ആഹാ സന്തോഷ വാർത്ത, എൽനിനോ പ്രതിഭാസം അവസാനിച്ചു, ലാ നിന ഉറപ്പില്ല; മികച്ച കാലവർഷത്തിന് അനുകൂല സാഹചര്യം!

By Web Team  |  First Published Apr 16, 2024, 4:43 PM IST

എൽ നിനോ കിഴക്കൻ ഓസ്‌ട്രേലിയയിലും തെക്കുകിഴക്കൻ ഏഷ്യയിലും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയും അമേരിക്കയിൽ ഈർപ്പമുള്ള അവസ്ഥയും കൊണ്ടുവരുന്നു


ദില്ലി: പസഫിക്ക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം അവസാനിച്ചെന്നും എൽ നിനോ-സതേൺ ഓസിലേഷൻ (ENSO ) ന്യൂട്രൽ സ്ഥിതിയിലേക്ക് മടങ്ങിയെന്നും ഓസ്ട്രേലിയൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, മഴക്ക് അനുകൂലമാകുന്ന ലാ നിന പ്രതിഭാസമുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.   2024 ജൂലൈ വരെയെങ്കിലും  നിലവിലെ ന്യൂട്രൽ സ്ഥിയിൽ തുടരാൻ സാധ്യതയെന്ന് വിവിധ കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

ന്യൂട്രൽ സ്ഥിയിലുള്ള ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ( IOD) പോസിറ്റീവ് ഫേസിലേക് നീങ്ങാനും സാധ്യതയുണ്ട്. എൽ നിനോ കിഴക്കൻ ഓസ്‌ട്രേലിയയിലും തെക്കുകിഴക്കൻ ഏഷ്യയിലും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയും അമേരിക്കയിൽ ഈർപ്പമുള്ള അവസ്ഥയും കൊണ്ടുവരുന്നു, അതേസമയം ലാ നിന നേരെ വിപരീതമായ ഫലമാണുണ്ടാക്കുക.  മധ്യ, കിഴക്കൻ ഉഷ്ണമേഖലാ പസഫിക്കിലെ ചൂടുള്ള സമുദ്രോപരിതല താപനില എൽ നിനോയ്ക്കും തണുത്ത താപനിലയും ലാ നിനക്കും കാരണമാകുന്നു. കുറഞ്ഞത് ജൂലൈ വരെ ഓസിലേഷൻ ന്യൂട്രലായി തുടരുമെന്ന് കാലാവസ്ഥാ വിദ​ഗ്ധർ പറയുന്നു. ചില കാലാവസ്ഥാ ഏജൻസികൾ ഈ വർഷാവസാനം ലാ നിനക്ക് സാധ്യതയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ കൃത്യമായി പറഞ്ഞിട്ടില്ല.

Latest Videos

undefined

ഇന്ത്യയിൽ കാലവർഷം പതിവിലും നേരത്തെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മെയ് അവസാന വാരത്തോടെ കാലവർഷം ശക്തിപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. കേരളത്തില്‍ സാധാരണ ജൂണിലാണ് കാലവര്‍ഷം എത്താറ്. ഇക്കുറി മെയ് പകുതിക്ക് ശേഷം പ്രതീക്ഷിക്കാമെന്ന്  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ എം. മൊഹാപത്ര പറഞ്ഞു.

Read More... വേനൽമഴ പെയ്തിട്ടും ആശ്വാസമില്ല; സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു, 11 ജില്ലകളിൽ യെല്ലോ അലർട്ട്

എൽനിനോയുടെ സ്വാധീനം കുറഞ്ഞതോടെയാണ് കാലവർഷം നേരത്തെയെത്തുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവചനം. എൽനിനോയുടെ സ്വാധീനം കുറഞ്ഞു വരുന്നതിനാൽ സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വേനൽ മഴ ശക്തിപ്പെടും.

 

click me!