ഭൂമിയുടെ ഭ്രമണം മന്ദ​ഗതിയിലാകുന്നുവെന്ന് പഠനം, കാരണം മനുഷ്യൻ

By Web Team  |  First Published Jul 17, 2024, 2:26 PM IST

ഭൂമിയുടെ പിണ്ഡം അച്ചുതണ്ടിൽ നിന്ന് അകന്നുപോകുമ്പോൾ, ജഡത്വം വർധിക്കുകയും ഭ്രമണം മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്നും പറയുന്നു


ഭൂമിയുടെ ഭ്രമണത്തിൽ മാറ്റം വരുന്നതായി ​ഗവേഷകർ. കാലാവസ്ഥാ വ്യതിയാനം കാരണമാണ് ഭൂമിയുടെ ഭ്രമണം മാറിക്കൊണ്ടിരിക്കുന്നതെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ഇടിഎച്ച് സൂറിച്ച് സർവകലാശാലയിൽ (Eidgenössische Technische Hochschule Zürich) നിന്നുള്ള പുതിയ ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയുടെ ധ്രുവ പ്രദേശങ്ങളിലെ മഞ്ഞ് ഉരുകുകയും ജലം ഭൂമധ്യരേഖയിലേക്ക് ഒഴുകുകയും ചെയ്യുന്നത് ഭൂമിയുടെ പിണ്ഡത്തിൻ്റെ വിതരണത്തിൽ മാറ്റം വരുത്തുകയും അച്ചുതണ്ടിന്‍റെ ജഡത്വം വര്‍ധിപ്പിക്കുകയും ഭ്രമണത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്നാണ് പറയുന്നു. നേച്ചർ ജിയോസയൻസിലും പിഎൻഎഎസിലും പഠനം പ്രസിദ്ധീകരിച്ചു. 

ഫിഗർ സ്കേറ്റർ മഞ്ഞിൽ അതിവേ​ഗം കറങ്ങുന്ന സമയത്ത് കൈകൾ നീട്ടുന്നതിന് സമാനമാണ്  ഈ പ്രതിഭാസമെന്ന് പഠനത്തിന് നേതൃത്വം നൽകി പ്രൊഫസർ ബെനഡിക്റ്റ് സോജ അഭിപ്രായപ്പെട്ടു. ഭൂമിയുടെ പിണ്ഡം അച്ചുതണ്ടിൽ നിന്ന് അകന്നുപോകുമ്പോൾ, ജഡത്വം വർധിക്കുകയും ഭ്രമണം മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്നും പറയുന്നു. ചന്ദ്രൻ്റെ വേലിയേറ്റ ഘർഷണമാണ് ഭൂമിയുടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രധാന ഘടകമെങ്കിലും ആ​ഗോളതാപനം മൂലമുണ്ടാകുന്ന ഹരിതഗൃഹ വാതക ഉദ്‌വമനം തടസ്സമില്ലാതെ തുടരുകയാണെങ്കിൽ ഭൂമിയുടെ ഭ്രമണത്തെ വലിയ രീതിയിൽ സ്വാധീനിക്കുമെന്നും ​ഗവേഷകർ കണ്ടെത്തി. 

Latest Videos

മനുഷ്യർ നാം മനസ്സിലാക്കുന്നതിനേക്കാൾ വലിയ രീതിയിൽ ഭൂമിയിൽ സ്വാധീനം ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞുപാളികൾ ഉരുകുന്നത് ഭൂമിയുടെ ഭ്രമണ അച്ചുതണ്ടിൻ്റെ മാറ്റത്തിന് കാരണമാകുന്നു. നിർമിത ബുദ്ധി സംയോജിപ്പിച്ച്, ഭൂമിയുടെ കോർ, ആവരണം, ഉപരിതലം എന്നിവയിലെ പ്രക്രിയകൾ അച്ചുതണ്ടിനെ ചലിപ്പിക്കുന്നതിന് എങ്ങനെ സ്വാധീനിക്കുന്നുവെന്നും ​ഗവേഷകർ വിവരിച്ചു. കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ചലനത്തെ വിവിധ തരത്തിൽ ബാധിച്ചേക്കാമെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ഭൂമിയുടെ കറക്കത്തിലുണ്ടാകുന്ന നേരിയ വ്യതിയാനം ദൈനംദിന ജീവിതത്തിലുണ്ടാക്കുന്ന  മാറ്റങ്ങൾ വളരെ ചെറുതാണെങ്കിലും ബഹിരാകാശ നാവിഗേഷനിൽ സുപ്രധാനമായ പ്രത്യാഘാതങ്ങളുണ്ടായേക്കാമെന്നും ​ഗവേഷകർ പറയുന്നു.  

click me!