അടുത്തിടെ ഓണ്‍ലൈന്‍ ക്ലാസ് കാണാനായി മൊബൈലിന് സിഗ്‌നല്‍ കിട്ടുന്ന സ്ഥലം തേടിയിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പൊലീസ് കേസെടുത്തിരുന്നു.
കല്‍പ്പറ്റ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്താല്‍ പൊലീസ് പിടിക്കുമോ...? അതെ എന്നാണ് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ മുക്കുത്തിക്കുന്ന് നിവാസികളായ ചില വിദ്യാര്‍ഥികളുടെ അഭിപ്രായം. ആ സംഭവം ഇങ്ങനെയാണ്. കൊറോണ കേരളത്തിലെത്തിയ ആദ്യ നാളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് കാണാനായി മൊബൈലിന് സിഗ്‌നല്‍ കിട്ടുന്ന സ്ഥലം തേടിയിറങ്ങിയതായിരുന്നു കുറച്ചു വിദ്യാര്‍ഥികള്‍. ചെന്നുപെട്ടതാകട്ടെ, പൊലീസിന്റെ മുന്നില്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്ത പോലീസ് വിദ്യാര്‍ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു.
ഒരു മൊബൈല്‍ ഫോണ്‍ സര്‍വ്വീസിനും മതിയായ സിഗ്‌നല്‍ ലഭിക്കില്ലെന്നതാണ് തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന വയനാടന്‍ ഗ്രാമങ്ങളുടെ സ്ഥിതി. മുക്കുത്തിക്കുന്നും അത്തരത്തിലുള്ള പ്രദേശമാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ പഠിക്കാനായി കുട്ടികള്‍ സിഗ്‌നല്‍ ഉള്ള സ്ഥലം തേടി അലയേണ്ട ഗതികേടിലാണ്. വന്യമൃഗശല്യം അതിരൂക്ഷമായ ഇവിടെ പുറത്തിറങ്ങി നടക്കുകയെന്നത് സുരക്ഷിതമല്ല.
നൂല്‍പ്പുഴ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശത്ത് 300 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അഞ്ച് ആദിവാസി കോളനികളും ഇതിന് പുറമെയുണ്ട്. ഒരു മൊബൈല്‍ കമ്പനിയുടെ പോലും ടവര്‍ ഇല്ലാത്തതിനാല്‍ ഫോണ്‍ വിളിക്കാനും മറ്റും ഏറെ അകലെയുള്ള നൂല്‍പ്പുഴ പാലത്തിന് സമീപം എത്തണം. ഈ പ്രദേശത്തേക്ക് നടക്കുമ്പോഴാണ് ലോക്ഡൗണ്‍ കാലത്ത് വിദ്യാര്‍ഥികളെ പോലീസ് പിടികൂടിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് സമീപത്തുള്ള വനഗ്രാമമായ ചെട്ട്യാലത്തൂരിലും സ്ഥിതി മറിച്ചല്ല.
ഫോണ്‍ വിളിക്കാന്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ലൈന്‍ കണക്ഷനുകളായിരുന്നു മിക്കവരും ആശ്രയിച്ചിരുന്നത്. എന്നാല്‍ മഴയോ കാറ്റോ ഉണ്ടായാല്‍ ലാന്‍ഡ് ഫോണുകളും പരിധിക്ക് പുറത്താകും. പ്രഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ വരെ ഗ്രാമത്തിലുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആകട്ടെ ടി.വിയില്‍ ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കുന്നുണ്ടെന്നുള്ളതാണ് ആശ്വാസം പകരുന്നത്. എന്നാല്‍ മഴയോ, കാറ്റോ വന്നാല്‍ കറന്റും കേബിള്‍ കണക്ഷനും പോകും. ചിലപ്പോള്‍ ദിവസങ്ങള്‍ എടുത്തായിരിക്കും പ്രശ്നം പരിഹരിക്കുക.
ഒന്നര വര്‍ഷം മുമ്പ് സ്വകാര്യ മൊബൈല്‍ കമ്പനി പ്രദേശത്ത് നിര്‍മിച്ച ടവര്‍ ഇതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല. മുക്കുത്തിക്കുന്നില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള ചീരാല്‍ കുടുക്കിയിലെയും മുണ്ടക്കൊല്ലിയിലെയും ടവറുകളില്‍ നിന്നാണ് ഇവിടേക്ക് സിഗ്നല്‍ ലഭിക്കേണ്ടത്. എന്നാല്‍ രണ്ട് ടവറിന് കീഴിലും കണക്ഷന്‍ കൂടിയതോടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പതിവാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. കേബിള്‍ നെറ്റ് വര്‍ക് വഴി ഇന്റര്‍നെറ്റ് പ്രദേശത്ത് എത്തുന്നുണ്ടെങ്കിലും സാധാരണക്കാരന് താങ്ങാനാകാത്ത വിലയാണ് നല്‍കേണ്ടത്.