ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ 'ലൂണ 25' പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നു
മോസ്‌കോ: ചാന്ദ്രദൗത്യത്തിൽ റഷ്യക്ക് വമ്പൻ തിരിച്ചടി. ചന്ദ്രനിലേക്കയച്ച റഷ്യയുടെ പേടകമായ 'ലൂണ 25' തകർന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ 'ലൂണ 25' പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നു. ഇക്കാര്യം റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നാളെ ചന്ദ്രനിൽ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയാണ് ലൂണ തകർന്നുവീണത്.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ വിക്ഷേപണത്തിന് ശേഷമായിരുന്നു റഷ്യ ലൂണ വിക്ഷേപിച്ചത്. അഞ്ച് പതിറ്റാണ്ടിന് ശേഷം റഷ്യ നടത്തുന്ന ആദ്യത്തെ ചാന്ദ്ര ദൗത്യം കൂടിയായിരുന്നു ലൂണ - 25. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ - 3 ജൂലൈ 14 നാണ് വിക്ഷേപിച്ചത്. അതിന് ഏകദേശം ഒരുമാസത്തിന് ശേഷമാണ് റഷ്യ ലൂണ വിക്ഷേപിച്ചത്. ചാന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുമ്പേ ലൂണ 25 ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നാളെ ചന്ദ്രോപരിതലത്തിൽ ഇറങ്ങാനിരിക്കെയാണ് ലൂണ തകർന്നുവീണെന്ന വാർത്തകൾ പുറത്തുവന്നത്. ഇതിന് പിന്നാലെ റഷ്യ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. അഞ്ച് പതിറ്റാണ്ടിനിടയിലെ ആദ്യ ദൗത്യം പരാജയമായത് റഷ്യയെ സംബന്ധിച്ചടുത്തോളം വലിയ തിരിച്ചടിയാണ്.
undefined
ഇന്ത്യയുടെ ചന്ദ്രയാൻ മുന്നോട്ട്, അവസാന ഭ്രമണപഥ താഴ്ത്തലും വിജയം
അതേസമയം ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി മുന്നോട്ട് പോകുന്നുണ്ടെന്ന വിവരങ്ങളാണ് ഐ എസ് ആർ ഒയിൽ നിന്നും ലഭിക്കുന്നത്. ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തൽ ഇന്ന് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തത്. ഇതോടെ പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും, 134 കിലോമീറ്റർ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തിൽ എത്തിയിട്ടുണ്ട്. ഇനി സോഫ്റ്റ് ലാൻഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. ആഗസ്റ്റ് 23 ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ തുടങ്ങുക.
ചാന്ദ്രപഥത്തില്‍ ചന്ദ്രയാൻ; ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഇസ്രോ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം