പേരില്‍ 'ജലക്കരടി', വലിപ്പം മില്ലി മീറ്ററുകള്‍, സുപ്രധാന കണ്ടെത്തലുമായി കുസാറ്റിലെ ഗവേഷകർ, അപൂർവ്വനേട്ടം

By Web Team  |  First Published Sep 20, 2023, 11:47 AM IST

കുസാറ്റിലെ മറൈന്‍ ബയോളജി വിഭാഗം ഗവേഷകനായ വിഷ്ണുദത്തന്‍ എന്‍ കെയും മുതിര്‍ന്ന പ്രൊഫസറായ ഡോ എസ് ബിജോയ് നന്ദനുമാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. തമിഴ്നാട് തീരങ്ങളിലെ ജൈവ വൈവിധ്യ പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍.


കൊച്ചി: പുതിയ ഇനം കടല്‍ ജീവിയെ കണ്ടെത്തി കുസാറ്റിലെ ഗവേഷകര്‍. പുതിയ ഇനം ജലക്കരടിയെ ആണ് കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക വിദ്യാ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്. രാമേശ്വരത്തെ കടല്‍ത്തീരത്ത് കണ്ടെത്തിയ ഈ അപൂര്‍വ്വ ജീവിക്ക് രാജ്യത്തിന്റെ മിസൈല്‍ മാനോടുള്ള ആദര സൂചകമായി ബാറ്റിലിപ്പെസ് കലാമി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ടാര്‍ഡിഗ്രേഡ് എന്ന വിഭാഗം സൂക്ഷ്മ ജീവിയെ ജലക്കരടിയെന്നാണ് പൊതുവെ വിളിക്കുന്നത്.

ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാനുള്ള ഇവയുടെ പ്രതിരോധ ശേഷിയും അതിജീവനത്തിനുള്ള കഴിവും ഏറെ പ്രശസ്തമാണ്. ഭൂമിയിലെ തന്നെ ഏറ്റവും ഉറപ്പുള്ള ജീവിയെന്ന വിശേഷണമുള്ള ഈ സൂക്ഷമ ജീവികള്‍ അഞ്ച് തവണയോളം കൂട്ട വംശനാശത്തെ അതിജീവിച്ച ജീവികളെന്നാണ് വിലയിരുത്തല്‍. ദിനോസറുകളെ തുടച്ച് നീക്കിയെന്ന് വിലയിരുത്തുന്ന ഉല്‍ക്ക പതനം അടക്കമുള്ളവയെ അതിജീവിച്ചവയാണ് ജലക്കരടികളെന്നാണ് ശാസ്ത്രം അവകാശപ്പെടുന്നത്.

Latest Videos

undefined

പുതിയ പാരിസ്ഥിതിക ചുറ്റുപാടുകളിലെ അതിജീവനത്തേക്കുറിച്ചുള്ള പഠനങ്ങളില്‍ ഇവയേക്കുറിച്ചുള്ള പഠനങ്ങളും നിര്‍ണായകമായാണ് വിലയിരുത്തുന്നത്. ഈ വിഭാഗത്തിലെ പുതിയ ഇനം ജീവിയേയാണ് രാമേശ്വരത്തെ കുസാറ്റ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 017 മില്ലിമീറ്റര്‍ മാത്രം നീളവും 0.05 വലിപ്പവുമുള്ള ജലക്കരടി ബാറ്റിലിപ്പെസ് കലാമിക്ക് 4 ജോഡി കാലുകളാണുള്ളത്. കുസാറ്റിലെ മറൈന്‍ ബയോളജി വിഭാഗം ഗവേഷകനായ വിഷ്ണുദത്തന്‍ എന്‍ കെയും മുതിര്‍ന്ന പ്രൊഫസറായ ഡോ എസ് ബിജോയ് നന്ദനുമാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

തമിഴ്നാട് തീരങ്ങളിലെ ജൈവ വൈവിധ്യ പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍. ഇത്തരത്തില്‍ ഇന്ത്യയില്‍ ജലക്കരടിയുടെ സാന്നിധ്യം കണ്ടത്തുന്നത് വെറും രണ്ടാമത്തെ തവണയാണെന്നതാണ് കണ്ടെത്തലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. സൂടാക്സ ജേണലിലാണ് കണ്ടെത്തലിനേക്കുറിച്ച് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!