സങ്കടകരമായ നിമിഷങ്ങള്‍ പെട്ടെന്നാണ് സന്തോഷത്തിന് വഴിമാറിയത്. കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കിയതോടെ യുവാവിന് ജീവൻ തിരികെ കിട്ടി.
റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷയില്‍ നിന്ന് അവസാന നിമിഷം രക്ഷപ്പെട്ട് സ്വദേശി യുവാവ്. പ്രതിക്ക് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നൽകിയതോടെയാണ് വാൾത്തലപ്പിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയത്. ആരാച്ചാരെത്തി വാൾ വീശാനൊരുങ്ങവേയാണ് കൊല്ലപ്പെട്ട സൗദി യുവാവിെൻറ പിതാവ് നിരുപാധികം മാപ്പ് നല്‍കുന്നതായി പ്രഖ്യാപിച്ചത്. തബൂക്കില്‍ വധശിക്ഷ നടപ്പാക്കുന്ന മൈതാനത്ത് ഇന്ന് (തിങ്കളാഴ്ച) രാവിലെയാണ് സംഭവം. കൊല്ലപ്പെട്ട യുവാവിന്‍റെ പിതാവ് അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ആണ് പ്രതിയായ സൗദി യുവാവ് അബ്ദുറഹ്മാന്‍ അല്‍ബലവിക്ക് മാപ്പ് നല്‍കിയത്.
കൊലക്കേസില്‍ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ രാജാവ് അനുമതി നല്‍കുകയും ചെയ്തിരുന്നു. പ്രതിക്ക് മാപ്പ് നല്‍കുന്നതിനുപകരം ഭീമമായ തുക ദിയാധനമായി കൈമാറാമെന്ന നിരവധി ഓഫറുകള്‍ നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇതെല്ലാം നിരാകരിച്ച അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി പ്രതിക്ക് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. പൗരപ്രമുഖര്‍ നടത്തിയ മധ്യസ്ഥശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് പ്രതിക്ക് വധശിക്ഷ നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
Read Also - യുഎഇയിൽ അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത് ഇന്ത്യക്കാരായ തൊഴിലാളികൾ; ഒമ്പത് പേർ മരിച്ചതായി വിവരം
ഇന്ന് രാവിലെ പ്രതിയെ കനത്ത സുരക്ഷാ ബന്തവസ്സില്‍ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തിക്കുകയും ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കൊല്ലപ്പെട്ട യുവാവിെൻറ ബന്ധുക്കള്‍ അടക്കം വന്‍ ജനാവലി പ്രദേശത്ത് തടിച്ചുകൂടുകയും ചെയ്തു. വധശിക്ഷ നടപ്പാക്കാനുള്ള അന്തിമ ഒരുക്കങ്ങള്‍ സുരക്ഷാവകുപ്പുകള്‍ ആരംഭിക്കുകയും ചെയ്തു. ആരാച്ചാരെത്തി വധശിക്ഷ നടപ്പാക്കാനൊരുങ്ങവേയാണ് പ്രതിക്ക് നിരുപാധികം മാപ്പ് നല്‍കുന്നതായി അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്. ഇത് കേട്ട് ജനക്കൂട്ടം ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് ഓടിയണയുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.
undefined
(ഫോട്ടോ - വിവരമറിഞ്ഞ് സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രദേശവാസികൾ)