വർണാഭമായ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി.
റിയാദ്: 78ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം. വിപുലമായ ആഘോഷ പരിപാടികളാണ് റിയാദിലെ ഇന്ത്യൻ എംബസി ഒരുക്കിയത്. രാവിലെ 8.30ഓടെ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ എംബസി അങ്കണത്തിൽ ത്രിവർണ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. വർണാഭമായ വിവിധ സാംസ്കാരിക പരിപാടികൾ അതോടൊന്നിച്ച് അരങ്ങേറി.
റിയാദിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും നൃത്തനൃത്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. എംബസി ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, പ്രവാസി ഇന്ത്യൻ സമൂഹത്തിൽനിന്നുള്ളവർ ഉൾപ്പടെ അഞ്ഞൂറോളം ആളുകൾ ആഘോഷപരിപാടിയിൽ പങ്കെടുക്കാനെത്തി.
undefined
Read Also - സൗദി അറേബ്യയില്‍ തൊഴിലവസരം; വിവിധ സ്പെഷ്യാലിറ്റികളിൽ ഒഴിവുകൾ, അപേക്ഷ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22
തുടർന്ന് എംബസി ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ സദസിനെ അഭിസംബോധന ചെയ്ത അംബാസഡർ, രാഷ്ട്രത്തോടും ലോകത്താകെയുള്ള ഇന്ത്യാക്കാരോടുമുള്ള രാഷ്ട്രപതി ദ്രൗപതി മുർമുവിെൻറ സന്ദേശം വായിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം കൂടുതൽ ശക്തിപ്പെട്ടുവരുന്നതിനെ പരാമർശിച്ച അംബാസഡർ സൗദിയിലെ പ്രവാസി ഇന്ത്യാക്കാർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഇന്ത്യ ലോകത്തിന് നൽകുന്ന ഏറ്റവും പൗരാണികവും ഉദാത്തവുമായ സന്ദേശമാണ് ‘വസുധൈവക കുടുംബക’മെന്നതെന്നും ലോകം മുഴുവൻ ഒറ്റ കുടുംബമാണെന്നാണ് അതിെൻറ അർത്ഥമെന്നും അംബാസഡർ ചൂണ്ടിക്കാട്ടി.
ആഘോഷങ്ങൾക്ക് മുന്നോടിയായി സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിൽ എംബസി ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും പ്രവാസി ഇന്ത്യൻ സമൂഹവും പങ്കാളികളായി. തലേദിവസം സംഘടിപ്പിച്ച ‘വിഭജന ഭീകരതയുടെ ഓർമദിന’ പരിപാടിയിലും ഇന്ത്യൻ സമൂഹം പങ്കെടുത്തു.
https://www.youtube.com/watch?v=Ko18SgceYX8