സംസ്ഥാനത്ത് ഇതുവരെ അധികം ലഭിച്ചത് 128 ശതമാനം കൂടുതല്‍ വേനല്‍ മഴ

By Web Team  |  First Published May 22, 2021, 11:27 PM IST

കേരളത്തില്‍ മാര്‍ച്ച് 1 മുതല്‍ മെയ് 22വരെ പ്രതീക്ഷിച്ച മഴ 270.5 മില്ലി മീറ്റര്‍ ആണെങ്കില്‍ ഇതുവരെ ലഭിച്ചത് 612.9 മില്ലി മീറ്റര്‍.


തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ മെയ് 22വരെ പ്രതീക്ഷിച്ചതിനേക്കാള്‍ 128 ശതമാനം അധികം ലഭിച്ചതായി ഇന്ത്യന്‍ കാലവസ്ഥ ഡിപ്പാര്‍ട്ട്മെന്‍റ് കണക്കുകള്‍. കേരളത്തില്‍ മാര്‍ച്ച് 1 മുതല്‍ മെയ് 22വരെ പ്രതീക്ഷിച്ച മഴ 270.5 മില്ലി മീറ്റര്‍ ആണെങ്കില്‍ ഇതുവരെ ലഭിച്ചത് 612.9 മില്ലി മീറ്റര്‍. ഇത് സാധാരണ ലഭിക്കുന്ന മഴയെക്കാള്‍ 127 ശതമാനം അധികമാണ്. അതേ സമയം ലക്ഷദ്വീപില്‍ ഈ സമയത്ത് പ്രതീക്ഷിച്ച മഴയേക്കാള്‍ 255 ശതമാനം അധികം മഴയാണ് ലഭിച്ചത്.

വേനല്‍മഴ ഏറ്റവും കനത്ത ജില്ല പത്തനംതിട്ടയാണ് മാര്‍ച്ച് 1 മുതല്‍ മെയ് 22വരെ പത്തനംതിട്ടയില്‍ പ്രതീക്ഷിച്ചിരുന്ന മഴ 402.8 ആണ്. എന്നാല്‍ ഈ കാലയളിവില്‍ ജില്ലയില്‍ ലഭിച്ച മഴ 1065.5 മില്ലി മീറ്ററാണ്. രണ്ടാമത് ഏറ്റവും കൂടുതല്‍ മഴകിട്ടിയ ജില്ല കോട്ടയമാണ് പ്രതീക്ഷിച്ചതില്‍ നിന്നും 156 ശതമാനം കൂടുതലാണ് ഇവിടെ ലഭിച്ച 834 മില്ലി മീറ്റര്‍ മഴ. 

Latest Videos

undefined

എറണാകുളം (725.6 മി.മീ), ആലപ്പുഴ (707.7മി.മീ), തിരുവനന്തപുരം(697.7 മിമീ), കൊല്ലം (686.9 മിമീ), ഇടുക്കി (610.5 മിമീ) എന്നിങ്ങനെയാണ് പിന്നീട് വരുന്ന കൂടിയ മഴ ലഭിച്ച ജില്ലകള്‍. പാലക്കാടാണ് ഈ സമയത്ത് ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത്. 384.9 മില്ലി ലീറ്ററാണ് പാലക്കാട് ഈ കാലയളവില്‍ ലഭിച്ച മഴ, എന്നാല്‍ ഈ കാലയളവില്‍ പ്രതീക്ഷിച്ച മഴയേക്കാള്‍ 95 ശതമാനം അധികമാണ് ഇത്. അതേ സമയം 610.5 മില്ലിമീറ്റര്‍ മഴ ലഭിച്ച ഇടുക്കിയില്‍ ഈ വേനല്‍ക്കാലത്ത് പ്രതീക്ഷിച്ച മഴയേക്കാള്‍ 85 ശതമാനം കൂടുതല്‍ മഴമാത്രമാണ് ലഭിച്ചത്. 

അതേ സമയം മുന്‍വര്‍ഷത്തേ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ വേനല്‍ക്കാല മഴയില്‍ ഏറ്റകുറച്ചിലുകള്‍ കാണാം. 2020 ല്‍ മാര്‍ച്ച് 1 മുതല്‍ മെയ് 30വരെ പെയ്ത വേനല്‍ മഴ പ്രതീക്ഷിച്ചതിനേക്കാള്‍ 7 ശതമാനം കൂടുതലായിരുന്നു. എന്നാല്‍ 2019 ല്‍ ഇത് 53 ശതമാനം കുറവായിരുന്നു. 2018 ല്‍ ഇത് 37 ശതമാനം കൂടുതലായിരുന്നു. 

click me!