ഹോട്ടലുകള്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും തെര്‍മല്‍ ക്യാമറകളും സജ്ജീകരിക്കണം. ഓരോ പ്രവൃത്തി ദിവസവും നിരവധി തവണ ജീവനക്കാരുടെ ശരീര ഊഷ്‍മാവ് പരിശോധിക്കണം.
അബുദാബി: യുഎഇയില്‍ ഹോട്ടലുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി പുറത്തിറക്കി. പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാ ജീവനക്കാരും കൊവിഡ് പരിശോധന നടത്തിയിരിക്കണം. പിന്നീടുള്ള ഓരോ 15 ദിവസത്തിലും ആവര്‍ത്തിച്ചുള്ള പരിശോധനകള്‍ നടത്തുകയും വേണം.
ഹോട്ടലുകള്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും തെര്‍മല്‍ ക്യാമറകളും സജ്ജീകരിക്കണം. ഓരോ പ്രവൃത്തി ദിവസവും നിരവധി തവണ ജീവനക്കാരുടെ ശരീര ഊഷ്‍മാവ് പരിശോധിക്കണം. ഹോട്ടലിലെത്തുന്ന അതിഥികളിലോ ജീവനക്കാരിലോ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവരെ പ്രവേശിപ്പിക്കരുതെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
undefined
ഹോട്ടലുകളില്‍ താമസിക്കുന്ന ഒരു അതിഥി താമസം അവസാനിപ്പിച്ച് പോയാല്‍ 24 മണിക്കൂറിന് ശേഷമേ അതേ മുറി മറ്റൊരാള്‍ക്ക് നല്‍കാവൂ. റസ്റ്റോറന്റുകള്‍, കഫേകള്‍, ജിമ്മുകള്‍, സ്വിമ്മിങ് പൂളുകള്‍ തുടങ്ങിയവ കുറഞ്ഞ ആളുകളെ മാത്രം പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കണം. ഇവിടങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പും ഉപഭോക്താക്കളുടെ താപനില പരിശോധിക്കണം.
റസ്റ്റോറന്റുകളും കഫേകളും പ്രവര്‍ത്തിക്കുന്നതിനുള്ള സമയം രാവിലെ ആറ് മുതല്‍ രാത്രി ഒന്‍പത് വരെയായിരിക്കും. ഒരു ടേബിളില്‍ നാല് പേര്‍ക്ക് ഭക്ഷണം കഴിക്കാം. ടേബിളുകള്‍ തമ്മില്‍ 2.5 മീറ്റര്‍ സ്ഥലം വിടണം. ഓരോ ഉപയോഗത്തിന് ശേഷവും മെനു കാര്‍ഡുകള്‍ അണുവിമുക്തമാക്കണമെന്നും അറിയിച്ചിട്ടുണ്ട്.