Water on Mars : ചൊവ്വയില്‍ വന്‍തോതിലുള്ള ജലസാന്നിധ്യം കണ്ടെത്തി, ഹരിയാനയോളം വലിപ്പം, ഇനി കളി വേറെ ലവല്‍!

By Web Team  |  First Published Dec 16, 2021, 3:06 PM IST

വാലി മറൈനറീസ് എന്നു പേരിട്ടിരിക്കുന്ന ഭാഗത്ത് കാണപ്പെടുന്ന ജലം ചൊവ്വയുടെ ഉപരിതലത്തിനടിയില്‍ മറഞ്ഞിരിക്കുകയാണ്. ഇതിന് ഏകദേശം 45,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ളതാണ്, ഹരിയാന സംസ്ഥാനത്തിന്റെ അത്രയും വലുപ്പം കാണുമെന്നാണ് നിഗമനം.


ചൊവ്വയില്‍ വലിയ തോതില്‍ ജലസ്രോതസസ്സ് കണ്ടെത്തി. ചൊവ്വയെ (Mars) കോളനിയാക്കാനുള്ള ശ്രമത്തിന് മികച്ചയൊരു മുന്നേറ്റത്തിനു കാരണമായേക്കാവുന്ന ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് ട്രേസ് ഗ്യാസ് ഓര്‍ബിറ്ററാണ് (Trace Gas Orbiter (TGO). വാലി മറൈനറീസ് എന്നു പേരിട്ടിരിക്കുന്ന ഭാഗത്ത് കാണപ്പെടുന്ന ജലം ചൊവ്വയുടെ ഉപരിതലത്തിനടിയില്‍ മറഞ്ഞിരിക്കുകയാണ് (Water on Mars). ഇതിന് ഏകദേശം 45,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ളതാണ്, ഹരിയാന സംസ്ഥാനത്തിന്റെ അത്രയും വലുപ്പം കാണുമെന്നാണ് നിഗമനം.

ഈ കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ക്ക് ഗ്രഹത്തിലെ ധ്രുവപ്രദേശങ്ങള്‍ക്ക് പുറമേ മറ്റിടങ്ങളില്‍ കൂടി ജലം തിരയാനുള്ള ഊര്‍ജം നല്‍കും. ബഹിരാകാശ പേടകം ചൊവ്വയുടെ മണ്ണിന്റെ ഏറ്റവും മുകളിലെ ജലത്തിന്റെ അളവ് അളക്കുന്ന ഹൈഡ്രജനെ മാപ്പ് ചെയ്യുന്നതിനിടെയാണ് ഇപ്പോഴത്തെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ചൊവ്വയുടെ മധ്യരേഖയില്‍ ജലത്തിന്റെ സാന്നിധ്യമുള്ള മഞ്ഞ് കണ്ടെത്തിയില്ല, ഇവിടെ തീവ്രമായ താപനില കാരണം, ജലത്തിന്റെയും ഐസിന്റെയും സാന്നിധ്യം തേടി ഓര്‍ബിറ്റര്‍ തിരഞ്ഞിരുന്നുവെങ്കിലും പിന്നീട് താഴ്ന്ന അക്ഷാംശങ്ങളിലെ ധാതുക്കളിലേക്ക് മാറിയിരുന്നു. 'ടിജിഒ ഉപയോഗിച്ച് പൊടിപടലമുള്ള പാളിക്ക് താഴെ ഒരു മീറ്റര്‍ വരെ നോക്കാനും ചൊവ്വയുടെ ഉപരിതലത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാനും, ഉപകരണങ്ങള്‍ ഉപയോഗിച്ച് ജലസമൃദ്ധമായ 'മരുപ്പച്ചകള്‍' കണ്ടെത്താനും കഴിയും,' എന്ന് മോസ്‌കോയിലെ റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമേധാവി ഇഗോര്‍ മിട്രോഫനോവ് പറഞ്ഞു.

Latest Videos

undefined

ബഹിരാകാശ പേടകത്തിലെ ഫൈന്‍ റെസല്യൂഷന്‍ എപ്പിതെര്‍മല്‍ ന്യൂട്രോണ്‍ ഡിറ്റക്ടര്‍ (FREND) ടെലിസ്‌കോപ്പാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഭീമാകാരമായ വാലെസ് മറൈനെറിസ് മലയിടുക്കില്‍ അസാധാരണമാംവിധം വലിയ അളവില്‍ ഹൈഡ്രജന്‍ ഉള്ള ഒരു പ്രദേശത്താണ് ജലസാന്നിധ്യം വെളിപ്പെടുത്തിയിരിക്കുന്നത്. 'നമ്മള്‍ കാണുന്ന ഹൈഡ്രജന്‍ ജല തന്മാത്രകളായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കരുതുക, ഈ പ്രദേശത്തെ ഉപരിതലത്തിന് സമീപമുള്ള വസ്തുക്കളുടെ 40 ശതമാനവും വെള്ളമാണെന്ന് തോന്നുന്നു,' ഇഗോര്‍ മിട്രോഫനോവ് കൂട്ടിച്ചേര്‍ത്തു.

ഈ മലയിടുക്കിന്റെ ഭാഗമായ കാന്‍ഡര്‍ ചാവോസിലെ പ്രദേശം നെതര്‍ലാന്‍ഡിന്റെ വലുപ്പമുള്ളതാണെന്ന് ചൊവ്വയിലെ ജലത്തിനായുള്ള തെരച്ചിൽ നടത്തുന്ന യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും പറഞ്ഞു. ഓര്‍ബിറ്റര്‍ കണ്ടെത്തിയ ഈ ജലം മഞ്ഞിന്റെ രൂപത്തിലോ മണ്ണിലെ മറ്റ് ധാതുക്കളുമായി രാസപരമായി ബന്ധപ്പെട്ടിരിക്കുന്ന വെള്ളത്തിലോ ആയിരിക്കാമെന്ന് സംഘം പറയുന്നു. ചൊവ്വയിലെ താഴ്ന്ന അക്ഷാംശങ്ങളില്‍ ഇറങ്ങാനുള്ള ദൗത്യം ആസൂത്രണം ചെയ്യുന്നതിനാല്‍, ഗ്രഹത്തില്‍ അത്തരമൊരു കരുതല്‍ ജലം കണ്ടെത്തുന്നത് ഭാവി ദൗത്യങ്ങള്‍ക്ക് വളരെ ഗുണം ചെയ്യുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

click me!