിക്കാനെത്തുന്ന ഡോക്ടർ ഷെന്യ എന്ന കാർഡിയാക് സർജന്റെ റോളാണ് യൂലിയ ചെയ്യുന്നത്. 


ഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി റഷ്യന്‍ 'ക്രൂ' ഭൂമിയില്‍ തിരിച്ചെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 12 ദിവസത്തെ ഷൂട്ടിന് ശേഷമാണ് മൂന്നുപേര്‍ അടങ്ങിയ റഷ്യന്‍ സംഘം ഭൂമിയിൽ തിരിച്ചെത്തിയത്. 'ചലഞ്ച്' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് നടി യൂലിയ പെരെസിൽഡും സംവിധായകൻ ക്ലിം ഷിപെങ്കോയും ചരിത്രത്തില്‍ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത്.  റഷ്യയുടെ സോയൂസ് ബഹിരാകാശപേടകത്തിലാണ് യൂലിയ പെരെസിൽഡ്, സംവിധായകൻ ക്ലിം ഷിപെങ്കോ (38), ബഹിരാകാശയാത്രികനും യാത്രാസംഘത്തിന്റെ കമാൻഡറുമായ ആന്റൺ ഷ്കാപെലെറോവ് എന്നിവരടങ്ങിയ മൂവർ സംഘം തിരിച്ചെത്തിയത്. 

ബഹിരാകാശം പശ്ചാത്തലമാക്കിയുള്ള സിനിമയാണു ചാലഞ്ച്. ഭൂമിയെ ഭ്രമണം ചെയ്യുന്ന ബഹിരാകാശപേടകത്തിലെ യാത്രികനായ ഇവാനോവിന് പെട്ടെന്ന് അസുഖം വന്ന് നില അപകടത്തിലാകുമ്പോൾ ചികിത്സിക്കാനെത്തുന്ന ഡോക്ടർ ഷെന്യ എന്ന കാർഡിയാക് സർജന്റെ റോളാണ് യൂലിയ ചെയ്യുന്നത്. ബഹിരാകാശത്തു നടത്തുന്ന കാർഡിയാക് സർജറി എന്നതാണു ചിത്രത്തിന്റെ പ്രമേയം.

Latest Videos

undefined

റഷ്യയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ചാനലായ ചാനൽ വണ്ണാണ് സിനിമയുടെ നിർമാണം. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോമോസിന്റെ മേധാവി ഡിമിത്രി റോഗോസിന്റെ നേതൃത്വത്തിലായിരുന്നു സ്പേസ് ഷൂട്ടിങ് ആവിഷ്കരിച്ച് നടപ്പിലാക്കിയത് എന്നാണ് സിനിമയുടെ അണിയറക്കാർ പറയുന്നത്. റോസ്കോമോസിനുള്ളിൽനിന്നും റഷ്യൻ മാധ്യമങ്ങളിൽനിന്നും സിനിമ ഷൂട്ടിംഗിനെതിരെ വിമർശനം വന്നിരുന്നു. എന്നാല്‍ ലോകത്തിനു മുന്നിൽ റഷ്യയുടെ ബഹിരാകാശക്കരുത്തിനെ ഉയർത്തിക്കാട്ടാനുള്ള അവസരമായിട്ടാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഇതിനെ കണ്ടത്. സിനിമയുടെ തിരക്കഥ ബഹിരാകാശ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ റോഗോസിൻ എഡിറ്റിങ് നടത്തുകയും ചെയ്തിരുന്നു. 

ബഹിരാകാശത്ത് സിനിമ ഷൂട്ടു ചെയ്യാനുള്ള നടപടി ആദ്യം ആരംഭിച്ചത് നാസയാണ്. ഇതിനുവേണ്ടി ടോം ക്രൂസുമായി നാസ അധികൃതർ ചർച്ചയും നടത്തിയിരുന്നു. ബഹിരാകാശ രംഗത്തെ വമ്പൻ യുഎസ് കമ്പനിയായ സ്പേസ് എക്സിന്റെ ഉടമ ഇലോൻ മസ്കും സംരംഭത്തിൽ പങ്കുചേർന്നിരുന്നു. ഡഗ് ലീമനാണ് ഈ പദ്ധതിയുടെ നിര്‍മ്മാതാവ്. ഒരു മുഴുനീള സ്പേസ് അഡ്വഞ്ചർ ചിത്രമായിരുന്നു എല്ലാവരുടെയും മനസ്സിൽ. ടോംക്രൂസ് ഇതിനു വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്തിവരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
 

click me!