ചാര്‍ട്ടര്‍ വിമാനത്തിലെത്താന്‍ പ്രവാസികള്‍ക്ക് കടമ്പകളേറെ;നിര്‍ദ്ദേശങ്ങളുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

By Web Team  |  First Published May 30, 2020, 1:09 PM IST

നാട്ടില്‍ ക്വാറന്റീനുള്ള ചെലവ് ഉള്‍പ്പടെയായിരിക്കും ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് നിരക്ക് വിമാനം ചാര്‍ട്ട് ചെയ്യുന്ന സംഘാടകര്‍ക്ക് നിശ്ചയിക്കാം.


ദുബായ്: ചാര്‍ട്ടര്‍ വിമാനത്തിന് ഇന്ത്യ അനുമതി നല്‍കിയതോടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസികള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനാകൂ. വിമാനം ഏര്‍പ്പെടുത്തുന്ന സംഘടനകള്‍ യാത്രക്കാരുടെ പേരുവിവരം കോണ്‍സുലേറ്റില്‍ നല്‍കണം. കോണ്‍സുലേറ്റില്‍ നിന്നോ എംബസിയില്‍ നിന്നോ അറിയിപ്പ് കിട്ടാതെ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

ഏഴുദിവസം മുന്‍പെങ്കിലും അപേക്ഷ നല്‍കിയിരിക്കണം. ഈ അപേക്ഷയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയും സംഘാടകര്‍ വാങ്ങണം. കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക് ശേഷം ഫ്‌ലൈറ്റ് ഓപ്പറേറ്റര്‍മാര്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അനുമതിയും നേടണം എന്നിങ്ങനെ നിരവധി നിര്‍ദ്ദേശങ്ങളാണ് കോണ്‍സുലേറ്റ് പുറത്തിറക്കിയത്.

Latest Videos

undefined

അനുമതി ലഭിക്കുന്ന വിവരം കോണ്‍സുലേറ്റിന്റെയോ എംബസിയുടെയോ സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസദ്ധീകരിക്കും. ഇതിനു ശേഷമേ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പണം നല്‍കാവൂ എന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. നാട്ടില്‍ ക്വാറന്റീനുള്ള ചെലവ് ഉള്‍പ്പടെയായിരിക്കും ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് നിരക്ക് വിമാനം ചാര്‍ട്ട് ചെയ്യുന്ന സംഘാടകര്‍ക്ക് നിശ്ചയിക്കാം. എന്നാല്‍ യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധ നടത്തുമോയെന്ന കാര്യം വ്യക്തമല്ല. കൊവിഡ് ലക്ഷണമുള്ള ആളെ പ്രത്യേകം മാറ്റി സമ്പര്‍ക്ക രഹിതമായി ഇരുത്തണമെന്നും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തിറക്കിയ  നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

click me!