സാൽമൺ മത്സ്യത്തിന്റെ ശുക്ലത്തിലെ രണ്ടു ഡിഎൻഎ സ്ട്രാൻഡുകളും, വെജിറ്റബിൾ ഓയിലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു രാസവസ്തുവും ചേരുമ്പോൾ കിട്ടുന്നത് പ്ലാസ്റ്റിക്കിന്റേതിന് സമാനമായ സ്വഭാവ സവിശേഷതകളുള്ള ഒരു നിർമാണസാമഗ്രിയാണ്.
പ്ലാസ്റ്റിക്(plastic) നമുക്ക് ഒഴിവാക്കാനാവാത്ത ഒരു വസ്തുവാണ്. കാരിബാഗുകൾ മുതൽ കുപ്പികൾ വരെ, പാക്കിങ് സാമഗ്രികൾ മുതൽ ചീപ്പ് വരെ നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിവാക്കാനാവാത്ത പലതിലും പ്ലാസ്റ്റിക് ഉണ്ട്. എന്നാൽ, ഒരിക്കൽ മണ്ണിലെറിഞ്ഞാൽ അഴുകാതെ(non-recyclible) കിടക്കുന്ന ഈ വസ്തു പരിസ്ഥിതിക്കുണ്ടാക്കുന്ന നാശത്തിന്റെ പേരിലും(pollution) ഏറെ ചീത്തപ്പേര് കേൾപ്പിക്കുന്ന ഒന്നാണ്. പെട്രോകെമിക്കലുകളാണ് പ്ലാസ്റ്റിക് നിർമാണത്തിലെ അസംസ്‌കൃത വസ്തുക്കൾ എന്നതുകൊണ്ട്, ആ കണക്കിലും അത് പരിസ്ഥിതിക്ക് ദോഷം തന്നെയാണ്.
നിലവിൽ പ്ലാസ്റ്റിക് കൊണ്ടുണ്ടാവുന്ന ദൂഷ്യഫലങ്ങളിൽ നിന്ന് മോചനം നേടാൻ അതിനു പകരം പുതിയ എന്തെങ്കിലുമൊരു മാർഗം കണ്ടെത്താനുള്ള ഗവേഷണങ്ങൾ വർഷങ്ങളായി ഇവിടെ നടന്നുവരുന്നുണ്ട്. അടുത്തിടെ ആ രംഗത്ത് വിപ്ലവകരമായ ഒരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത് ചൈനയിലെ ടാൻജിൻ സർവകലാശാലയിലെ ഗവേഷകരാണ്. സാൽമൺ മത്സ്യത്തിന്റെ ശുക്ലത്തിലെ രണ്ടു ഡിഎൻഎ സ്ട്രാൻഡുകളും, വെജിറ്റബിൾ ഓയിലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു രാസവസ്തുവും ചേരുമ്പോൾ കിട്ടുന്നത് പ്ലാസ്റ്റിക്കിന്റേതിന് സമാനമായ സ്വഭാവ സവിശേഷതകളുള്ള ഒരു നിർമാണസാമഗ്രിയാണ്. ഇതുവരെ ഈ പുത്തൻ സാങ്കേതികതയിൽ ഒരു ചായക്കപ്പും ഒരു പസിലും ഒരു ഡിഎൻഎ ഘടനയുമാണ് നിർമിച്ചു പരീക്ഷിച്ചിട്ടുള്ളത്. നിലവിലെ പ്ലാസ്റ്റിക്കിനെക്കാൾ 97 ശതമാനം കുറച്ച് മലിനീകരണം മാത്രമേ ഇതുണ്ടാക്കുന്നുള്ളൂ എന്നാണ് ഗവേഷകർ പറയുന്നത്.
undefined
നിലവിൽ ലഭ്യമായിട്ടുള്ള ബയോ ഡീഗ്രെയ്‌ഡബിൾ പ്ലാസ്റ്റിക്, കോൺ സ്റ്റാർച്ച്, പായൽ എന്നീ വസ്തുക്കളിൽ നിന്നാണ് ഉണ്ടാക്കുന്നത്. എന്നാൽ, നിർമാണത്തിൽ വളരെയധികം ഊർജം ചെലവാക്കുന്നു, ഇതിനെ പുനരുപയോഗത്തിനു സജ്ജമാക്കാൻ ചെലവേറെയാകുന്നു എന്നീ കാരണങ്ങൾ അതിന്റെ ജനപ്രീതി കുറക്കുന്നു. അതേസമയം, പുതിയ ഹൈഡ്രോ ജെൽ റീസൈക്ലിങ് വളരെ വേഗത്തിൽ നടത്താനാവും എന്നതും ഇതിന്റെ ഒരു ഗുണവശമായി എടുത്തു പറയപ്പെടുന്നു. വെള്ളത്തിൽ പ്ലാസ്റ്റിക് മുക്കുന്ന നിമിഷം സാൽമൺ ഡിഎൻഎയിലെ എൻസൈമുകൾ ജെൽ പരുവത്തിലേക്ക് മാറും. അത് പിന്നീട് മറ്റാവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്നതാണ്.
എന്നാൽ, നിലവിൽ ഈ പ്ലാസ്റ്റിക് വെള്ളം തട്ടാതെ, ഈർപ്പം പോലും പറ്റാതെ സൂക്ഷിക്കേണ്ട ഒന്നാണ്. അതുകൊണ്ട് ഈ സാൽമൺ സ്പേം കപ് കൊണ്ട് വിശേഷിച്ച് ഉപയോഗമൊന്നും വരാൻ പോവുന്നില്ല. എന്നാൽ, വെള്ളം തട്ടിക്കേണ്ട കാര്യമില്ലാത്ത കാരി ബാഗുകൾ, പാക്കേജ് കവറുകൾ തുടങ്ങിയവ നിർമിക്കാൻ നിലവിൽ അത് പ്രയോജനപ്പെടുത്താം എന്നും ശാസ്ത്രജ്ഞർ പറയുന്നു. ലോകത്തിൽ ഓരോ വർഷവും നിർമിക്കപ്പെടുന്നത് 30 കോടി ടൺ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ആണ് എന്നാണ് കണക്ക്. അതിന്റെ ഭൂരിഭാഗവും റീസൈക്കിൾ ചെയ്യാൻ സാധിക്കാത്തവയാണ്. ചൈനീസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നിലവിൽ ഹൈഡ്രോജെല്ലിനുമേൽ നടത്തുന്ന തുടർഗവേഷണങ്ങൾ, ലോകത്തെ 'സിംഗിൾ യൂസ് പ്ലാസ്റ്റിക്കി'ന്റെ അന്ത്യം കുറിക്കുന്ന പുതിയ ഏതെങ്കിലും കണ്ടുപിടുത്തത്തിലേക്കും നയിക്കുമോ എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ശാസ്ത്രലോകം.