പുഴയിൽ ചാടിയശേഷം നീന്തി വീട്ടിൽ തിരിച്ചെത്തിയ സുഹൃത്താണ് സുഹൈറുദ്ദീനെ കാണാനില്ലെന്ന് അറിയിച്ചത്
പാലക്കാട്:എക്സൈസ് സംഘത്തെ കണ്ടുഭയന്ന് തൂതപ്പുഴിൽ ചാടിയ വിദ്യാര്‍ത്ഥിയെ കാണാതായെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് കുലുക്കല്ലൂർ ആനക്കൽ പ്രദേശത്ത് ചെർപ്പുളശ്ശേരി പൊലീസും അഗ്നിരക്ഷാസേനയും എക്‌സൈസും തെരച്ചിൽ തുടരുകയാണ്. വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുദ്ദീന്‍റെ മകൻ സുഹൈറുദ്ദീനെയാണ് പുഴയിൽ കാണാതായത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. എക്‌സൈസ് സംഘത്തെകണ്ട് ചിതറിയോടിയവരിൽ എട്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ രണ്ടുപേർ തൂതപ്പുഴയിൽ ചാടുകയായിരുന്നു. നീന്തി രക്ഷപ്പെട്ട് രാത്രി 10 മണിയോടെ വീട്ടിലെത്തിയ കൂട്ടുകാരൻ തന്നോടൊപ്പം പുഴയിൽ ചാടിയ സുഹൈറുദ്ദീനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് വരെ നടത്തിയ തെരച്ചിലിൽ സുഹൈറുദ്ദീനെ കണ്ടെത്താനായിട്ടില്ല.