സ്വാഭാവിക പരിണാമം, ബാറ്റ് ലേഡി.... 18 മാസത്തിനുശേഷവും ഉറവിടത്തേക്കുറിച്ചുള്ള ദുരൂഹത മായാതെ കൊവിഡ്

By Web Team  |  First Published May 30, 2021, 8:14 PM IST

വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ കൂടിയും വുഹാനിലെ മാര്‍ക്കറ്റുമായും 2002ലെ സാര്‍സുമായാണ് പുതിയ വൈറസിനെ ബന്ധപ്പെടുത്തിയത്. വൈറസിന്‍റെ യാഥാര്‍ത്ഥ ഉറവിടം കണ്ടെത്താനുള്ള പഠനങ്ങളുടെ വഴി തെറ്റിച്ചു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് അമേരിക്കയുമായുള്ള ബന്ധത്തേക്കുറിച്ചുള്ള രേഖകളും ശാസ്ത്ര ലേഖകനായ നിക്കോളാസ് വേയ്ഡ് വിശദമാക്കുന്നുണ്ട്


ലോകം മുഴുവന്‍ നിശ്ചലമാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവത്തേക്കുറിച്ച് ഇന്നും കൃത്യമായ അറിവുകള്‍ ഇല്ല. കൊവിഡ് 19 മനുഷ്യനിലേക്ക് പകര്‍ന്നത് മൃഗങ്ങളില്‍ നിന്നാണെന്ന് തെളിവില്ല എന്നിട്ടും മൃഗങ്ങളില്‍ നിന്നാണെന്നാണ് ചൈനയും ലോകാരോഗ്യ സംഘടനയും പറയുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ കോളത്തില്‍ വിശദമാക്കി എസ് ഗുരുമൂര്‍ത്തി. സയന്‍സ് വിഷയങ്ങളേക്കുറിച്ചുള്ള എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ നിക്കോളാസ് വേഡിനെ ഉദ്ധരിച്ചാണ് എസ് ഗുരുമൂര്‍ത്തിയുടെ വിശദീകരണം. ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട് 18 മാസത്തിനുശേഷവും ഈ വൈറസിനെക്കുറിച്ചുള്ള ദുരൂഹതകള്‍ മായുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ലേഖനം.  

കൊവിഡ് വൈറസിന്‍റെ കാരണവും ഉറവിടവും കണ്ടെത്താൻ ചുമതലപ്പെടുത്തിയ ലോകാരോഗ്യ സംഘടനയുടെ കമ്മീഷൻ, കണ്ടെത്താനായില്ലെന്ന് പറഞ്ഞ് ദൗത്യം അവസാനിപ്പിച്ചു. വൈറസിന് പേരിടുമ്പോള്‍ പഴയ വൈറസുമായി ബന്ധപ്പെടുത്തിയാണ് പേരുകള്‍ വന്നത്. എന്നാല്‍ വവ്വാലിനോ മറ്റ് മൃഗങ്ങളള്‍ക്കോ കൊറോണ വൈറസുമായി യാതൊരു ബന്ധവും ഇതുവരെ സ്ഥാപിക്കാനായിട്ടില്ല.  വൈറസിനെ വന്യമൃഗങ്ങളെ മാംസത്തിനായി വിൽക്കുന്ന മാര്‍ക്കറ്റുമായി ബന്ധിപ്പിച്ചതോടെ 2002-ലെ സാര്‍സ് വൈറസുമായാണ് ഇതിന് സാമ്യമുണ്ടായത്. മൃഗങ്ങളില്‍ നിന്നുള്ള വൈറസിന്‍റെ സ്വാഭാവിക പരിണാമെന്നാണ്  ചൈനയും ലോകാരോഗ്യ സംഘടനയും വിശദമാക്കുന്നത്.

Latest Videos

undefined

എന്നാല്‍ വസ്തുതകള്‍ക്ക് ഇതിനും മുകളിലായുള്ള രാഷ്ട്രീയപരമായ മുഖമുണ്ടെന്നാണ് എസ് ഗുരുമൂര്‍ത്തി ലേഖനത്തില്‍ പറയുന്നത്. തുടക്കത്തിൽ പുതിയ വൈറസിനെ വുഹാൻ ന്യുമോണിയ, വുഹാൻ വൈറസ് എന്ന് വിളിച്ചിരുന്നെങ്കിലും ജനുവരി. ഫെബ്രുവരി മാസങ്ങളില്‍ മൂന്ന് തവണയാണ് ലോകാരോഗ്യ സംഘടന ഈ വൈറസിന്‍റെ പേര് മാറ്റിയത്. ഓരോ തവണയും വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ കൂടിയും വുഹാനിലെ മാര്‍ക്കറ്റുമായും 2002ലെ സാര്‍സുമായാണ് പുതിയ വൈറസിനെ ബന്ധപ്പെടുത്തിയത്. വൈറസിന്‍റെ യാഥാര്‍ത്ഥ ഉറവിടം കണ്ടെത്താനുള്ള പഠനങ്ങളുടെ വഴി തെറ്റിക്കുന്നതായി ഇതെന്നാണ് എസ് ഗുരുമൂര്‍ത്തിയുടെ വാദം.

അറ് തവണയാണ് വൈറസിന്‍റെ പേരുമാറ്റിയത്. ഓരോ തവണയും മൃഗങ്ങളുമായുള്ള വൈറസിന്‍റെ ബന്ധം ഊട്ടിയുറപ്പിക്കുന്ന രീതിയിലായിരുന്നു ഈ പേരുമാറ്റം. ഈ വർഷം മാർച്ചിൽ ലോകാരോഗ്യ സംഘടനയുടെ വസ്തുതാന്വേഷണ കമ്മീഷൻ തന്നെ മൃഗ വിപണികളുടെ പങ്ക് ഇപ്പോഴും വ്യക്തമല്ലെന്ന് സമ്മതിച്ചു. എങ്കിലും ഇപ്പോഴും മാരകമായ പകർച്ചവ്യാധിയുടെ പഴി വഹിക്കുന്നത് മൃഗങ്ങൾ തന്നെയാണ്. നോവല്‍ കൊറോണ വൈറസിന്റെ കാര്യത്തിൽ വൈറസിനുണ്ടായത് പ്രകൃതി പരിണാമമാണോ അതോ മനുഷ്യനിർമ്മിതമാണോ എന്ന കാര്യത്തിൽ തർക്കമുണ്ട്.

ഈ മഹാമാരി സംബന്ധിച്ച് സ്വാഭാവിക പരിണാമമെന്ന് അവകാശപ്പെടുന്നത് സത്യത്തിൽ നിന്ന് അകറ്റുന്നുവെന്നാണ് ലേഖനം വിശദമാക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള രാഷ്ട്രീയത്തിന് മുകളിലാണ് വൈറസിനേക്കുറിച്ചുള്ള വസ്തുതയെന്നാണ് ലേഖനം പറയുന്നത്. ഒരു വർഷത്തിലേറെയായി വൈറസിന്റെ കാരണത്തെക്കുറിച്ചുള്ള വസ്തുത അറിയാനായി പഠനം നടത്തിയ സയൻസ് എഴുത്തുകാരനും പത്രാധിപറും എഴുത്തുകാരനുമായ നിക്കോളാസ് വേയ്ഡിന്‍റെ ലേഖനം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 2021 മെയ് 5 ന് ബുള്ളറ്റിൻ ഓഫ് ആറ്റോമിക് സയന്റിസ്റ്റില്‍ വന്ന വേയ്ഡിന്‍റെ ലേഖനം വൈറസിന്‍റെ ഉറവിടം സംബന്ധിച്ച പല വ്യാജവിവരണങ്ങളും  ഖണ്ഡിക്കുന്നതാണ്.  50 കിലോമീറ്ററിൽ കൂടുതൽ പറക്കാൻ കഴിയാത്ത വവ്വാലുകള്‍ യുനാനിൽ നിന്ന് 1500 കിലോമീറ്റർ അകലെയുള്ള വുഹാനിലെ ജനങ്ങള്‍ക്ക് വൈറസ് പകര്‍ത്തിയതെങ്ങനെയാണെന്നാണ് വേയ്ഡ് ചോദിക്കുന്നത്.

കൊറോണ വൈറസ് സ്റ്റോറിയിലെ വില്ലൻ  അല്ലെങ്കിൽ നായികസ്ഥാനത്തുള്ളത് - ചൈനയിലെ ബാറ്റ് വൈറസുകളെക്കുറിച്ചുള്ള വിദഗ്ധയായ ഷി ഷെങ്‌ലിയാണെന്നാണ് വേയ്ഡ് പറയുന്നത്. ബാറ്റ് ലേഡിയെന്നാണ് ഇവര്‍ അറിയപ്പെടുന്നത്.  2015ല്‍ വിവിധ തരം വവ്വാലുകളുള്ള തെക്കന്‍ ചൈനയിലെ മേഖലയായ യുനാനിലെ ഗുഹകളില്‍ ഇവര്‍ നിരന്തര സന്ദര്‍ശനം നടത്തി. നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ കൊറോണ വൈറസ് വിദഗ്ധനായ റാല്‍ഫ് എസ് ബാരിക്കുമായി ചേര്‍ന്ന് വവ്വാലുകളിലെ വൈറസുകള്‍ക്ക് മനുഷ്യനെ ആക്രമിക്കാനുള്ള കഴിവിനേക്കുറിച്ച് ഗവേഷണം ആരംഭിച്ചു. 2015ല്‍ നോവല്‍ കൊറോണ വൈറസിനെ അവര്‍ സൃഷ്ടിച്ചു. സാര്‍സ് 1 വൈറസിലെ സ്പൈക്ക് പ്രോട്ടീനെ മാറ്റി വവ്വാലുകളിലെ  വൈറസ് പ്രോട്ടീന്‍ ചേര്‍ത്ത് ഇവയെ സൃഷ്ടിച്ചെന്നാണ് വേയ്ഡ് അവകാശപ്പെടുന്നത്.

മനുഷ്യ നിര്‍മ്മിതമായ വൈറസുകള്‍ പുറത്തുവന്നാല്‍ അവ സൃഷ്ടിക്കുന്ന തകരാറുകള്‍ എന്താണെന്ന് പറയാനാവില്ലെന്നാണ് വൈറോളജി വിദഗ്ധരുടെ വാദം ഈ അവസരത്തില്‍ വേയ്ഡ് ഉദ്ധരിക്കുന്നുണ്ട്. ബാരിക്കും ഷിയും തങ്ങളുടെ ജോലികളിലെ അപകടസാധ്യതകൾ സമ്മതിച്ചെങ്കിലും വൈറോളജിയിലെ ഗെയിൻ ഓഫ് ഫംഗ്ഷൻ ഉപയോഗിച്ച് ന്യായീകരിക്കുകയായിരുന്നു. മനുഷ്യവത്കരിക്കപ്പെട്ട എലികളെപോലുള്ള ജീവികളെ വവ്വാലുകളിലെ കൊറോണ വൈറസ് ഉപയോഗിച്ച് ആക്രമിക്കുന്നതിനുള്ള രീതി ഷീയെ പഠിപ്പിച്ചതായാണ് ബാരിക്ക് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചത്. തിരികെ ചൈനയിലെത്തിയ ഷീ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ഇതിന്ക്കുറിച്ചുള്ള ഗവേഷണം തുടര്‍ന്നതായാണ് വിലയിരുത്തല്‍. മനുഷ്യകോശങ്ങളെ ആക്രമിക്കാന്‍ കൊറോണ വൈറസിനെ ജനറ്റിക് എന്‍ജിനിയറിംഗിലൂടെ തയ്യാറാക്കുന്നതായിരുന്നു ഷിയുടെ ജോലിയെന്നും വേയ്ഡ് പറയുന്നു.

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് അമേരിക്കയുമായുള്ള ബന്ധത്തേക്കുറിച്ചുള്ള രേഖകളും വേയ്ഡ് പുറത്ത് വിടുന്നുണ്ട്. 2005 മുതൽ 2019 വരെ  ഒബാമയുടെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം  യു‌എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തില്‍ നിന്ന് ഷീയ്ക്ക് പണം നല്‍കി. വൈറോളജിസ്റ്റായ പീറ്റർ ദാസ്സാക്കിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തില്‍ നിന്ന് സഹായം നല്‍കി. ഇദ്ദേഹം ഷീക്ക് ഉപകരാര്‍ നല്‍കിയെന്നാണ് വേയ്ഡ് പറയുന്നത്. ചൈന ഷീയുടെ ലാബ് പൂട്ടിച്ചെങ്കിലും അവര്‍ അവരുടെ ജോലി ചെയ്തുവെന്നാണ് 2019 ഡിസംബര്‍ 9 ന് ദാസ്സാക്ക് നല്‍കിയ ഒരു അഭിമുഖത്തെ ഉദ്ധരിച്ച് വേയ്ഡ് പറയുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്‍റെ കൊറോണ വൈറസ് ഗ്രാന്‍റ് ഷീക്ക് നല്‍കിയ ദാസ്സാക്കാണ് ഈ വൈറസ് ബാധ ലോത്തിന്‍റെ കണ്ണില്‍ നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്നാണ് വേയ്ഡ് പറയുന്നത്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് അത് ലാബില്‍ നിന്നല്ല എന്ന് ശാസ്ത്രജ്ഞരേക്കൊണ്ട് കത്ത് എഴുതിച്ചതും വൈറസ് ഉണ്ടായത് ലാബില്‍ നിന്നാണോയെന്ന് കണ്ടെത്താന്‍ നിയോഗിച്ച ലോകാരോഗ്യ സംഘടനയുടെ കമ്മീഷനിലെ അംഗമായ, പ്രതിരോധ കുത്തിവയ്പ് നൽകാൻ കഴിയാത്ത നൂറിലധികം വവ്വാല്‍ വൈറസുകളെ സൃഷ്ടിച്ചതിന് ഷീയെ അഭിനന്ദിക്കുകയും ചെയ്ത ദാസ്സാക്കാണ് ഈ വൈറസ് സൃഷ്ടിയെ മറച്ചതെന്നും വേയ്ഡ് ആരോപിക്കുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വെറുമൊരു ഗവേഷണ സ്ഥാപനമല്ലെന്നതാണ് ലേഖകന്‍ മുന്നോട്ട് വയ്ക്കുന്ന ആശങ്ക. പീപ്പിൾസ് ലിബറേഷൻ ആർമിയുമായി പങ്കാളിയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെന്നത് ആഗോളതലത്തില്‍ ആശങ്കയ്ക്ക് വക നല്‍കുന്നുണ്ടന്നും വേയ്ഡ് മറച്ചുവയ്ക്കുന്നില്ല.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!