ഉത്തർപ്രദേശിന്റെ വികസന നേട്ടങ്ങൾ ആഘോഷിച്ച `ഉത്തർ പ്രദേശ് ദിവസ്' സമാപിച്ചു. ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തു. മുഖ്യമന്ത്രി യുവ ഉദ്യം വികാസ് അഭിയാൻ പദ്ധതി ചടങ്ങിൽ പ്രഖ്യാപിച്ചു.
ലഖ്നൗ: ഉത്തർപ്രദേശിന്റെ വികസന നേട്ടങ്ങൾ ആഘോഷിക്കാൻ സംഘടിപ്പിച്ച `ഉത്തർ പ്രദേശ് ദിവസ്' സമാപിച്ചു. ജനുവരി 24 മുതൽ 26 വരെയായിരുന്നു ആഘോഷ പരിപാടി. ഉപരാഷ്ട്രപതി ജഗദീപ് ധൻകറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തു. സംസ്ഥാനത്തിന്റെ സമൃദ്ധിയും അഭിമാനവുമാണ് ഈ ദിവസങ്ങളിൽ ആഘോഷിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മുഖ്യമന്ത്രി യുവ ഉദ്യം വികാസ് അഭിയാൻ (എം യുവ) ഇ-പോർട്ടൽ ഉദ്ഘാടനം ചെയ്തു. 25,000 യുവസംരംഭകർക്ക് വായ്പകളും അനുമതി പത്രങ്ങളും വിതരണവും ചെയ്തു. ആറ് വിശിഷ്ട വ്യക്തികൾക്ക് ഉത്തർപ്രദേശ് ഗൗരവ് സമ്മാൻ പുരസ്കാരവും നൽകി.
മഹാകുംഭമേളയിൽ നിരവധി ഭക്തരാണ് ഇവിടേക്ക് എത്തിച്ചേരുന്നതെന്നും അവർ രാജ്യമെമ്പാടും ഐക്യത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുകയാണെന്നും യോഗി പറഞ്ഞു. ഡോ.ബി.ആർ അംബേദ്ക്കറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം പൂർത്തിയായിരിക്കുകയാണ്. 1950 ജനുവരി 24നാണ് ഉത്തർ പ്രദേശ് സ്ഥാപിതമാകുന്നത്. ഈ ദിവസം ഇതുവരെയുള്ള സംസ്ഥാനത്തിന്റെ വളർച്ചയെ അടയാളപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.
read more: ഭൂമിയിലെ മനുഷ്യാത്ഭുതം, ബഹിരാകാശ നിലയത്തിൽ നിന്നുപോലും മഹാവിസ്മയമായ കുംഭമേള, ചിത്രങ്ങൾ വൈറൽ
മുഖ്യമന്ത്രി യുവ ഉദ്യം വികാസ് അഭിയാൻ പദ്ധതി പ്രകാരം 21 മുതൽ 40 വയസ്സുവരെയുള്ളവർക്ക് പലിശ രഹിത ലോണുകൾ അനുവദിക്കും. ആദ്യ ഘട്ടത്തിൽ അഞ്ച് ലക്ഷവും രണ്ടാം ഘട്ടത്തിൽ പത്ത് ലക്ഷം വരെയും ലഭിക്കും. 2016-17 കാലയളവിൽ ഉത്തർ പ്രദേശിന്റെ സമ്പദ് വ്യവസ്ഥ 12 ലക്ഷം കോടി ആയിരുന്നു. പിന്നീട് 27 ലക്ഷം കോടി രൂപയായി. പ്രധാനമന്ത്രിയുടെ വിഷൻ അനുസരിച്ച് നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളറായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദേമോദിയുടെ ലക്ഷ്യമായ `പൂജ്യം ദാരിദ്ര്യം' സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി സർവ്വെ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.