2250 കോടി ഡോളർ ചെലവ്, 176 കിലോമീറ്റർ; ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള മെട്രോ റെയിൽ, റിയാദ് മെട്രോ ബുധനാഴ്ച മുതൽ

By Web Team  |  First Published Nov 24, 2024, 7:11 PM IST

ആകെ 176 കിലോമീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം. 


റിയാദ്: റിയാദ് മെട്രോ ഈ മാസം 27 ന് (ബുധനാഴ്ച) പ്രവർത്തനം ആരംഭിക്കും. ആദ്യ ഘട്ടമായി ഒലയ-ബത്ഹ-അൽ ഹൈർ ബ്ലൂ ലൈൻ, കിങ് അബ്ദുല്ല റോഡിന് സമാന്തരമായ റെഡ് ലൈൻ, അബ്ദുൽ റഹ്മാൻ ബിൻ ഔഫ് റോഡിനും ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ റോഡിനും സമാന്തരമായ വയലറ്റ് ലൈനുകളിലാണ് ആദ്യം ട്രെയിനുകൾ ഓടിത്തുടങ്ങുന്നത്.

അവശേഷിക്കുന്ന മൂന്ന് ലൈനുകളിൽ ഡിസംബർ അഞ്ച് മുതൽ ട്രെയിൻ സർവിസ് ആരംഭിക്കും. മദീന മുനവ്വറ റോഡിനും സഊദ് ബിൻ അബ്ദുൽ റഹ്മാൻ അൽ അവ്വൽ റോഡിനും സമാന്തരമായ ഓറഞ്ച് ലൈൻ, റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്നുള്ള യെല്ലോ ലൈൻ, കിങ് അബ്ദുൽ അസീസ് റോഡിന് സമാന്തരമായ ഗ്രീൻ ലൈൻ എന്നിവയിലൂടെ ബാക്കി ട്രെയിനുകൾ കൂടി ഓട്ടം ആരംഭിക്കുന്നതോടെ റിയാദ് മെട്രോ റെയിൽ പദ്ധതി പൂർണമാവും. റിയാദ് സിറ്റി റോയൽ കമീഷനാണ് മെട്രോയുടെ നടത്തിപ്പുകാർ.

Latest Videos

undefined

ടിക്കറ്റ് നിരക്ക് ഉടൻ പ്രഖ്യാപിക്കും. തുടക്കത്തിൽ ടിക്കറ്റ് നിരക്കിൽ 20 മുതല്‍ 30 ശതമാനം ഇളവ് ഏർപ്പെടുത്തിയേക്കും. റിയാദ് ബസ് സർവിസിൽ ഉപയോഗിക്കുന്ന ദർബ് കാർഡുകളും ബാങ്കുകളുടെ എ.ടി.എം കാർഡുകളും ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ അനുവദിച്ചേക്കും. ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള മെട്രോ റെയിൽ പദ്ധതിയാണ് റിയാദിലേത്. ആറ് ലൈനുകളിലായി 176 കിലോമീറ്റർ ദൈർഘ്യമാണ് ആകെയുള്ളത്. ഇതിൽ 46.3 കിലോമീറ്റർ ഭൂമിക്കടിയിലൂടെയാണ്. ഇതിൽ 35 കിലോമീറ്റർ തുരങ്ക പാത ഒലയ-ബത്ഹ-അൽ ഹൈർ ബ്ലൂ ലൈനിലാണ്. 176 കിലോമീറ്റർ പാതക്കിടയിൽ ആെക 84 മെട്രോ സ്റ്റേഷനുകളുണ്ട്. അതിൽ മൂന്നെണ്ണം ഏറ്റവും വലുതാണ്. 

അതിലൊരെണ്ണം ബത്ഹയിലാണ്. ബ്ലൂ, റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ, വയലറ്റ് എന്നീ ആറ് നിറങ്ങളാണ് റെയിൽ പാതക്കും ട്രയിനുകൾക്കും നൽകിയിട്ടുള്ളത്. ഓരോ ലൈനിനും ട്രെയിനും അതത് നിറങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത്. മെട്രോ സ്റ്റേഷനുകളെയും നഗരത്തിലെ മുക്കുമൂലകളെയും ബന്ധിപ്പിച്ച് കൊണ്ട് റിയാദ് ബസ് സർവിസുമുണ്ടാകും. നിലവിൽ റിയാദ് നഗരത്തിലെ വിവിധ റൂട്ടുകളിലായി ആയിരത്തോളം ബസുകൾ സർവിസ് നടത്തുന്നുണ്ട്. ഈ സർവിസുകളെ അതതിടങ്ങളിലെ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും.

അബ്ദുല്ല രാജാവിെൻറ ഭരണകാലത്താണ് റിയാദ് മെട്രോയും ബസ് സർവിസും ഉൾപ്പെട്ട സമ്പൂർണ പൊതുഗതാഗത പദ്ധതിയായി കിങ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം പ്രഖ്യാപിക്കപ്പെട്ടത്. 2012 ഏപ്രിലിൽ സൗദി മന്ത്രി സഭ പദ്ധതിക്ക് അനുമതി നൽകി. 2013-ൽ നിർമാണം ആരംഭിച്ചു. ബഹുരാഷ്ട്ര കമ്പനികളാണ് നിർമാണ ജോലികൾ നിർവഹിച്ചത്. ഇന്ത്യൻ കമ്പനികളടക്കം ഇതിൽ ഉൾപ്പെട്ടിരുന്നു. പദ്ധതി പൂർത്തിയാകുമ്പോൾ ആകെ നിർമാണ ചെലവ് 22.5 ബില്യൺ യു.എസ് ഡോളർ കടന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!