ഏപ്രിൽ-ജൂൺ മാസങ്ങളിൽ എൽ നിനോ സന്തുലിതാവസ്ഥയിലേക്ക് മാറാൻ 79 ശതമാനം സാധ്യതയും ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ ലാ നിനക്ക് 55 ശതമാനവും സാധ്യതയുമുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ആഴ്ച പ്രവചിച്ചിരുന്നു.
ദില്ലി: ഈ വർഷം ജൂണോടെ എൽ നിനോ സാഹചര്യം അവസാനിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ആഗോള കാലാവസ്ഥയെ ബാധിക്കുന്ന എൽ നിനോ ദുർബലമാകാൻ തുടങ്ങിയെന്നും ഓഗസ്റ്റിൽ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ആഗോള കാലാവസ്ഥാ ഏജൻസികൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞർ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ജൂൺ-ഓഗസ്റ്റ് മാസത്തോടെ ലാ നിന പ്രതിഭാസമുണ്ടാകുകയാണെങ്കിൽ ഈ വർഷം രാജ്യത്ത് മൺസൂൺ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചു. നിലവിലെ നിഗമനങ്ങൾ ഇങ്ങനെയാണെങ്കിലും എൽ നിനോ, ലാ നിനാ പ്രതിഭാസങ്ങൾ കൃത്യമായ പ്രവചനങ്ങൾ നടത്താൻ ബുദ്ധിമുട്ടുള്ളതിനാൽ ഇനിയും മാറ്റങ്ങളുണ്ടേയാക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജൂൺ-ജൂലൈ മാസത്തോടെ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറി മാധവൻ രാജീവൻ എക്കണോമിക്സ് ടൈംസിനോട് പറഞ്ഞു. എൽ നിനോ സൗതേൺ ഓസിലേഷൻ (ENSO) സന്തുലിതാവസ്ഥയിലേക്ക് മാറിയാലും ഈ വർഷം മൺസൂൺ കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വാർഷിക മഴയുടെ 70 ശതമാനവും തെക്കുപടിഞ്ഞാറൻ മൺസൂണിനെയാണ് ആശ്രയിക്കുന്നത്. ഏപ്രിൽ-ജൂൺ മാസങ്ങളിൽ എൽ നിനോ സന്തുലിതാവസ്ഥയിലേക്ക് മാറാൻ 79 ശതമാനം സാധ്യതയും ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ ലാ നിനക്ക് 55 ശതമാനവും സാധ്യതയുമുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ആഴ്ച പ്രവചിച്ചിരുന്നു.
എൽ നിനോ ദുർബലമാകാൻ തുടങ്ങിയെന്ന് യൂറോപ്യൻ യൂണിയൻ്റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം (സി3എസ്) സ്ഥിരീകരിച്ചു. 2023 ലെ മൺസൂൺ സീസണിൽ 820 മില്ലീമീറ്റർ മഴയാണ് ഇന്ത്യയിൽ ലബിച്ചത്. എൽ നിനോ 2024 ൻ്റെ ആദ്യ പകുതിവരെ തുടരുകയാണെങ്കിൽ 2024 ചൂടേറിയ വർഷമാകുമെന്നും പ്രവചനമുണ്ടായിരുന്നു. എന്നാൽ, ലാനിന രൂപപ്പെട്ടാൽ താപനില കുറയും. അതേ സമയം, ഉയർന്ന താപനില തുടരുകയാണെങ്കിൽ, തീവ്രമായ ചുഴലിക്കാറ്റും അതിശക്തമായ മഴക്കും സാധ്യതയുണ്ട്.