ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി സാമൂഹിക പ്രവർത്തക മരിച്ചു

By Web TeamFirst Published Jan 18, 2024, 2:44 PM IST
Highlights

20 വർഷത്തിലേറെയായി റിയാദിലുണ്ടായിരുന്ന മിനിമോൾ അൽഹുദ ഇൻറർനാഷനൽ സ്കൂളിൽ ടീച്ചിങ് അസിസ്റ്റൻറായി ജോലി ചെയ്തിരുന്നു.

റിയാദ്: അസുഖ ബാധിതയായി ഒരു മാസം മുമ്പ് റിയാദിൽ നിന്ന് നാട്ടിൽ പോയി ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തക മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശിനിയും റിയാദിൽ ജോലി ചെയ്യുന്ന ചൊവ്വ സ്വദേശി രതീഷ് ബാബുവിൻറെ ഭാര്യയുമായ മിനിമോളാണ് (46) മരിച്ചത്. 

റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടർന്ന് നാട്ടിൽ കൊണ്ടുപോയി ആദ്യം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ കെ.എം.സി കസ്തൂർബാ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൃക്ക തകരാറിലായതാണ് പെട്ടെന്ന് മരണം സംഭവിക്കാനിടയായത്. 

Latest Videos

റിയാദിൽ ടയോട്ട ലക്സസ് കമ്പനിയിൽ ജീവനക്കാരനാണ് ഭർത്താവ് രതീഷ് ബാബു. 20 വർഷത്തിലേറെയായി റിയാദിലുണ്ടായിരുന്ന മിനിമോൾ അൽഹുദ ഇൻറർനാഷനൽ സ്കൂളിൽ ടീച്ചിങ് അസിസ്റ്റൻറായി ജോലി ചെയ്തിരുന്നു. മകൻ ശ്രീഹരി റിയാദിൽ ജോലി ചെയ്യുന്നു. മകൾ ശ്രീപ്രിയ നാട്ടിൽ പഠിക്കുന്നു. റിയാദിൽ സാമൂഹികരംഗത്ത് സജീവമായിരുന്ന മിനിമോൾ ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദ് ഘടകം പ്രവർത്തകയായിരുന്നു. മിനിമോളുടെ ആകസ്മിക വേർപാടിൽ ജി.എം.എഫ് പ്രവർത്തകർ അനുശോചിച്ചു.

Read Also -  ഗംഭീര ഓഫര്‍! ആദ്യം 2,35,014 രൂപ ശമ്പളം, അലവൻസുകള്‍; ഗ്ലാമറസ് ജോലി വേണോ? 5000 പേർക്ക് വാതിൽ തുറന്ന് എയര്‍ലൈൻ

റിയാദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി

റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച പാലക്കാട് പട്ടാമ്പി പുലമന്തോൾ കൊപ്പം വിളയൂര്‍ സ്വദേശി നിമ്മിണികുളം മഹൽ കൊളക്കാട്ടിൽ അബ്ദുൽ റഷീദിെൻറ (54) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ട് എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നിമിനികുളം ജുമാ മസ്ജിദിൽ ഖബറടക്കി. 30 വർഷത്തോളം യു.എ.ഇയിലും സൗദിയിലും പ്രവാസിയായിരുന്ന ഇദ്ദേഹം മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. 

ഒരാഴ്ച മുമ്പ് റിയാദ് നസിം അൽഹസർ ആശുപത്രിയിലാണ് മരിച്ചത്. മകൻ അർഷാദ് അതിന് ഒരാഴ്ച്ച മുമ്പാണ് തൊഴിൽ വിസയിൽ റിയാദിൽ എത്തിയത്. പിതാവ്: മൊയ്ദീൻ (പരേതൻ), മാതാവ്: നഫീസ (പരേത), ഭാര്യ: സുനീറ, മറ്റ് മക്കൾ: അൻഷാദ്, ഫാത്തിമ ഷദ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ ഭാര്യാസഹോദരൻ മുജീബിനെ സഹായിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!