ഫുട്ബോള്‍ ആരാധകര്‍ക്കായി അണിഞ്ഞൊരുങ്ങി ഖത്തര്‍; നവീകരിച്ച എട്ട് ബീച്ചുകള്‍ നവംബര്‍ ഒന്നിന് തുറക്കും

By Web TeamFirst Published Oct 16, 2022, 2:20 PM IST
Highlights

സീലൈന്‍ പബ്ലിക് ബീച്ച്, അല്‍ വക്റ പബ്ലിക് ബീച്ച്, അല്‍ വക്റ ഫാമിലി ബീച്ച്, സിമൈസ്‍മ ഫാമിലി ബീച്ച്, അല്‍ ഫെര്‍കിയ ബീച്ച്, സഫ അല്‍ തൗഖ് ബീച്ച്, അല്‍ ഗരിയ ബീച്ച്, അല്‍ ഖറൈജ് ബീച്ച് എന്നിവയാണ് നവീകരണം പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് ജനങ്ങള്‍ക്കായി തുറക്കുന്നത്.

ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് സാക്ഷിയാവാനെത്തുന്ന ആരാധകര്‍ക്കായി അണിഞ്ഞൊരുങ്ങുകയാണ് ഖത്തര്‍. നവീകരണത്തിനായി ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന എട്ട് ബീച്ചുകള്‍ നവംബര്‍ ഒന്നിന് തുറന്നു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്കായി ആകെ 18 ബീച്ചുകളാണ് ഖത്തറിലെ മുനിസിപ്പല്‍ മന്ത്രാലയം നവീകരിക്കുന്നത്.

സീലൈന്‍ പബ്ലിക് ബീച്ച്, അല്‍ വക്റ പബ്ലിക് ബീച്ച്, അല്‍ വക്റ ഫാമിലി ബീച്ച്, സിമൈസ്‍മ ഫാമിലി ബീച്ച്, അല്‍ ഫെര്‍കിയ ബീച്ച്, സഫ അല്‍ തൗഖ് ബീച്ച്, അല്‍ ഗരിയ ബീച്ച്, അല്‍ ഖറൈജ് ബീച്ച് എന്നിവയാണ് നവീകരണം പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് ജനങ്ങള്‍ക്കായി തുറക്കുന്നത്. 18 ബീച്ചുകളാണ് സന്ദര്‍ശകര്‍ക്കായി നവീകരിക്കാന്‍ തെരഞ്ഞെടുത്തതെന്നും അതിന്റെ ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ എട്ട് ബീച്ചുകള്‍ നവംബര്‍ ഒന്ന് മുതല്‍ തുറക്കുകയാണെന്നും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പ്രൊജക്ട്സ് ആന്റ് ഡെവലപ്മെന്റ് വകുപ്പ് ഡയറക്ടര്‍ എഞ്ചിനീയര്‍ സുലൈമാന്‍ അല്‍ അബ്‍ദുല്ല പറഞ്ഞു.

Latest Videos

നവീകരണത്തിന്റെ ഭാഗമായി വാക്ക് വേകള്‍, വിവിധ ഡിസൈനുകളിലുള്ള ഷെയ്‍ഡുകള്‍, സ്ഥിരമായ ടോയ്‍ലറ്റുകള്‍, കിയോസ്‍കുകള്‍, ബാര്‍ബിക്യൂ ഏരിയകള്‍, കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിസ്ഥലങ്ങള്‍, ഫു‍ട്ബോള്‍ - വോളിബോള്‍ ഗ്രൗണ്ടുകള്‍ തുടങ്ങിയവയൊക്കെ സജ്ജീകരിച്ചിട്ടുണ്ട്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ചില ബീച്ചുകളില്‍ പ്രത്യേക വാക്ക് വേകള്‍ തയ്യാറാക്കിയിട്ടുണ്ട്. അവര്‍ക്ക് കടലിന്റെ സമീപത്തുവരെ എത്താവുന്ന തരത്തിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. എല്ലാ ബീച്ചുകളിലെയും ലൈറ്റുകള്‍ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ബീച്ചുകളില്‍ ലൈഫ് ഗാര്‍ഡുമാരുടെ സേവനവും നവംബര്‍ ഒന്നു മുതല്‍ ലഭ്യമാക്കും.

Read also:  മൂന്ന് പതിറ്റാണ്ടു കാലം നാട്ടില്‍ പോകാന്‍ കഴിയാതെ കുടുങ്ങിയ പ്രവാസി ഒടുവില്‍ നിയമ കുരുക്കഴിച്ച് നാട്ടിലേക്ക്

click me!