പ്രകൃതിദുരന്തങ്ങള്‍ക്കെതിരായ ഇന്ത്യന്‍ പ്രതിരോധം, കരുത്താകാന്‍ ഇഒഎസ്-08 സാറ്റ്‌ലൈറ്റ്; സവിശേഷതകള്‍ വിശദമായി

By Web Team  |  First Published Aug 16, 2024, 11:54 AM IST

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അനേകം സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് സാറ്റ്‌ലൈറ്റിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്


ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ എസ്എസ്എല്‍വി-ഡി3 വിക്ഷേപണ വാഹനം ഉപയോഗിച്ച് ഇഒഎസ്-08 (EOS-08) സാറ്റ്‌ലൈറ്റ് വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയായിരുന്നു രാജ്യം കാത്തിരുന്ന വിക്ഷേപണം. ഇന്ത്യയുടെ ഭൗമനിരീക്ഷണത്തിന് ഉപകരിക്കുന്ന ഇഒഎസ്-08 സാറ്റ്‌ലൈറ്റിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. പ്രകൃതിദുരന്തങ്ങളുടെ കാലത്ത് ഇന്ത്യക്ക് കരുത്തും പ്രതിരോധവുമാകാന്‍ ഇഒഎസ്-08 സാറ്റ്‌ലൈറ്റിന് കഴിയുമെന്നാണ് പ്രതീക്ഷ.

175.5 കിലോഗ്രാമാണ് ഇഒഎസ്-08 കൃത്രിമ ഉപഗ്രഹത്തിന്‍റെ ഭാരം. ഭൂമിയില്‍ നിന്ന് 475 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഇതിനെ എത്തിച്ചിരിക്കുന്നത്. 420 വാട്ട്സ് ഊര്‍ജമാണ് സാറ്റ്‌ലൈറ്റില്‍ സൃഷ്‌ടിക്കപ്പെടുക. നവീനമായ ആന്‍റിന, കാര്യക്ഷമത കൂടിയ സോളാര്‍ സംവിധാനം, ചൂട് നിയന്ത്രിക്കാനുള്ള നൂതനമായ സംവിധാനം എന്നിങ്ങനെ അനേകം പ്രത്യേകതകള്‍ ഈ ഉപഗ്രഹത്തിനുണ്ട്. സോളാര്‍ സെല്ലും നാനോ സ്റ്റാര്‍ സെന്‍സറും ഉള്‍പ്പടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അനേകം സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് സാറ്റ്‌ലൈറ്റിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് എന്നതാണ് മറ്റൊരു സവിശേഷത. 

Latest Videos

undefined

ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ് (EOIR), ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിസ്റ്റം റിഫ്ലെക്റ്റമെട്രി (GNSS-R), എസ്ഐസി യുവി ഡോസിമീറ്റര്‍ (SiC UV Dosimeter) എന്നീ സാങ്കേതികവിദ്യകള്‍ സാറ്റ്‌ലൈറ്റില്‍ അടങ്ങിയിരിക്കുന്നു. പകലും രാത്രിയും ഉപഗ്രഹ ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നതാണ് ഇഒഐആര്‍. ഇതില്‍ മിഡ്-വേവ് ഇന്‍ഫ്രാറെഡും ലോംഗ്‌വേവ് ഇന്‍ഫ്രാറെഡും അടങ്ങിയിരിക്കുന്നു. ദുരന്ത നിരീക്ഷണം മുതൽ അഗ്നിപർവ്വതങ്ങളുടെ നിരീക്ഷണം വരെ ഇഒഎസ്-08 സാറ്റ്‌ലൈറ്റ് കൊണ്ട് സാധ്യമാകും. അതേസമയം കടലിന്‍റെ ഉപരിതലത്തിലെ കാറ്റിന്‍റെ നിരീക്ഷണം, മണ്ണിലെ ഈര്‍പ്പത്തിന്‍റെ അവലോകനം, പ്രളയ സാധ്യത തുടങ്ങിയവ അറിയാന്‍ സഹായകമാകുന്ന നവീനമായ റിമോട്ട് സെന്‍സിംഗ് ടെക്‌നോളജിയാണ് ജിഎന്‍എസ്എസ്-ആര്‍ പേലോഡിലുള്ളത്. ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ കൂടി ഭാഗമായി അള്‍ട്രാവയലറ്റ് രശ്‌മികളെ നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്ഐസി യുവി ഡോസിമീറ്റര്‍ ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗൻയാൻ. 

പ്രധാനമായും ഭൗമനിരീക്ഷണം ലക്ഷ്യമിട്ടാണ് ഇഒഎസ്-08 സാറ്റ്‌ലൈറ്റ് ഐഎസ്ആര്‍ഒ വികസിപ്പിച്ചത്. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും പഠിക്കാൻ ഇഒഎസ്-08ൽ നിന്നുള്ള വിവരങ്ങൾ സഹായകമാകും. ഇൻഫ്രാറെഡ് ചിത്രങ്ങളെടുക്കാൻ കെൽപ്പുള്ള ഇഒഎസ്-08 മൈക്രോസാറ്റിന് നിലവിൽ ഒരു വർഷത്തെ ദൗത്യകാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിനൊപ്പം എസ്എസ്എല്‍വി-ഡി3 വിക്ഷേപണ വാഹനത്തില്‍ എസ്ആർ-0 എന്ന ഡെമോസാറ്റിനെയും ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. എസ്എസ്എൽവി എന്ന ഇസ്രൊയുടെ എറ്റവും ചെറിയ വിക്ഷേപണവാഹനത്തിന്‍റെ മൂന്നാമത്തെ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയായത്.

Read more: ഐഎസ്ആര്‍ഒയുടെ സ്വാതന്ത്ര്യദിന സമ്മാനം, എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം; ഇഒഎസ്-08നെ ബഹിരാകാശത്തെത്തിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!