ഡാർട്ട് വിക്ഷേപണം വിജയം; ഇനി ഒരു വർഷം നീളുന്ന യാത്ര, ഛിന്നഗ്രഹത്തിന്‍റെ ഗതി മാറ്റാനാകുമോയെന്ന ആകാംഷയിൽ ലോകം

By Web Team  |  First Published Nov 24, 2021, 12:24 PM IST

ഒരു നാൾ ഒരു ഛിന്നഗ്രഹം ഭൂമിക്ക് നേരേ വന്നാൽ അതിനെ വഴി തിരിച്ചുവിടാൻ പറ്റുമോ? ദിശാമാറ്റം പ്രായോഗികമാണോ? നിലവിലെ സാങ്കേതിക വിദ്യവച്ച് അത് ചെയ്യാൻ പറ്റുമോ ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഡാർട്ടിലൂടെ നാസ തേടുന്നത്


കാലിഫോർണിയ: നാസയുടെ(NASA) ഛിന്നഗ്രഹ വേധ ദൗത്യം ഡാർട്ട് (DART) വിജയകരമായി വിക്ഷേപിച്ചു. ആദ്യ ഭൗമപ്രതിരോധ ദൗത്യമെന്ന് വിശേഷിക്കപ്പെടുന്ന ഡാർട്ട് ഒരു ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാത അതിലിടിച്ചിറങ്ങുന്നതിലൂടെ മാറ്റാൻ കഴിയുമോ എന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ചുറ്റുന്ന ഡിഫോർമസ് എന്ന കുഞ്ഞൻ ഛിന്നഗ്രഹത്തെയാണ് ഡാർട്ട് ലക്ഷ്യം വയ്ക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ഡിഫോർമസിന്റെ സഞ്ചാര പാതയിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം സെപ്റ്റംബറോടെയായിരിക്കും ഡാർട്ട് ലക്ഷ്യ സ്ഥാനത്ത് എത്തുക. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് കാലിഫോർണിയയിലെ വാൻഡ്ബെർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നായിരുന്നു വിക്ഷേപണം. 

ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ് എന്നതിന്റെ ചുരുക്കെഴുത്താണ് ഡാർട്ട്. എന്നെങ്കിലും ഒരു നാൾ ഒരു ഛിന്നഗ്രഹം ഭൂമിക്ക് നേരേ വന്നാൽ അതിനെ വഴി തിരിച്ചുവിടാൻ പറ്റുമോ? ദിശാമാറ്റം പ്രായോഗികമാണോ? നിലവിലെ സാങ്കേതിക വിദ്യവച്ച് അത് ചെയ്യാൻ പറ്റുമോ ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഡാർട്ടിലൂടെ നാസ തേടുന്നത്. ഡിഡിമോസ്- ഡിഫോർമസ് ഛിന്നഗ്രഹങ്ങളെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ചുറ്റുന്ന ഡിഫോർമസ് എന്ന കുഞ്ഞൻ ഛിന്നഗ്രഹത്തെ ഡാർട്ട് ചെന്നിടിക്കും. ഇടിയുടെ ആഘാതത്തിൽ ഡിഫോർമസിന്റെ സഞ്ചാരപാതയിൽ നേരിയ വ്യതിയാനമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയമായാൽ ഡിഫോർമസ് ഡിഡിമോസിനെ ചുറ്റുന്നത് കുറച്ച് കൂടി വേഗത്തിലാകും, സഞ്ചാരപാതയിൽ നേരിയ വ്യതിയാനമുണ്ടാകും, ഇടിയിലുണ്ടാകുന്ന മാറ്റങ്ങൾ ശാസത്രജ്ഞർ പഠനവിധേയമാക്കും ഭാവി ദൗത്യങ്ങൾക്കായി തന്ത്രങ്ങൾ മെനയും. ഇതാണ് ആശയം.

Latest Videos

undefined

ഭൂമിക്ക് യാതൊരു വിധത്തിലും ഭീഷണിയുയർത്തുന്ന ഛിന്നഗ്രഹങ്ങളല്ല ഡിഡിമോസും ഡിഫോർമസും,പഠനത്തിന് വേണ്ടി മാത്രമാണ് ഈ ദൗത്യം. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഒരു ഛിന്നഗ്രഹത്തെ വച്ച് പരീക്ഷണം നടത്തിയാൽ ഇടി ഫലം കണ്ടോ എന്നറിയാൻ ഏറെക്കാലം കാത്തിരിക്കേണ്ടി വരും. അത് കൊണ്ടാണ് ഡിഫോർമസിനെ ദൗത്യത്തിനായി തെരഞ്ഞെടുത്തത്.

2022 സെപ്റ്റംബറോടെയായിരിക്കും പേടകം ഛിന്നഗ്രഹത്തിനടുത്തെത്തുക. കൂട്ടിയിടി ചിത്രീകരിക്കാനായി ഒരു കുഞ്ഞൻ സാറ്റലൈറ്റ് കൂടി ‍ഡാർട്ട് പേടകത്തിനകത്തുണ്ട്. ഛിന്നഗ്രത്തിലേക്ക് പതിക്കുന്നതിന് മുമ്പ് ലിസിയ ക്യൂബ് എന്ന ഈ ചെറു സാറ്റലൈറ്റിനെ പ്രധാന പേടകത്തിൽ നിന്ന് സ്വതന്ത്രമാക്കും.  സമീപ ഭാവിയിൽ ഭൂമിയിലിടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളൊന്നും ഇത് വരെ കണ്ടെത്തിയിട്ടില്ല എങ്കിലും ഭാവിയിൽ അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാൽ ഡാർട്ട് നൽകുന്ന വിവരങ്ങൾ നിർണ്ണായകമായിരിക്കും. 

click me!