ടിക്കറ്റിന് പണമില്ലാത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം; കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്ന് സഹായം

By Web Team  |  First Published May 26, 2020, 2:16 PM IST

ടിക്കറ്റിനായുള്ള അപേക്ഷയ്‌ക്കൊപ്പം പാസ്‌പോര്‍ട്ട്, വിസ എന്നിവ സമര്‍പ്പിക്കണം. കൂടാതെ എന്തുകൊണ്ട് ടിക്കറ്റെടുക്കാനുള്ള സാമ്പത്തിക ശേഷി ഇല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം.


കൊച്ചി: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റിന് പണമില്ലാത്ത ഇന്ത്യക്കാര്‍ക്ക് എംബസി/ കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും സഹായം. ടിക്കറ്റിനുള്ള സഹായം ആവശ്യമുള്ള സാമ്പത്തിക ശേഷി കുറഞ്ഞ പ്രവാസി ഇന്ത്യക്കാര്‍ക്ക് മതിയായ രേഖകളോടെ സമീപിച്ചാല്‍ എംബസി/കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്ന് (ICWF) സഹായം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തിങ്കളാഴ്ച കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് അനു ശിവരാമന് ഉറപ്പ് നല്‍കി. 

ടിക്കറ്റിനായുള്ള അപേക്ഷയ്‌ക്കൊപ്പം പാസ്‌പോര്‍ട്ട്, വിസ എന്നിവ സമര്‍പ്പിക്കണം. കൂടാതെ എന്തുകൊണ്ട് ടിക്കറ്റെടുക്കാനുള്ള സാമ്പത്തിക ശേഷി ഇല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം. ടിക്കറ്റിനുള്ള അപേക്ഷ, പാസ്‌പോര്‍ട്ടിന്റെ കോപ്പി, വിസയുടെ(എക്‌സിറ്റ് എക്‌സിറ്റ് ആന്‍ഡ് റീ എന്‍ട്രി)കോപ്പി, അതാത് രാജ്യത്തെ തൊഴില്‍ അല്ലെങ്കില്‍ താമസ ഐഡിയുടെ കോപ്പി, അപേക്ഷകരുടെ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അതാത് എംബസി കോണ്‍സുലേറ്റുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

Latest Videos

undefined

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരായ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളിലെ എംബസി ക്ഷേമനിധി (ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്) ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിനും എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 

വടകര പാലോളിത്താഴയില്‍ ജിഷ, തിരുവനന്തപുരം മടവൂര്‍ പുലിയൂര്‍ക്കോണത്ത് ഷീബ മന്‍സിലില്‍ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയില്‍ വീട്ടില്‍ മനീഷ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. അഡ്വ. പി ചന്ദ്രശേഖരന്‍, അഡ്വ. ജോണ്‍ കെ ജോര്‍ജ്, അഡ്വ. ആര്‍ മുരളീധരന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കേന്ദ്രസര്‍ക്കാര്‍, റിയാദിലെയും ദോഹയിലെയും ഇന്ത്യന്‍ എംബസികളിലെ അംബാസഡര്‍മാര്‍, ദുബായ്, ജിദ്ദ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍മാര്‍ എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍. ഇടം സാംസ്‌കാരികവേദി റിയാദ്, ഗ്രാമം യു.എ.ഇ, കരുണ ഖത്തർ, എന്നീ സംഘടനകളുടെ കൂട്ടായ ശ്രമത്തിലാണ് പരാതിക്കാർക്കു വേണ്ട നിയമസഹായത്തിനു വഴിയൊരുങ്ങിയത്.

click me!