പ്രവാസികള്‍ക്ക് ആശ്വാസം; മടങ്ങിയെത്താന്‍ കഴിയാത്തവരുടെ വിസാ കാലാവധി 12 മാസം ദീര്‍ഘിപ്പിച്ചു

By Web Team  |  First Published Jun 1, 2020, 11:31 PM IST

എല്ലാ സന്ദര്‍ശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. തൊഴില്‍ വിസയില്‍ രാജ്യത്ത് പ്രവേശിക്കുകയും എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കും മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 


കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മടങ്ങിയെത്താനാവാത്ത വിദേശികളുടെ വിസാ കാലാവധി 12 മാസം ദീര്‍ഘിപ്പിച്ച് കുവൈത്ത്. സാധുതയുള്ള താമസ വിസയുള്ള എല്ലാ പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. നേരത്തെ ആറ് മാസത്തേക്ക് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത് 12 മാസമായി ദീര്‍ഘിപ്പിച്ച് നല്‍കുകയാണ്.

എല്ലാ സന്ദര്‍ശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. തൊഴില്‍ വിസയില്‍ രാജ്യത്ത് പ്രവേശിക്കുകയും എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കും മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മേയ് അവസാനത്തോടെ വിസാ കാലാവധി അവസാനിച്ച പ്രവാസികള്‍ക്ക് മൂന്ന് മാസത്തെ കാലാവധി കൂടി നീട്ടി നല്‍കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. വിസ പുതുക്കുന്നതിനുള്ള ഗ്രേസ് പീരിഡ് മേയ് അവസാനത്തോടെ തീരുന്ന, ഇപ്പോള്‍ കുവൈത്തിലുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിസാ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് പ്രത്യേക നടപടികളുടെ ആവശ്യവുമില്ല. കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ സ്വാഭാവികമായിത്തന്നെ വിസാ കാലാവധി ദീര്‍ഘിപ്പിക്കപ്പെടും. 

Latest Videos

click me!