'പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റയ്ക്കായിരിക്കില്ല'; വീണ്ടും ആവര്‍ത്തിച്ച് നാസ മേധാവി

By Web Team  |  First Published Jul 12, 2021, 8:54 AM IST

1350 കോടി വര്‍ഷങ്ങളുടെ പ്രായമുണ്ട് പ്രപഞ്ചത്തിന് എന്നാണ് കണക്ക്. അത് വളരെ വലിയ കാലമാണ്. സൂര്യനെ പോലെ മറ്റൊരു നക്ഷത്രവും ഭൂമിയെ പോലെ മറ്റു ഗ്രഹങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ടോ? എന്നതിന് ഉണ്ടായിരിക്കാം എന്നത് തന്നെയാണ് ഉത്തരം. 


ന്യൂയോര്‍ക്ക്: പ്രപഞ്ചത്തില്‍ ഭൂമിയിലെ മനുഷ്യനടക്കമുള്ള ജീവികള്‍ മാത്രമല്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് നാസ മേധാവി ബില്‍ നെല്‍സണ്‍. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ നെല്‍സണ്‍ തന്‍റെ 'അന്യഗ്രഹ ജീവി'കള്‍ എന്ന ആശയം വീണ്ടും അവതരിപ്പിച്ചത്. ഗൗരവമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ബില്‍ നെല്‍സണ്‍ പറയുന്നു.

1350 കോടി വര്‍ഷങ്ങളുടെ പ്രായമുണ്ട് പ്രപഞ്ചത്തിന് എന്നാണ് കണക്ക്. അത് വളരെ വലിയ കാലമാണ്. സൂര്യനെ പോലെ മറ്റൊരു നക്ഷത്രവും ഭൂമിയെ പോലെ മറ്റു ഗ്രഹങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ടോ? എന്നതിന് ഉണ്ടായിരിക്കാം എന്നത് തന്നെയാണ് ഉത്തരം. ഇത് സംഭവിച്ച സൂചനകള്‍ ഉടന്‍ തന്നെ ലഭിച്ചേക്കാം. വര്‍ഷങ്ങളായി സൂര്യനു സമാനമായ നക്ഷത്രങ്ങളെക്കുറിച്ചും വാസയോഗ്യമായ ഗ്രഹങ്ങളെക്കുറിച്ചും അന്യഗ്രഹ ജീവനെക്കുറിച്ചുമുള്ള തിരച്ചിലിലാണ് നാസ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Latest Videos

ചൊവ്വയില്‍ ഒമ്പതാമത്തെ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ചെറു ഹെലിക്കോപ്റ്റര്‍ ഇൻജെന്യൂയിറ്റിയെക്കുറിച്ചും ബില്‍ നെല്‍സണ്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചു. ഇത്തവണ ഏതാണ്ട് 166.4 സെക്കന്റുകളാണ് ഇൻജെന്യൂയിറ്റി ചൊവ്വയില്‍ പറന്നത്. സെക്കന്റില്‍ അഞ്ച് മീറ്റര്‍ വരെ വേഗത്തിലായിരുന്നു ഇൻജെന്യൂയിറ്റിയുടെ പറക്കല്‍. ചൊവ്വയിലെ മണല്‍ നിറഞ്ഞ ഭാഗത്തായിരുന്നു ഇൻജെന്യൂയിറ്റി ഇത്തവണ  പറന്നിറങ്ങിയത്. മണലില്‍ പൂഴ്ന്നുപോവുമോ എന്നറിയാനുള്ള പരീക്ഷണം കൂടിയായിരുന്നു ഇത്. ആ പരീക്ഷണത്തില്‍ ഇൻജെന്യൂയിറ്റി വിജയിച്ചുവെന്നും നെല്‍സണ്‍ പറഞ്ഞു. 

click me!