അന്താരാഷ്ട്ര ബഹിരാകാശ നിലയം 'തകര്‍ത്ത്' സേഫായി ഇറക്കണം; കോടികളുടെ കരാര്‍ മസ്‌കിന്‍റെ കമ്പനിക്ക്

By Web Team  |  First Published Jun 28, 2024, 2:22 PM IST

വലിയ ഭാരവും ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന്‍റെ വലിപ്പമുണ്ട് രാജ്യാന്തര ബഹിരാകാശ നിലയത്തിന്


വാഷിംഗ്‌ടണ്‍: അടുത്ത പതിറ്റാണ്ടിന്‍റെ ആദ്യം ആയുസ് പൂര്‍ത്തിയാകുമ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍) തകര്‍ത്തുതരിപ്പണമാക്കാന്‍ എലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനിയെ ചുമതലപ്പെടുത്തി നാസ. 430 ടണ്‍ ഭാരമുള്ള ബഹിരാകാശ നിലയത്തിന്‍റെ ഭാഗങ്ങള്‍ പ്രത്യേക വാഹനമയച്ചാണ് സ്പേസ് എക്‌സ് പസഫിക് സമുദ്രത്തിലേക്ക് തള്ളിയിടുക. അന്താരാഷ്ട്ര ബഹിരാകാശ നിലയം തകര്‍ക്കാന്‍ 843 മില്യണ്‍ ഡോളറിന്‍റെ (7030 കോടി രൂപ) കരാറാണ് സ്പേസ് എക്‌സുമായി നാസ ഒപ്പിട്ടിരിക്കുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

ബഹിരാകാശത്ത് മനുഷ്യനെ താമസിപ്പിച്ചുകൊണ്ട് ഗവേഷണങ്ങള്‍ക്കും ഭൗമ നിരീക്ഷണത്തിനും വഴിയൊരുക്കുന്ന പേടകമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 1998ലാണ് ഇതിന്‍റെ നിര്‍മാണം ആരംഭിച്ചത്. അമേരിക്ക, റഷ്യ, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ ബഹിരാകാശ സംഘടന എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു ഇത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ആദ്യ ഭാഗം റഷ്യയുടെ പ്രോട്ടോണ്‍ റോക്കറ്റ് ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു. ഭൂമിയെ ഭ്രമണം ചെയ്യുന്നതിനിടെ തന്നെ ഭാഗങ്ങള്‍ ഓരോന്നായി കൂട്ടിച്ചേര്‍ത്ത് പിന്നീട് രാജ്യാന്തര ബഹിരാകാശ നിലയത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി. 92.69 മിനുറ്റുകൊണ്ട് ഭൂമിയെ ഒരു തവണ ചുറ്റിവരുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുന്ന നിലയില്‍ 400 കിലോമീറ്റര്‍ ഉയരത്തിലാണ് സഞ്ചരിക്കുന്നത്. 

Latest Videos

undefined

അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്‍റെ ഭാഗങ്ങള്‍ ഭൂമിയില്‍ ഇറക്കാനുള്ള വാഹനത്തിന്‍റെ ഡിസൈന്‍ നാസയോ സ്പേസ് എക്‌സോ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മുന്‍നിശ്ചയിച്ച പ്രകാരം കൃത്യസ്ഥലത്തും സമയത്തും സുരക്ഷയോടെ രാജ്യാന്തര ബഹിരാകാശ നിലയം തിരിച്ചിറക്കുക വലിയ വെല്ലുവിളിയാണ്. വലിയ ഭാരവും ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന്‍റെ വലിപ്പമുള്ള രാജ്യാന്തര ബഹിരാകാശ നിലയത്തിന്‍റെ പല ഭാഗങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള മടങ്ങിവരവില്‍ കത്തിച്ചാമ്പലാവുമെങ്കിലും ചില ഭാഗങ്ങള്‍ അവശേഷിച്ചേക്കാം എന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ അതീവശ്രദ്ധേയോടെയാവും രാജ്യാന്തര ബഹിരാകാശ നിലയം തിരിച്ചിറക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക. 2031ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയിലേക്ക് തിരിച്ചിറക്കുമെന്നുള്ള നാസയുടെ മുന്‍ പ്രഖ്യാപനത്തിന്‍റെ തുടര്‍ച്ചയായാണ് സ്പേസ് എക്‌സുമായുള്ള കരാര്‍.   

Read more: ജിയോയ്ക്ക് പിന്നാലെ എയർടെല്ലിന്‍റെയും ഇരുട്ടടി; മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!