പ്രവാസികള്‍ ശ്രദ്ധിക്കുക; താമസ കെട്ടിടങ്ങളുടെ വാടക സംബന്ധിച്ച നിയമത്തിലെ സുപ്രധാന മാറ്റം ജനുവരി 15 മുതല്‍

By Web Team  |  First Published Jan 5, 2024, 1:17 AM IST

നുവരി 15ന് ശേഷം ഈ സംവിധാനത്തിന് പുറത്ത് അടക്കുന്ന വാടക അംഗീകരിക്കപ്പെടില്ല. അതിന് നിയമ സാധുതയുണ്ടാവില്ല. കെട്ടിട ഉടമയും വാടകക്കാരനും തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അതൊരു തെളിവായി പരിഗണിക്കുകയുമില്ല.


റിയാദ്: സൗദി അറേബ്യയിൽ താമസ കെട്ടിടങ്ങളുടെ വാടക ഇ-പേയ്‍മെന്റ് സംവിധാനം വഴി മാത്രമേ ഇനി അടയ്ക്കാനാവൂ. പുതിയ നിയമം ജനുവരി 15 മുതൽ നടപ്പാവും. ഭവന മന്ത്രാലയത്തിന് കീഴിലുള്ള ‘ഇജാർ’ എന്ന റിയൽ എസ്റ്റേറ്റ് വെബ് പോർട്ടലിലെ ഇലക്ട്രോണിക് പേയ്‍മെന്റ് സംവിധാനത്തിലൂടെയാണ് പണം അടയ്ക്കേണ്ടെതന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വ്യക്തമാക്കി. മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും അതോറ്റി പറഞ്ഞു.

ഫ്ലാറ്റുകളും വില്ലകളും അടക്കം മുഴുവൻ താമസ കെട്ടിടങ്ങളുടെയും വാടക ഡിജിറ്റൽ സംവിധാനത്തിൽ നിജപ്പെടുത്തിയെന്നും പുതുവർഷം മുതലുള്ള എല്ലാ താമസ വാടക കരാറുകളും ഇതിലുൾപ്പെടുമെന്നും അതോറിറ്റി വിശദമാക്കി. ജനുവരി 15ന് ശേഷം ഈ സംവിധാനത്തിന് പുറത്ത് അടക്കുന്ന വാടക അംഗീകരിക്കപ്പെടില്ല. അതിന് നിയമ സാധുതയുണ്ടാവില്ല. കെട്ടിട ഉടമയും വാടകക്കാരനും തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അതൊരു തെളിവായി പരിഗണിക്കുകയുമില്ല.

Latest Videos

എന്നാൽ വാണിജ്യ കെട്ടിടങ്ങളുടെ വാടകയുടെ കാര്യത്തിൽ ഈ നിയമം ബാധകമല്ലെന്നും അതിനെ ഇജാർ പോർട്ടലിലെ ഡിജിറ്റൽ പേയ്‍മെന്റ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വാണിജ്യ കെട്ടിടങ്ങളുടെ കാര്യത്തിൽ സാമ്പ്രദായിക രീതി തന്നെയാണ് തുടരുക.

അതോറിറ്റി ലൈസൻസുള്ള ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ മുഖേനയാണ് താമസത്തിനുള്ള ഫ്ലാറ്റുകളും വീടുകളും വില്ലകളും വാടകക്കെടുക്കേണ്ടത്. അതിന് കെട്ടിട ഉടമയും വാടകക്കാരനും ബ്രോക്കർ വഴി കരാറിൽ ഏർപ്പെടുകയും അത് ‘ഇജാർ’ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. തുടർന്ന് അതേ പോർട്ടലിലെ ഡിജിറ്റൽ പേയ്‍മെന്റ് സംവിധാനത്തിലൂടെ പണം അടയ്ക്കണം. ആ പണം അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കെട്ടിട ഉടമയുടെ ബാങ്ക് അക്കൗണ്ടിലെത്തും. ഈ രീതിയിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!