ഥാർ മരുഭൂമിയിൽ മൂന്നു ദിനോസറുകളുടെ കാലടിപ്പാടുകൾ കണ്ടെത്തി

By Web Team  |  First Published Sep 4, 2021, 10:51 AM IST

20 കോടിയിൽ അധികം വർഷം പഴക്കമുള്ളവയാണ് ഇവയെന്ന് ഗവേഷകർ പറഞ്ഞു.


രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ ഥാർ മരുഭൂമിയിൽ നിന്ന് ഗവേഷകർ മൂന്നു ദിനോസറുകളുടെ കാലടിപ്പാടുകൾ കണ്ടെത്തിയിരിക്കുകയാണ്. മെസോസോയിക് കാലഘട്ടത്തിൽ തേത്തിസ് സമുദ്രത്തിന്റെ തീരപ്രദേശമായിരുന്നു ഇന്ത്യയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഒന്നായ രാജസ്ഥാൻ എന്നും, ഈ പ്രദേശത്ത് അന്ന് ദിനോസറുകൾ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന ഈ കാലാടിപ്പാടുകളെന്നും ഗവേഷകർ അറിയിച്ചു. അക്കാലത്ത് സമുദ്ര തീരത്തടിഞ്ഞ എക്കൽ മണ്ണ് പിന്നീട് കാലാന്തരത്തിൽ പാറയായി ഘനീഭവിച്ചുപോയതിന്മേലാണ് ഈ പാടുകൾ കണ്ടെത്തപ്പെട്ടിട്ടുള്ളത്.

Latest Videos

undefined

യൂബ്രോണ്ടിസ് ജൈജാന്റസ്,യൂബ്രോണ്ടിസ് ഗ്ലെൻറോസെൻസിസ്‌,ഗ്രാലേറ്റർ ടെനുവിസ്‌ എന്നീ മൂന്നിനം ദിനോസറുകളുടെ കാലാടിപ്പാടുകളാണ് ഇപ്പോൾ കണ്ടെത്തപ്പെട്ടിട്ടുള്ളത് എന്ന്, ഗവേഷണം നടത്തിയ പാലിയെന്റോളജി ടീമിന്റെ തലവനും,  ജോധ്പുരിലെ ജയ്‌ നാരായൺ വ്യാസ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും ആയ വിരേന്ദ്ര പ്രതാപ് പരിഹാർ ദ ഹിന്ദു പത്രത്തോട് പറഞ്ഞു. ആദ്യത്തെ രണ്ടിനം ദിനോസറുകളുടെയും കാലടികൾക്ക് 35 സെ.മീ. വലിപ്പം ഉണ്ടെങ്കിൽ, മൂന്നാമത്തേതിന് 5.5 സെ.മീ. വലിപ്പമേ ഉള്ളൂ.  ജുറാസിക് യുഗത്തിൽ ജീവിച്ചിരുന്ന ഈ മൂന്നു ദിനോസറുകളും മാംസഭുക്കുകൾ ആയിരുന്നു എന്നും പ്രൊഫ. പരിഹാർ സ്ഥിരീകരിച്ചു. യൂബ്രോണ്ടിസ് ഇനത്തിൽ പെട്ട ദിനോസറുകൾക്ക് 12 മുതൽ 15 വരെ മീറ്റർ നീളവും 500-700 കിലോ ഭാരവുമുണ്ടായിരുന്നു എന്നും, ഗ്രാലേറ്ററുകൾക്ക് രണ്ടു മീറ്റർ ഉയരവും മൂന്നു മീറ്ററോളം നീളവും ഉണ്ടായിരുന്നു എന്നും ഗവേഷകർ പറയുന്നു. 

ജയ്സാൽമീർ ജില്ലയിൽ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടില്ലാത്ത സമാനമായ കാലടിപ്പാടുകൾ ഇനിയുമുണ്ടാവാം എന്നും അവയ്ക്കായി ഗവേഷണം തുടരുമെന്നും പ്രൊഫ. പരിഹാർ പറഞ്ഞു. അധികം വൈകാതെ തന്നെ ദിനോസറുകളുടെ ഫോസിലുകളും കണ്ടെത്താനാവും എന്ന പ്രതീക്ഷ തനിക്കും സംഘത്തിനുമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 


 

click me!