ഇന്ത്യക്ക് പിന്നാലെ വമ്പൻ നേട്ടവുമായി ജപ്പാൻ, 'മൂൺ സ്നിപ്പർ' ചന്ദ്രോപരിതലത്തിൽ ഇറങ്ങി, പക്ഷേ....

By Web Team  |  First Published Jan 20, 2024, 8:19 AM IST

സെപ്റ്റംബറിൽ ജപ്പാന്റെ മുൻനിര H-IIA റോക്കറ്റിലാണ് സ്ലിം വിക്ഷേപിച്ചത്. മൂൺ സ്നിപ്പർ എന്നാണ് പേടകത്തെ വിശേഷിപ്പിച്ചിരുന്നത്. 


ടോക്യോ: ചന്ദ്രനിൽ ബഹിരാകാശ പേടകം സ്ഥാപിക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. കഴിഞ്ഞ ദിവസമാണ് ജപ്പാന്റെ പേടകം ചന്ദ്രനിൽ ഇറങ്ങിയത്. എന്നാൽ ലാൻഡിങ്ങിന് പിന്നാലെ പേടകത്തിലെ സോളാർ വൈദ്യുതോൽപാദനം പ്രതിസന്ധി നേരിട്ടു. തിരിച്ചടി നേരിട്ടതിനാൽ ദൗത്യത്തിന്റെ മിഷൻ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. ജപ്പാൻ വിക്ഷേപിച്ച സ്‌മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ (SLIM) വെള്ളിയാഴ്ച ഏകദേശം 12:20 ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയെന്നും എന്നാൽ അതിന്റെ സോളാർ പാനലുകൾക്ക് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞില്ലെന്നും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (JAXA) അറിയിച്ചു.

പേടകത്തിന്റെ ആയുസ് നിലനിർത്താനായി അടി‌യന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ വിജയിക്കുമോ എന്നുറപ്പില്ല. ബാറ്ററിയെ മാത്രം ആശ്രയിച്ചതിനാൽ പേടകം ചന്ദ്രോപരിതലത്തിൽ നിന്ന് സ്വീകരിക്കുന്ന ഡാറ്റ ഭൂമിയിലേക്ക് കൈമാറുന്നതിനാണ് മുൻ​ഗണന നൽകിയതെന്ന് ജാക്സ ഗവേഷണ കേന്ദ്രം മേധാവി ഹിതോഷി കുനിനാക്ക പത്രസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബറിൽ ജപ്പാന്റെ മുൻനിര H-IIA റോക്കറ്റിലാണ് സ്ലിം വിക്ഷേപിച്ചത്. മൂൺ സ്നിപ്പർ എന്നാണ് പേടകത്തെ വിശേഷിപ്പിച്ചിരുന്നത്. 

Latest Videos

undefined

ജാക്സ തൽസ്ഥിതിയിൽ തുടരുമെന്നും വെല്ലുവിളിയുണ്ടാക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്നും സൂര്യപ്രകാശത്തിന്റെ ആംഗിളിലെ മാറ്റം അതിന്റെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയുന്ന തരത്തിൽ പാനലുകളിൽ പതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചന്ദ്രനിൽ സൂര്യപ്രകാശത്തിന്റെ ആംഗിൾ മാറാൻ 30 ദിവസമെടുക്കുമെന്ന് കുനിനാക പറഞ്ഞു. അതിനിടെ,  സ്ലിമ്മിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെട്ടതായി നാസയുടെ ഡീപ് സ്പേസ് നെറ്റ്‌വർക്കിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കി.

സിഗ്നൽ നഷ്ടം താത്കാലികമാണോ അതോ വൈദ്യുതി ലാഭിക്കുന്നതിനുള്ള നടപടിയാണോ എന്ന് വ്യക്തമല്ല. സ്ലിം ചന്ദ്രനെ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ശക്തമായ ഉപകരണമായി മാറുമെന്ന് ജാക്‌സ പറയുന്നു. ഓക്സിജൻ, ഇന്ധനം, വെള്ളം എന്നിവയുടെ ഉറവിടം സംബന്ധിച്ച പഠനമാണ് സ്ലിം നടത്തുക. ട്രേസ് ഡാറ്റ നോക്കുമ്പോൾ സ്ലിം 100 മീറ്റർ കൃത്യതയോടെ ലാൻഡിംഗ് നേടിയിട്ടുണ്ടെന്നും കുനിനാക്ക പറഞ്ഞു. 

ചൈനയെ നേരിടാൻ സഖ്യകക്ഷിയായ അമേരിക്കയുമായി സഹകരിച്ച് ബഹിരാകാശ രംഗത്ത് വലിയ പങ്ക് വഹിക്കാനുള്ള ജപ്പാന്റെ ശ്രമങ്ങളുടെ ഭാ​ഗമായിരുന്നു ദൗത്യം. നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമായി ചന്ദ്രനിലേക്ക്  ബഹിരാകാശയാത്രികനെ അയയ്ക്കാൻ ജാക്സ ലക്ഷ്യമിടുന്നു. എന്നാൽ ജാപ്പനീസ് ബഹിരാകാശ ഏജൻസിയുടെ  ദൗത്യങ്ങൾ  അടുത്തിടെ തിരിച്ചടി നേരിട്ടിരുന്നു. പുതിയ മുൻനിര റോക്കറ്റ് എച്ച് 3 ന്റെ മാർച്ചിലെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. ജാപ്പനീസ് സ്റ്റാർട്ടപ്പ് ഐസ്‌പേസ്, റഷ്യയുടെ ബഹിരാകാശ ഏജൻസി, അമേരിക്കൻ കമ്പനിയായ ആസ്ട്രോബോട്ടിക് എന്നിവയുടെ മൂന്ന് ചാന്ദ്ര ദൗത്യങ്ങൾ കഴിഞ്ഞ വർഷം പരാജയപ്പെട്ടു. 

സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന, ഇന്ത്യ എന്നീ നാല് രാജ്യങ്ങൾ മാത്രമാണ് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ചന്ദ്രയാൻ-3 ന്റെ പകുതിയിൽ താഴെ മാത്രമായിരുന്നു ജപ്പാൻ പേടകത്തിന്റെ ഭാരം. 

click me!