ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു വിധ ഭീഷണിയുമുയർത്തില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഛിന്നഗ്രഹത്തിന്റെ യാത്രയുടെ വിശദാംശങ്ങൾ പകർത്തിയാണ് ശാസ്ത്രജ്ഞർ ഇക്കാര്യം വ്യക്തമാക്കിയത്.
ദില്ലി: വലൈന്റൻസ് ഡേയിൽ ഭൂമിക്ക് സമീപത്തുകൂടെ ഛിന്നഗ്രഹം കടന്നുപോകുന്നു. 2024 ബിആർ 4 എന്ന് പേരിട്ട ഛിന്നഗ്രഹമാണ് ഭൂമിയുടെ സമീപത്തുകൂടി പോകുന്നത്. 140 മുതൽ 310 മീറ്റർ വരെ വ്യാസമുള്ള, ഏകദേശം ഒരു കൂറ്റൻ കെട്ടിടത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ 4.6 ദശലക്ഷം കിലോമീറ്ററിനടുത്ത് എത്തും. ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 12 മടങ്ങ് ദൂരത്തിലായിരിക്കും സഞ്ചാരം.
ജനുവരി 30-ന് കാറ്റലീന സ്കൈ സർവേയാൻ് അതിവേഗം സഞ്ചരിക്കുന്ന ഛിന്നഗ്രഹം കണ്ടെത്തിയത്. അപ്പോളോസ് എന്നറിയപ്പെടുന്ന ഛിന്നഗ്രഹങ്ങളുടെ ഗ്രൂപ്പിൽപ്പെടുന്നതാണ് 2024 ബിആർ4. ആഗോള വെർച്വൽ ടെലിസ്‌കോപ്പ് പ്രോജക്റ്റിൻ്റെ ഭാഗമായ സെലസ്ട്രോൺ റോബോട്ടിക് യൂണിറ്റ് ഉപയോഗിച്ച് അടുത്തിടെ എടുത്ത 120 സെക്കൻഡ് നീണ്ട എക്‌സ്‌പോഷർ ചിത്രമാണ് ഛിന്നഗ്രഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകിയത്. ഫോട്ടോ എടുത്ത സമയത്ത്, 2024 BR4 ഭൂമിയിൽ നിന്ന് ഏകദേശം 12 ദശലക്ഷം കിലോമീറ്റർ അകലെയായിരുന്നു.
ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു വിധ ഭീഷണിയുമുയർത്തില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഛിന്നഗ്രഹത്തിന്റെ യാത്രയുടെ വിശദാംശങ്ങൾ പകർത്തിയാണ് ശാസ്ത്രജ്ഞർ ഇക്കാര്യം വ്യക്തമാക്കിയത്. ഛിന്നഗ്രഹം ഭൂമിയുടെ ഏറ്റവും കുറഞ്ഞ ദൂരമായ 4.6 ദശലക്ഷം കിലോമീറ്ററിലേക്ക് മാത്രമാണ് എത്തുക. ഛിന്നഗ്രഹങ്ങൾക്ക് ഭൂമിയിൽ എന്തെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനുള്ള സാധ്യത ഭാവിയിൽ വളരെ കുറവാണെന്ന് നാസ വ്യക്തമാക്കി. ഭൂമിക്ക് സമീപമുള്ള 33,000 വസ്തുക്കളെ ജാഗ്രതയോടെ നാസ നിരീക്ഷിക്കുന്നുണ്ട്.