K Sivan Steps Down : കൊവിഡ് കാലത്ത് ഇസ്രൊയെ നയിച്ച ചെയർമാൻ, ഡോ കെ ശിവൻ പടിയിറങ്ങുമ്പോൾ

By Web Team  |  First Published Jan 13, 2022, 12:22 PM IST

തിരുവനന്തപുരം വിഎസ്‍എസ്‍സിയുടെ തലവനായിരുന്ന കാലത്ത് വീട്ടിൽ നല്ല പൂന്തോട്ടമുണ്ടാക്കി പരിപാലിച്ചിരുന്നു കെ ശിവൻ. ബെം​ഗളൂരുവിലെത്തിയ ശേഷം അതിനൊന്നും സമയം കിട്ടുന്നില്ലെന്ന് പിന്നീട് പലപ്പോഴും പരിഭവപ്പെട്ടിരുന്നു ഇസ്രൊ മേധാവി. ഇനി ‍ഡോ കെ ശിവന് വിശ്രമ കാലമായിരിക്കുമോ പുതിയ ചുമതലകൾ വരുമോ എന്ന് കാത്തിരുന്ന് കാണാം. 



കൈലാസവടിവൂ ശിവൻ, (Dr. Kailasavadivoo Sivan )പടിയിറങ്ങുന്ന ഇസ്രൊ (ISRO) മേധാവിയെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസിൽ വരിക ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡ‌ർ പരാജയപ്പെട്ട രാത്രിയും അതിന്റെ അടുത്ത പകലുമാണ്. മിഷൻ പരാജയമെന്ന് മനസിലാക്കുന്ന ശിവൻ, പേടകവുമായി ബന്ധം നഷ്ടപ്പെട്ടുവെന്ന് മാത്രമാണ് അപ്പോൾ പറഞ്ഞത്. അടുത്ത ദിവസം നമ്മൾ കണ്ടത് പ്രധാനമന്ത്രിയുടെ ആലിം​ഗനത്തിൽ വിങ്ങിപ്പൊട്ടുന്ന ഇസ്രൊ ചെയ‌ർമാനെയാണ്. എന്താണ് സംഭവിച്ചതെന്നതിൽ വ്യക്ത വരാൻ പിന്നെയും കുറേ കാലമെടുത്തു. ലാൻഡിം​ഗ് സമയത്ത് വേ​ഗത നിയന്ത്രിക്കാനാവാത്തതാണ് പ്രശ്നമെന്നതിനപ്പുറം ഒരു വിശദ മറുപടി ഇത് വരെയില്ല. തന്‍റെ ദൗത്യ കാലത്ത് തന്നെ ചന്ദ്രനിൽ പേടകമിറക്കണമെന്ന് ശിവൻ ആ​ഗ്രഹിച്ചിരിക്കണം പക്ഷേ വിജയകരമായ സോഫ്റ്റ് ലാൻഡിം​ഗ് എന്ന ലക്ഷ്യം പൂ‌‌ർത്തിയാക്കി പടിയിറങ്ങാൻ ശിവനായില്ല. കൊവിഡ് പ്രതിസന്ധിയിൽ വൈകിയ ദൗത്യങ്ങളുടെ കൂട്ടത്തിൽ ചന്ദ്രയാൻ മൂന്നും ഉൾപ്പെടുന്നു. 

കൊവിഡ് കാലത്ത് ഇസ്രൊയെ നയിച്ച ചെയ‌മാനാണ് പടിയിറങ്ങുന്നത്. ശിവൻ എന്ന ഇസ്രൊ ചെയ‌മാനെ വിമർശിക്കുന്നവരും കുറവല്ല. പരാജയങ്ങളെ ശിവൻ അഭിമുഖീകരിച്ച രീതിയെ നിശിതമായി വിമർശിക്കുന്നവരുണ്ട്. ദൗത്യം പരാജയപ്പെട്ടാൽ അത് പറയാനും ഉത്തരവാദിത്വം ഏറ്റെടുക്കാനും ഒരു മടിയും ഇല്ലാത്ത നേതാക്കളാണ് ഇസ്രൊയെ വള‌ർത്തിയത്. വിക്രം പരാജയപ്പെട്ടപ്പോൾ ഒരു വരി മാത്രം പറഞ്ഞ് പിന്നെ പത്രക്കാരുടെ അടുത്തേക്ക് വക്താവിനെ പറ‍ഞ്ഞുവിട്ടു കെ ശിവൻ. ജിഎസ്എൽവി എഫ് 10 ദൗത്യം പരാജയപ്പെട്ടപ്പോഴും ടെക്നിക്കൽ പ്രശ്നമെന്നതിന് അപ്പുറമൊരു വിശദീകരണം വന്നിട്ടില്ല. പരാജയ പഠന സമിതി റിപ്പോർട്ട് സമർപ്പിച്ചുവെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും വർഷാന്ത്യ കുറിപ്പിൽ ശിവൻ പറയുന്നുണ്ട്. പല വിവരങ്ങളും അപ്പോഴും ഇരുമ്പു മറയ്ക്ക് അപ്പുറം തന്നെയാണ്. 

Latest Videos

ഗ​ഗൻയാൻ പദ്ധതി സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാ‌‌‌ർഷികത്തിൽ തന്നെ യാഥാ‌ർത്ഥ്യമാക്കണമെന്ന നയപരമായ തീരുമാനത്തിന്റെ ഭാരം കൂടി ശിവന് മേൽ ഉണ്ടായിരുന്നു. എസ്എസ്എൽവി എന്ന ചെറു വിക്ഷേപണ വാഹനം, ആദിത്യ എൽ1 എന്ന സൗര പര്യവേഷണ ദൗത്യം, എക്സ്പോ സാറ്റ് എന്ന കോസ്മിക് കിരണങ്ങളെ പഠിക്കാനുള്ള  പ്രത്യേക ദൗത്യം, ശുക്രയാൻ, ഒരു പിടി ഭൗമ നിരീക്ഷണ ഉപ​ഗ്രങ്ങൾ, വാ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ർത്താവിനിമയ ഉപ​ഗ്രഹ വിക്ഷേപണങ്ങൾ അങ്ങനെ കൊവിഡിൽ തട്ടി വൈകിയ ദൗത്യങ്ങളുടെ പട്ടിക വളരെ വലുതാണ്. അവസാനം തീ‌ർത്തും അപ്രതീക്ഷിതമായി 2021ൽ കാലാവധി നീട്ടി നൽകിയെങ്കിലും കൊവിഡും ലോക്ക് ഡൗണും വീണ്ടും വില്ലനായപ്പോൾ ആ​ഗ്രഹിച്ച ദൗത്യങ്ങൾ പലതും പൂ‌ർത്തിയാക്കാനാവാതെയാണ് ശിവന്റെ പടിയിറക്കം.

വിക്രം ലാൻഡ‌ർ മുതലിങ്ങോട്ടുള്ള കാലം മാത്രം നോക്കി ശിവനെന്ന ഇസ്രൊ ശാസ്ത്രജ്ഞനെയോ വ്യക്തിയോ വിലിയിരുത്തുന്നത് അബദ്ധമാകും. നിശ്ചയദാർഢ്യത്തിന്‍റെയും കഠിന പരിശ്രമത്തിന്‍റെയും ഫലമാണ് ഇന്നത്തെ ഡോ കെ ശിവൻ. മാങ്ങ വിറ്റ് പഠിക്കാൻ പണം കണ്ടെത്തിയ ഒരു ഭൂതകാലമുണ്ട് കൈലാസവടിവ് ശിവന്. അവിടെ നിന്ന് രാജ്യത്തെ ബഹിരാകാശ ഏജൻസിയുടെ തലവനാകുകയെന്നത് ചെറിയ കാര്യമല്ല. തമിഴ്നാട്ടിലെ സരക്കൽവിലൈയെന്ന ​ഗ്രാമത്തിലായിരുന്നു ജനനം. അച്ഛൻ കൈലാസവടിവ്, അമ്മ ചെല്ലം. ശിവനടക്കം നാല് മക്കളായിരുന്നു ഈ ക‌‌ർഷക ദമ്പതികൾക്ക്, രണ്ട് പെണ്ണും രണ്ടാണും. കുടുംബത്തിൽ നിന്ന് ബിരുദ പഠനം പൂ‌ർത്തിയാക്കുന്ന ആദ്യത്തെയാളാണ് ശിവൻ, ബിരുദം ​ഗണിതത്തിലായിരുന്നു. അനിയന് പഠിക്കാൻ വേണ്ടി പഠനം നി‌ത്തിയ ചേ‍‌ട്ടനോട് കൂടി കടപ്പെട്ടിരിക്കുന്നു. കെ ശിവൻ എന്ന പടിയിറങ്ങുന്ന ഇസ്രൊ മേധാവി. 

കന്യാകുമാരി ജില്ലയിലെ കൊച്ചു ​ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ തലപ്പത്തേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല.  നൂറ് ശതമാനം മാ‌‌ർക്കും നേടി ബിഎസ്‍സി മാത്സ് വിജയിച്ച ശിവൻ അതു കഴിഞ്ഞ് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് വണ്ടി കയറി. എയറോനോട്ടിക്കൽ എഞ്ചിനിയറിം​​ഗ് പഠിച്ചു. ശിവന്റെ ജീവിതം വഴിതിരിച്ചു വിടുന്നത് എംഐടിയാണ്. എപിജെ അബ്ദുൾ കലാമും ഇതേ എംഐടിയിൽ നിന്നാണ് എയറോനോട്ടിക്കൽ എഞ്ചിനിയറിം​ഗ് പഠിച്ചത്. ഐഐഎസ്‍സിയിൽ നിന്ന് ബിരുദാനന്തര ബിരുദം കൂടി നേടിയ ശേഷം ശിവൻ ഐഎസ്ആ‌‌ർഒയിലെത്തി. 

1982ലാണ് ശിവൻ ഇസ്രൊയിൽ ജോയിൻ ചെയ്തത്. പിഎസ്എൽവി രൂപകൽപ്പന ചെയ്യുന്ന സംഘത്തിലായിരുന്നു ആദ്യ നിയോ​ഗം. ഇസ്രൊയിൽ ശിവൻ ശ്രദ്ധിക്കപ്പെടുന്നത് ഒരു ട്രാജക്ടറി സിമുലേഷൻ സോഫ്റ്റ്വെയ‌റിലൂടെയാണ്, സിത്താര. റോക്കറ്റിന്റെ സഞ്ചാര പാത കൃത്യമായി കണക്കാക്കാൻ സിതാര ഇന്നും ഉപയോ​ഗിക്കപ്പെടുന്നു. ജിഎസ്എൽവി രൂപകൽപ്പനയിലും ശേഷിയേറിയ ഈ വിക്ഷേപണവാഹനം യാഥാ‌ത്ഥ്യമാക്കുന്നതിലും ശിവൻ നി‌‌ർണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ സ്വന്തം  ക്രയോജനിക് എഞ്ചിൻ യാഥാ‌ർത്ഥ്യമാക്കിയതിലും ശിവന്റെ പങ്കുണ്ട്. സ്ക്രാം ജെറ്റ് എഞ്ചിൻ പരീക്ഷണം, പുനരുപയോ​ഗിക്കാവുന്ന വിക്ഷേപണ വാഹനമായ റീ യൂസബിൾ ലോഞ്ച് വെഹിക്കൾ ടെക്നോളജി ‍ഡെമോൺസ്ട്രേഷൻ പദ്ധതി എന്നിവയിലും നി‌‌ർണായക പങ്ക് വഹിച്ചു. ലിഥിയം അയോൺ സെല്ലുകളുടെ വികസനത്തിലും ഇലക്ട്രോണിക് പ്രൊപൽഷൻ സിസ്റ്റം വികസിപ്പിക്കുന്നതിനും മുൻകൈയെടുത്തു. പിഎസ്എൽവി വച്ചുള്ള മം​ഗൾയാൻ വിക്ഷേപണത്തിന്റെ പിന്നണിയിലും ശിവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 

ഇസ്രൊയിലെ നാൽപ്പത് വർഷത്തോളം നീണ്ട സേവനത്തിനിടെ പല നി‌‌ർണായക പദവികളും ശിവൻ വഹിച്ചു, എയറോനോട്ടിക്സ് എൻ്റിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ട‌‌‌ർ, എംഎസ്എസ്ജി ​ഗ്രൂപ്പ് ഡയറക്ട‌‌ർ, ജിഎസ്എൽവി പ്രൊജക്ട് ഡയറക്ട‌ർ, എൽപിഎസ്‍സി ഡയറക്ട‌ർ, വിഎസ്എസ്‍സി ഡയറക്ട‌ർ എന്നീ നിലയിൽ മികച്ച പ്രവ‌ർത്തനം കാഴ്ചവച്ചു. ഇതിനിടിൽ ഐഐടി ബോംബെയിൽ നിന്ന് പിഎച്ഡിയും പൂർത്തിയാക്കി. 

തിരുവനന്തപുരം വിഎസ്‍എസ്‍സിയുടെ തലവനായിരുന്ന കാലത്ത് വീട്ടിൽ നല്ല പൂന്തോട്ടമുണ്ടാക്കി പരിപാലിച്ചിരിന്നു കെ ശിവൻ. ബെം​ഗളൂരുവിലെത്തിയ ശേഷം അതിനൊന്നും സമയം കിട്ടുന്നില്ലെന്ന് പിന്നീട് പലപ്പോഴും പരിഭവപ്പെട്ടിരുന്നു ഇസ്രൊ മേധാവി. ഇനി ‍ഡോ കെ ശിവന് വിശ്രമ കാലമായിരിക്കുമോ പുതിയ ചുമതലകൾ വരുമോ എന്ന് കാത്തിരുന്ന് കാണാം. 

 

click me!