New ISRO Chairman : അണിയറയിൽ പുതിയ വിക്ഷേപണ വാഹനങ്ങൾ; സ്വപ്നങ്ങൾ പങ്കുവച്ച് എസ് സോമനാഥ്

By Web Team  |  First Published Jan 12, 2022, 10:06 PM IST

പിഎസ്എൽവിയെക്കാൾ ചെറിയ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. ജോലി നേരത്തെ നടക്കുന്നുണ്ടായിരുന്നു, കൊവിഡ് മൂലം വൈകി. എന്നാൽ ഈ വർഷം വിക്ഷേപണം ഉണ്ടാകും, ഇതിന്റെ പ്രഖ്യാപനം വരും മാസങ്ങളിൽ തന്നെ നടക്കും. 



തിരുവനന്തപുരം : ബഹിരാകാശ ഗവേഷണ രംഗത്ത് ലോകത്ത് നടക്കുന്ന മാറ്റങ്ങൾ കൂടി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയെന്ന് നിയുക്ത ഇസ്രൊ ചെയർമാൻ എസ് സോമനാഥ്. ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സോമനാഥിന്റെ പ്രതികരണം. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമെന്ന ലക്ഷ്യത്തിലേക്ക് ഇസ്രൊ അടുത്ത് കൊണ്ടിരിക്കുകയാണ് ആ‌ർഎൽവിയുടെ ഒരു പരീക്ഷണ വിക്ഷേപണം ഉടനുണ്ടാകുമെന്നും സോമനാഥ് അറിയിച്ചു. 

ലോകത്ത് ബഹിരാകാശ ഗവേഷണ രംഗത്ത് നടക്കുന്ന കാര്യങ്ങൾ എല്ലാം അത് പോലെ ഇവിടെ സ്വീകരിക്കണമെന്നില്ലെന്ന് പറഞ്ഞ സോമനാഥ് പുതിയ വിക്ഷേപണവാഹനങ്ങളെക്കുറിച്ച് ആവേശത്തോടെയാണ് സംസാരിച്ചത്. ഓരോ രാജ്യവും അവരുടെ ആവശ്യത്തിന് അനുസരിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. എന്നാൽ റോക്കറ്റുകളുടെ പുനരുപയോഗം പ്രധാനപ്പെട്ട മുന്നേറ്റമാണ്. പുതിയ കാലത്ത് പുനരുപയോഗിക്കാവുന്ന റോക്കറ്റുകളുടെ കടന്നുവരവ് വിപ്ലവകരമായ മാറ്റമാണ് മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. പുനരുപയോഗ റോക്കറ്റുകൾ വിക്ഷേപണ ചിലവ് കുറച്ചു. ഉപഗ്രഹങ്ങളുടെ വിക്ഷേപണ ചിലവ് കുറഞ്ഞത് വലിയ മുന്നേറ്റമാണെന്നും സോമനാഥ് ചൂണ്ടിക്കാട്ടി. 

Latest Videos

undefined

ഇസ്രൊയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിനായുള്ള ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. വിഎസ്എസ്‍സിയിൽ നടക്കുന്ന പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നു. ഒരു പരീക്ഷണ വിക്ഷേപണം ഉടൻ നടക്കുമെന്ന് സോമനാഥ് അറിയിച്ചു. വിമാനത്തെ പോലെ തിരിച്ചിറങ്ങുന്ന വിക്ഷേപണ വാഹനത്തിന്‍റെ വികസനവും പരീക്ഷണവുമാണ് നടക്കുന്നത്. വിങ്ങ്ഡ് റീ യൂസബിൾ ലോഞ്ച് വെഹിക്കിളിന്റെ ഒരു ഓർബിറ്റൽ ലോഞ്ച് ഉടൻ ഉണ്ടാകുമെന്നാണ് സോമനാഥിന്റെ പ്രഖ്യാപനം. 

രാജ്യവും മാറ്റത്തിന്റെ പാതയിലാണ്. പുതുതായി രൂപീകരിച്ച ഇൻസ്പേസ് ഒരു റെഗുലേറ്ററി ഏജൻസിയാണെന്ന് സോമനാഥ് വീണ്ടും വ്യക്തമാക്കി. ഇനി മേഖലയിലേക്ക് കടന്നുവരുന്നവരെ സഹായിക്കുകയാണ് ഇൻസ്പേസിന്റെ ലക്ഷ്യം. നമ്മൾ വികസിപ്പിച്ച സാങ്കേതിക വിദ്യ പുതിയ ആളുകൾക്ക് ലഭ്യമാക്കുകയും ഇൻസ്പേസിന്റെ ദൗത്യമാണ്. 

എസ്എസ്എൽവി വിക്ഷേപണം

മറ്റൊരു പ്രധാനപ്പെട്ട ദൗത്യമായ എസ്എസ്എൽവി ലോഞ്ച് ഈ വർഷം തന്നെ ഉണ്ടാകുമെന്നും സോമനാഥ് അറിയിച്ചു. പിഎസ്എൽവിയെക്കാൾ ചെറിയ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. ജോലി നേരത്തെ നടക്കുന്നുണ്ടായിരുന്നു, കൊവിഡ് മൂലം വൈകി. എന്നാൽ ഈ വർഷം വിക്ഷേപണം ഉണ്ടാകും. ഇതിന്റെ പ്രഖ്യാപനം വരും മാസങ്ങളിൽ തന്നെ നടക്കും. 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസിനെ വളർത്തുകയാണ് ലക്ഷ്യമെന്നും സോമനാഥ് അഭിമുഖത്തിൽ പറഞ്ഞു. ദേശീയ തലത്തിൽ പ്രധാനപ്പെട്ട സ്ഥാപനമാക്കുകയാണ് ലക്ഷ്യം. ഇവിടെ കൂടുതൽ ഗവേഷണങ്ങൾ നടത്താനുള്ള പിന്തുണയുണ്ടാകും. നിലവിൽ ഇസ്രൊയിലേക്ക് ഒരുപാട് യുവശാസ്ത്രജ്ഞരെ ഇവിടെ നിന്ന് സംഭാവന ചെയ്തിട്ടുണ്ടെന്നും സോമനാഥ് ഓർമ്മിപ്പിച്ചു. 

സ്പേസ് ഡെബ്രി (Space Debris)

ബഹിരാകാശത്തും മാലിന്യം ഒരു പ്രധാനപ്പെട്ട പ്രശ്നമാണെന്ന് സമ്മതിച്ച നിയുക്ത ഇസ്രൊ തലവൻ, ഇവയെ നിരീക്ഷിക്കുന്നതിൽ കാലങ്ങളായി ഇസ്രൊ പങ്കുചേരുന്നുണ്ടെന്നും ഓർമ്മിപ്പിച്ചു. ഉപേക്ഷിക്കപ്പെട്ട ഉപഗ്രഹങ്ങളും വിക്ഷേപണ വാഹനങ്ങളുടെ ഭാഗങ്ങളുമെല്ലാം അടങ്ങുന്നതാണ് ബഹിരാകാശത്തെ മാലിന്യം അഥവാ സ്പേസ് ഡെബ്രി. ബഹിരാകാശത്തെ ഇത്തരം വസ്തുക്കളെ നിരീക്ഷിക്കാൻ ഒരു ഒബ്സർവേഷൻ സിസ്റ്റം നിർമ്മിക്കാനുള്ള ജോലികൾ പുരോഗമിക്കുന്നുണ്ട്. ഉപഗ്രഹങ്ങളെ ഉപയോഗ ശേഷം തിരിച്ചെത്തിക്കുന്ന കാര്യത്തിൽ നയ രൂപീകരണം വേണം, ഇതും പരിഗണനയിലുണ്ട്. ഇസ്രൊ ഈ മേഖലയിൽ ലോകത്തിന് മാതൃകയാകണമെന്നാണ് ആഗ്രഹമെന്ന് സോമനാഥ് പറയുന്നു. 

പുതിയ തലമുറയ്ക്ക് ഇസ്രൊയിലേക്ക് വരാൻ

പുതിയ തലമുറയ്ക്ക് ബഹിരാകാശ മേഖലയുടെ ഭാഗമാകാൻ നിരവധി അവസങ്ങളുണ്ട്. വിക്ഷേപണ വാഹന നിർമ്മാണവും ഉപഗ്രഹ നിർമ്മാണവും പോലെ വെല്ലുവിളികളുള്ള മേഖലകളുണ്ട്. താരതമ്യേന എളുപ്പമുള്ള സേവന മേഖലയുമുണ്ട്. ഇവിടെയെല്ലാം പുതിയ തുടക്കം കുറിക്കാൻ അവസരമുണ്ടെന്നാണ് സോമനാഥ് അഭിപ്രായപ്പെടുന്നത്. 

click me!