റഹീമിന്‍റെ മോചനം; സൗദി കോടതി ഉത്തരവ് ഉടൻ, നടപടികൾ അവസാനഘട്ടത്തിൽ

By Web TeamFirst Published Sep 9, 2024, 5:44 PM IST
Highlights

നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് അടുത്ത ദിവസങ്ങളിൽ തന്നെ പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി നേതാക്കൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.

കേസിന്‍റെ നടപടികൾ ഇന്ത്യൻ എംബസിയും,റഹീമിെൻറ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും പ്രതിഭാഗം വക്കീലും കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഓരോ ദിവസവും ബന്ധപ്പെട്ട ഓഫീസുകളിൽ എത്തി പുരോഗതി വിലയിരുത്തുന്നുണ്ടെന്നും സഹായ സമിതി ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ, ചീഫ് കോഓഡിനേറ്റർ ഹസ്സൻ ഹർഷാദ് എന്നിവർ പറഞ്ഞു. ദിയാധനം നൽകി, കൊല്ലപ്പെട്ട സൗദി ബാലെൻറ കുടുംബം അനുരഞ്ജന കരാറിൽ ഒപ്പുവെച്ചതോടെയാണ് റിയാദിലെ ക്രിമിനൽ കോടതി വധശിക്ഷ റദ്ദ് ചെയ്തത്. 

Latest Videos

അത് വാദി ഭാഗത്തിെൻറ സ്വകാര്യ അവകാശമായതിനാലാണ് ഉടൻ ഉത്തരവിറക്കിയത്. അതെസമയം ജയിൽ മോചനത്തിന് കടമ്പകൾ ഏറെയുണ്ടായിരുന്നു. പബ്ലിക് റൈറ്റ്സ് അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടിയിരുന്നു. കേസ് അന്വേഷിച്ചു കോടതി റിപ്പോർട്ട് നൽകുന്ന പബ്ലിക് പ്രോസിക്യൂഷൻ ഈ കേസുമായി ബന്ധപ്പെട്ട ഫയൽ   കോടതിയിക്ക്  ഇന്നലെ  (ഞായറാഴ്ച) നൽകിയെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചതെന്ന് സിദ്ധിഖ് തുവ്വൂർ പറഞ്ഞു.

ഇനി വൈകാതെ കോടതി മോചന ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവിന്‍റെ പകർപ്പ് റിയാദ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. ശേഷം ആഭ്യന്തരമന്ത്രാലയത്തിന്‍റെ കീഴിലുള്ള ജവാസത്ത് (പാസ്പോർട്ട് വിഭാഗം) ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കും. തുടർന്ന് ഇന്ത്യൻ എംബസി ഔട്ട് പാസ്സ് നൽകുന്നതോടെ റഹീമിന് ജയിൽ മോചിതനായി രാജ്യം വിടാനാകും. 

ഈ നടപടിക്രമങ്ങളെല്ലാം കുറഞ്ഞ ദിവസത്തിനകം പൂർത്തിയാകുമെന്നും റഹീമിന്‍റെ മോചനത്തിന് ലോകമാകെയുള്ള മലയാളി സമൂഹം നൽകിയ പിന്തുണ അവിസ്മരണീയമാണെന്നും മലയാളികളുടെ ഐക്യബോധത്തിന്‍റെ ആഴം ലോകത്തിന്‍റെ നെറുകയിൽ അടയാളപ്പെടുത്തിയ സംഭവമാണ് മണിക്കൂറുകൾ കൊണ്ട് സമാഹരിച്ച കോടിക്കണക്കിന് രൂപയെന്നും സഹായ സമിതി മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. 2006 ഡിസംബറിലാണ് സൗദി ബാലെൻറ കൊലപാതക കേസിൽ അബ്ദുൽ റഹീം റിയാദിലെ ജയിലിലാകുന്നത്. തുടർന്ന് 18 വർഷത്തോളം നീണ്ട ശ്രമത്തിലൊടുവിലാണ് മോചനത്തിന് അരികെ എത്തിയിരിക്കുന്നത്.

 

click me!