ശമ്പള കുടിശ്ശിക കൈപ്പറ്റിയെന്ന് കമ്പനിയുടെ വാദം; ചെലവിന് പോലും വകയില്ലാതെ ദുരിതത്തിലായ 3 മലയാളികൾ നാട്ടിലേക്ക്

By Web Team  |  First Published Dec 3, 2024, 6:40 PM IST

ശമ്പളം കിട്ടാത്തതും ഇഖാമയുടെ കാലാവധി കഴിഞ്ഞതും മൂലം ദുരിതത്തിലായിരുന്നു ഇവര്‍. 


റിയാദ്: കമ്പനിയുടെ നിരുത്തരവാദപരമായ സമീപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ മൂന്ന് മലയാളി വനിതകളെ ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെ നാട്ടിലേക്കെത്തിച്ചു. ആറ് മാസം മുമ്പാണ് റിയാദിലെ ഒരു കോൺട്രാക്റ്റിങ്ങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള മൂന്ന് പേർക്ക് ജോലി നഷ്ടമായത്. ഇവരും നേപ്പാൾ, ശ്രീലങ്ക, പാകിസ്താന്‍ എന്നിവിടങ്ങളിൽ നിന്നുള്ളവരുമടക്കം 45ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടു.

നല്ല രീതിയിൽ മുന്നോട്ട് പോയി കൊണ്ടിരുന്ന കമ്പനിയിൽ നിന്ന് കുറച്ച് പേരെ മറ്റൊരു കമ്പനിയിലേക്ക് മാറ്റിയതോടെയാണ് പ്രതിസന്ധിയുണ്ടാകുന്നത്. നിലവിലെ മുഴുവൻ ശമ്പള കുടിശ്ശിക കൈപ്പറ്റിയിട്ടുണ്ടെന്നും നൽകിയതിന്ന് തെളിവുണ്ടെന്നും പറഞ്ഞ് കമ്പനി അധികൃതർ രംഗത്ത് വന്നതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. ആയിടക്ക് കൂട്ടത്തിലെ മിക്കയാളുകളുടെയും ഇഖാമയുടെ കാലാവധി കഴിയുകയും പുറത്തിറങ്ങാൻ പറ്റാത്ത അസ്ഥയിലുമായി. മുൻ മാസങ്ങളിലെ ശമ്പളം കൂടി കിട്ടാതായപ്പോൾ നിത്യചെലവിന് പോലും വകയില്ലാതെ കഴിയുമ്പോഴാണ് റിയാദിലെ സാമൂഹിക പ്രവർത്തകരുമായി ഇവർ ബന്ധപ്പെടുന്നത്. നിസാം കായംകുളം, സിറാജുദ്ദീൻ കൊല്ലം എന്നിവരുടെ നേതൃത്വത്തില്‍ ആവശ്യമായ പച്ചക്കറികളും ഭക്ഷണസാധനങ്ങളും ക്യാമ്പിൽ ഇവർക്ക് എത്തിച്ച് നൽകി.

Latest Videos

undefined

Read Also - യാത്രക്കാർക്ക് സന്തോഷ വാർത്ത; പുതിയ സർവീസ് തുടങ്ങാൻ ഇൻ‍‍ഡിഗോ, എല്ലാ ദിവസവും കോഴിക്കോട് നിന്ന് അബുദാബിയിലേക്ക്

തുടർന്ന് ഇവരുടെ നിലവിലെ കമ്പനിയുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടർന്ന് ഇന്ത്യൻ എംബസിയിൽ പരാതി നൽകി. ഇവരുടെ യാത്രാസംബന്ധമായ രേഖകളും നിയമനടപടികളും സംബന്ധിച്ച് ഇന്ത്യൻ എംബസിയുമായി നടത്തിയ പ്രവർത്തനങ്ങൾക്ക് അസ്‌ലം പാലത്ത്, നിഹ്മത്തുല്ല തുടങ്ങിയവർ നേതൃത്വം നൽകി. എംബസി ഉദ്യോഗസ്ഥൻ ഷറഫുദീെൻറ ഇടപെടലുകൾ എംബസിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി. കഴിഞ്ഞ ദിവസം എംബസിയിൽ നിന്നുള്ള ഔട്ട്പാസ് കിട്ടി നാട്ടിലേക്ക് യാത്ര തിരിച്ചു. മൂന്ന് പേർക്കുമുള്ള വിമാന ടിക്കറ്റുകൾ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് സൗജന്യമായി നൽകി. സലീം വാലില്ലപ്പുഴ, നമിഷ അസ്‌ലം, ഫൗസിയ നിസാം തുടങ്ങിയവർ യാത്രാനടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!