ത്രീ, ടു, വൺ ......ലിഫ്റ്റ് ഓഫ്; വാലൻ്റൈൻ ദിന വിക്ഷേപണത്തിന് തയ്യാറായി പിഎസ്എൽവി

By Web Team  |  First Published Feb 13, 2022, 8:53 PM IST

വീണ്ടും ലോഞ്ച് പാ‍ഡിലെത്തുമ്പോൾ ഇസ്രൊയിലെ മാറ്റങ്ങളും ചെറുതല്ല. ഇസ്രൊ ചെയർമാനായി എസ് സോമനാഥ്, വിഎസ്എസ്‍സി ഡയറക്ടർ സ്ഥാനത്ത് എസ് ഉണ്ണിക്കൃഷ്ണൻ. പുതിയ നേതൃത്വത്തിന് കീഴിലെ ആദ്യം വിക്ഷേപണം.

isro ready for valentines day launch

ബെംഗളൂരു: തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി. പിഎസ്എൽവി സി 52 ലോഞ്ച് പാ‍ഡിൽ കാത്തിരിക്കുകയാണ്. വലൻ്റൈൻസ് ദിനത്തിൽ പുലർച്ചെ 5.59നാണ് വിക്ഷേപണം. ആറ് മാസം മുമ്പുണ്ടായ ജിഎസ്എൽവി പരാജയത്തിന് ശേഷമുള്ള ആദ്യ വിക്ഷേപണം. 2022ലെ ഇസ്രൊയുടെ ആദ്യ ദൗത്യവും. 

കൊവിഡ് വ്യാപനം, ലോക്ക് ഡൗൺ, എറ്റവുമൊടുവിൽ ജിഎസ്എൽവി എഫ് 10 വിക്ഷേപണ പരാജയം. കഴിഞ്ഞ രണ്ട് വർഷം ഇസ്രൊയ്ക്ക് അത്ര മികച്ചതായിരുന്നില്ല. മുമ്പേ നിശ്ചയിച്ച ദൗത്യങ്ങളെല്ലാം വൈകി. അഭിമാന പദ്ധതികൾ പോലും എന്ന് പൂർത്തിയാക്കാനാകുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്ത സാഹചര്യം. എല്ലാം വീണ്ടും ട്രാക്കിലാക്കുന്നതിന്റെ ആദ്യ ഘട്ടമാണ് പിഎസ്എൽവി സി 52 / ഇഒഎസ് 03 ദൗത്യം. 

Latest Videos

Read More: അഞ്ച് പിഎസ്എൽവി, രണ്ട് എസ്എസ്എൽവി, ഒരു ജിഎസ്എൽവി മാർക്ക് ത്രീ; 2022ൽ ആകെ പത്ത് വിക്ഷേപണങ്ങൾ ലക്ഷ്യമിട്ട് ഇസ്രൊ

വീണ്ടും ലോഞ്ച് പാ‍ഡിലെത്തുമ്പോൾ ഇസ്രൊയിലെ മാറ്റങ്ങളും ചെറുതല്ല. ഇസ്രൊ ചെയർമാനായി എസ് സോമനാഥ്, വിഎസ്എസ്‍സി ഡയറക്ടർ സ്ഥാനത്ത് എസ് ഉണ്ണിക്കൃഷ്ണൻ. പുതിയ നേതൃത്വത്തിന് കീഴിലെ ആദ്യം വിക്ഷേപണം.

വിശ്വസത്ൻ പിഎസ്എൽവി

ഇസ്രൊയുടെ എറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ 54-ാം ദൗത്യമാണ് ഇത്. ആകെ രണ്ടേ രണ്ട് തവണ മാത്രമേ പിഎസ്എൽവി പരാജയമറിഞ്ഞിട്ടുള്ളു. 1993 സെപ്റ്റംബർ 20ന് നടന്ന ആദ്യ പരീക്ഷണ വിക്ഷേപണവും, പിന്നെ 2017ലെ പിഎസ്എൽവി സി39/ഐആർഎൻഎസ്എസ് -1എച്ച് ദൗത്യവും. ആറ് സ്ട്രാപ്പോണുകൾ ഉപയോഗിച്ചുള്ള 23-ാമത് ദൗത്യം കൂടിയാണ് വലൻ്റൈൻസ് ദിനത്തിലേത്.  

വിക്ഷേപിക്കുന്നത് മൂന്ന് ഉപഗ്രഹങ്ങൾ

റഡാർ‌ ഇമേജിംഗ് ഉപഗ്രഹമായ ഇഒഎസ് 04 ആണ് പ്രധാന ഉപഗ്രഹം. ഇസ്രൊയുടെ പഴയ രീതിയനുസരിച്ച് റിസാറ്റ് 1എ എന്നായിരുന്നു ഈ ഉപഗ്രഹത്തിന്റെ പേര്. റഡാർ ഇമേജിംഗ് ഉപഗ്രഹമായത് കൊണ്ട് ഏത് കാലാവസ്ഥയിലും ഭൂപ്രദേശങ്ങളുടെ മിഴിവേറിയ ചിത്രങ്ങളെടുക്കാൻ ഇഒഎസ് 04ന് സാധിക്കും. കാർഷിക ഗവേഷണത്തിനും, വനപ്രദേശങ്ങളെയും തോട്ടം മേഖലകളെയും നിരീക്ഷിക്കുന്നതിനും പ്രളയ സാധ്യത പഠനത്തിനും മണ്ണിനെക്കുറിച്ചുള്ള ഗവേഷണത്തിനുമെല്ലാം ഉപഗ്രഹം നൽകുന്ന വിവരങ്ങൾ മുതൽക്കൂട്ടായിരിക്കുമെന്നാണ് ഇസ്രൊ അറിയിക്കുന്നത്. 

പത്ത് വർഷത്തെ ദൗത്യ കാലാവധിയാണ് ഇഒഎസ് 04ന് നൽകിയിരിക്കുന്നത്. 1710 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ഇത്. 

ഇൻസ്പയർ സാറ്റ് 1 എന്ന കുഞ്ഞൻ ഉപഗ്രഹവും ദൗത്യത്തിന്‍റെ ഭാഗമാണ്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളും കൊളറാഡോ സർവകലാശാലയിലെ ലബോറട്ടറി ഫോർ അറ്റമോസ്ഫറിക് ആൻഡ് സ്പേസ് ഫിസിക്സും ( Laboratory for Atmospheric and Space Physics) ചേർന്ന് ഇൻസ്പയർ പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ഇത്. 

Read More: പ്രണയദിനത്തിൽ കുതിച്ചുയരും, പിഎസ്എൽവിയുടെ ചിറകിലേറി വിദ്യാർത്ഥികളുടെ ഇൻസ്പയർ സാറ്റ്

ഇന്ത്യ- ഭൂട്ടാൻ സംയുക്ത ഉപഗ്രഹത്തിന് മുന്നോടിയായുള്ള സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹം ഐഎൻഎസ് -2ടിഡിയാണ് മൂന്നാമത്തെ ഉപഗ്രഹം. 

ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് പുലർച്ചെ 05:59 നാണ് വിക്ഷേപണം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ അഞ്ച് ദൗത്യങ്ങൾ പദ്ധതിയിട്ടിരിക്കുന്ന ഇസ്രൊയ്ക്ക് ഈ ദൗത്യം നിർണ്ണായകമാണ്.

vuukle one pixel image
click me!
vuukle one pixel image vuukle one pixel image