60 വയസ്സ് പ്രായമുള്ള ഇന്ത്യക്കാരിയായ ഡോക്ടർക്കാണ് ക്രഡിറ്റ് കാർഡ് തട്ടിപ്പിലൂടെ 1,20,000 ദിർഹം നഷ്ടമായത്
ദുബൈ: യുഎഇയിൽ ക്രഡിറ്റ് കാർഡ് തട്ടിപ്പിലൂടെ ഇന്ത്യൻ പ്രവാസിക്ക് നഷ്ടമായത് വൻ തുക. 60 വയസ്സ് പ്രായമുള്ള ഇന്ത്യക്കാരിയായ ഒരു വനിതാ ഡോക്ടർക്കാണ് ക്രഡിറ്റ് കാർഡ് തട്ടിപ്പിലൂടെ 1,20,000 ദിർഹം നഷ്ടമായത്. ശസ്ത്രക്രിയ നടത്തുന്നതിനിടെയിലാണ് ക്രഡിറ്റ് കാർഡിലൂടെ ഇടപാടുകൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. 14 അനധികൃത ഇടപാടുകളാണ് നടന്നത്.
ഒരു ഇന്റർനാഷണൽ ബാങ്കിന്റെ ക്രഡിറ്റ് കാർഡ് ആയിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. കാർഡ് എപ്പോഴും തന്റെ കൈവശമാണ് സൂക്ഷിച്ചിരിക്കുകയെന്നും ക്രഡിറ്റ് കാർഡിന്റെ രേഖകൾ ഉപയോഗിച്ച് ഒരു സംവിധാനത്തിലും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഡോക്ടർ പറയുന്നു. എന്നിട്ടും ഏഴ് മണിക്കൂറിനുള്ളിൽ വിവിധ ട്രാൻസാക്ഷനുകളാണ് നടന്നത്. ദുബൈ മാൾ, ഷാർജയിലെ സ്റ്റോറുകൾ എന്നിങ്ങനെ പലയിടങ്ങളിൽ നിന്നുമായാണ് ഇടപാടുകൾ നടന്നത്. അതിൽ മിക്കതും 10,000 ദിർഹത്തിൽ കൂടുതലുള്ള തുകയുടേതുമായിരുന്നെന്ന് അവർ വ്യക്തമാക്കി. ഇടപാടുകളിൽ രണ്ടെണ്ണം കുവൈത്തി ദിനാറിലായിരുന്നു. ഇതിന് ഒടിപി ആവശ്യമില്ലെന്നും ഡോക്ടർ പറഞ്ഞു.
ബാങ്ക് ആദ്യം തന്നെ വ്യാജ ഇടപാടുകൾ കണ്ടെത്തിയിരുന്നെന്നും എന്നാൽ, കാർഡ് ബ്ലോക്ക് ചെയ്യുകയോ തന്നെ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തില്ലെന്നും ഡോക്ടർ പരാതിപ്പെട്ടു. ആദ്യ ഇടപാട് സംശയകരമായി തോന്നിയപ്പോൾ തന്നെ ബാങ്ക് കാർഡ് മരവിപ്പിക്കേണ്ടതായിരുന്നു. തട്ടിപ്പ് ബാങ്ക് അധികൃതരെ അറിയിച്ച് കാർഡ് ഉടൻ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട ശേഷവും വീണ്ടും അനധികൃത ഇടപാട് നടന്നെന്നും ഡോക്ടറുടെ പരാതിയിലുണ്ട്. അനധികൃത ഇടപാടുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ തരുന്നത് ബാങ്ക് അധികൃതർ വിസമ്മതിച്ചിരുന്നെന്നും പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ തട്ടിപ്പിനിരയായ വിവരം പങ്കുവെച്ചപ്പോഴാണ് ബാങ്ക് അധികൃതർ ബന്ധപ്പെട്ടതെന്നും ഡോക്ടർ പറയുന്നു.
താൻ നടത്തിയ തുടർച്ചയായ ശ്രമങ്ങളുടെ ഫലമായാണ് ആപ്പിൾ പേ വഴിയാണ് അനധികൃത ഇടപാടുകൾ നടന്നതെന്ന് ബാങ്ക് അറിയിച്ചത്. താൻ കാർഡ് ആപ്പിൾ പേയുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് ഡോക്ടറും വിവരങ്ങൾ ബന്ധിപ്പിച്ചിട്ടില്ലെന്ന് ആപ്പിൾ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ആപ്പിൾ പേ സുരക്ഷിതമാണെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. എന്നാൽ, പിന്നെന്തിനാണ് തനിക്ക് വ്യാജ ഇടപാടുകൾ നടക്കുന്നതായി മെയിൽ അയച്ചതെന്നും സംശയം ആദ്യം തോന്നിയെങ്കിൽ എന്തുകൊണ്ട് ബാങ്ക് കാർഡ് ബ്ലോക്ക് ചെയ്യാതെ പേമെന്റുകൾക്ക് അംഗീകാരം നൽകിയതെന്നുമാണ് ഡോക്ടർ ആരോപിക്കുന്നത്.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത പരിഗണിച്ച് ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും വഞ്ചനാപരമായ ഇടപാടുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിൽ പ്രതിജ്‍ഞാബദ്ധരാണെന്നും അവർ അറിയിച്ചു.