പങ്കാളിയെ സ്വന്തമാക്കാൻ 18 അടവും പയറ്റുന്ന മിനെർവയ ചാൾസ് ഡാർവിൻ; മനുഷ്യനോട് ജീവൻ കാക്കാനുള്ള പോരാട്ടത്തിൽ

By Web Team  |  First Published Jul 29, 2024, 12:16 PM IST

തെക്കൻ ആൻഡമാൻ ദ്വീപുകളിൽ മൂന്നു വര്‍ഷം നടത്തിയ പഠനത്തിലൂടെയാണ് ഏറെ വ്യത്യസ്തകള്‍ നിറഞ്ഞ ഇവയുടെ പ്രജനനരീതി ഗവേഷകര്‍ കണ്ടെത്തിയത്


ൻഡമാൻ ദ്വീപുകളിലെ അപൂർവയിനം തവള വംശനാശഭീഷണിയിൽ. മിനെർവയ ചാൾസ് ഡാർവിൻ എന്ന ഈ അപൂര്‍വയിനം തവളയുടെ ഏറെ വ്യത്യസ്തമായ പ്രജനനരീതിയും ഗവേഷകര്‍ കണ്ടെത്തി. ലോകത്തെ മറ്റൊരു തവളയ്ക്കും ഇല്ലാത്തൊരു പ്രത്യേക പ്രജനനരീതിയുള്ള ഈ തവളകളും അവരുടെ അവാസവ്യവസ്ഥയും അസാധാരണമായ വെല്ലുവിളിയാണിപ്പോള്‍ നേരിടുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. തെക്കൻ ആൻഡമാൻ ദ്വീപുകളിൽ നിന്ന് മിനെര്‍വയ ചാള്‍സ് ഡാര്‍വിൻ എന്ന തവളകളുടെ സൂക്ഷ്മമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തിയാണ് മൂന്നു വര്‍ഷം നീണ്ട പഠനത്തിലൂടെ ഏറെ വ്യത്യസ്തകള്‍ നിറഞ്ഞ ഇവയുടെ പ്രജനനരീതി കണ്ടെത്തിയത്.

മിനെർവയ ചാൾസ് ഡാർവിന്‍റെ പ്രജനന രീതി

Latest Videos

undefined

മഴവെള്ളം കെട്ടിനിൽക്കുന്നൊരു മരപ്പൊത്തിൽ നിന്ന് ആദ്യം ആൺ തവള ഇണയെ വിളിക്കും. ഇതിനിടയിൽ പങ്കാളികൾക്കായി തവളകൾ പരസ്പരം പോരടിക്കും. ഇണയെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ ആൺ തവള പെൺതവളയുടെ പുറത്ത് കയറും. പക്ഷേ പ്രണയഭംഗം വന്ന എതിരാളികളായ ആണ്‍ തവളകള്‍ വിടില്ല. പെൺതവളയുടെ പുറത്ത് നിന്നും ആൺതവളയെ ഇറക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കും. ഇടിച്ചും കടിച്ചും തലകൊണ്ട് കുത്തിയും പോരാട്ടം തുടരും. പോരാട്ടത്തിനൊടുവിൽ ആൺതവളയെയുമെടുത്ത് പെൺ തവള മരപ്പൊത്തിന്‍റെ വശത്തേക്ക് പിടിച്ചുകയറും. ഇതിനുശേഷമാണ് അത്ഭുതം. കീഴ്മേൽ മറിഞ്ഞശേഷം തല താഴോട്ടാക്കി പെൺതവള മുട്ടയിടും.


പ്ലാസ്റ്റിക് കുപ്പികളും, ലോഹ പാട്ടകളിലും വരെ ഇണചേരൽ


മൂന്ന് വർഷം നീണ്ട പഠനത്തിലൂടെയാണ് ചാൾസ് ഡാർവിൻ തവളകളുടെ പ്രജനന രഹസ്യം ഗവേഷകർ മനസിലാക്കിയെടുത്ത്. ഡൽഹി സർവകലാശാല, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഹാർവാർഡ് സർവകലാശാല, യൂണിവേഴ്‌സിറ്റി ഓഫ് മിനസോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഇൻഡോ-അമേരിക്കൻ ബയോളജിസ്റ്റുകളുടെ സംഘമാണ് ഈ തവളകളുടെ ഏറെ വ്യത്യസ്തമായ പ്രജനന രഹസ്യം കണ്ടെത്തിയത്. ഫ്രോഗ് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ദില്ലി സർവകലാശാലയിലെ പ്രൊഫസർ ഡോ.സത്യഭാമ ദാസ് ബിജുവും സംഘവും 55 രാത്രികൾ അൻഡമാൻ കാടുകളിൽ തവളകൾക്കൊപ്പം ചെലവഴിച്ചു.

അവരുടെ ഓരോ ചലനവും ഒപ്പിയെടുത്തു. ഹാർവാർഡ് സർവകലാശാലയിലെ മ്യൂസിയം ഓഫ് കംപാരിറ്റീവ് ബയോളജിയുടെ ബ്രെവിയോറ ജേണലിലാണ് ഇവരുടെ പഠനം പ്രസിദ്ധീകരിച്ചത്. എന്നാല്‍, ഈ അപൂര്‍വ തവളകളുടെ ആവാസ വ്യവസ്ഥ തന്നെ ഇന്ന് അപകടത്തിലാണെന്നും ഗവേഷകര്‍ കണ്ടെത്തി. മരപ്പൊത്തുകളുടെ എണ്ണം കുറയുകയും കാടുകളിൽ മനുഷ്യർ മാലിന്യം തള്ളുകയും ചെയ്തതോടെ പ്ലാസ്റ്റിക് കുപ്പികളും, ലോഹ പാട്ടകളിലും വരെ തവളകൾ ഇണചേരുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇതെല്ലാം ഈ  തവളകളുടെ വംശനാശത്തിന് കാരണമാകുമെന്നാണ് ഇവര്‍ പറയുന്നത്.

ട്രാൻസ്ഷിപ്പ്മെന്‍റ് പോർട്ടും വിമാനത്താവള വികസനവും വൈദ്യുതി നിലയവും ടൗൺഷിപ്പും അടക്കം വൻകിട നിർമ്മാണ പ്രവർത്തികൾ ആൻഡമാൻ ദ്വീപുകളിൽ നീതി ആയോഗ് വിഭാവനം ചെയ്യുന്നുണ്ട്. പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ചിന്തിക്കാതെയുള്ള ഇത്തരം പദ്ധതികൾ ദ്വീപുകളിലെ ജൈവവൈവിധ്യത്തെ വംശനാശത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക പ്രതിപക്ഷ പാർട്ടികളും പങ്കുവയ്ക്കുന്നുണ്ട്.

സിനലോവ ലഹരിമരുന്ന് കാർട്ടൽ നേതാവ് പിടിയിലായതിന് പിന്നിൽ പങ്കാളിയുടെ മകന്റെ ചതിയെന്ന് റിപ്പോർട്ട്

 

click me!