'നന്ദി​​ഗ്രാമിൽ ഉറപ്പായും ജയിക്കും; ആശങ്ക വേണ്ട'; വിജയപ്രതീക്ഷ പങ്കുവച്ച് മമത ബാനർജി

By Web Team  |  First Published Apr 2, 2021, 5:15 PM IST

അതേ സമയം പർബ മേദിനിപൂർ ജില്ലയിലെ നിയോജക മണ്ഡലങ്ങൾ മമത ബാനർജിക്ക് നഷ്ടമാകുമെന്ന് അമിത് ഷാ പറഞ്ഞു. സീതാൽകുച്ചിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 


കൊൽക്കത്ത: നന്ദി​ഗ്രാമിൽ വിജയമുറപ്പാണെന്ന് തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി. നന്ദി​ഗ്രാമിൽ ബിജെപിയാണോ തൃണമൂൽ കോൺ​ഗ്രസാണോ വിജയത്തിലെത്തുന്നതെന്ന ചൂടേറിയ ചർച്ച പുരോ​ഗമിക്കുന്ന സാഹചര്യത്തിലാണ് വിജയമുറപ്പെന്ന മമതയുടെ വാക്കുകൾ. ഈ തെരഞ്ഞെടുപ്പിലെ വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു നന്ദി​ഗ്രാമിലേത്. സുവേന്ദു അധികാരിയാണ് നന്ദി​ഗ്രാമിൽ മമതക്കെതിരെ മത്സരിച്ചത്. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 80 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. 

ഞാൻ തീർച്ചയായും നന്ദി​ഗ്രാമിൽ നിന്ന് വിജയിക്കും. അക്കാര്യത്തിൽ ആശങ്കയില്ല. ഞാൻ വിജയിക്കുമെന്ന് എനിക്കറിയാം, എന്നാൽ എനിക്കൊപ്പം 200 സ്ഥാനാർത്ഥികളെങ്കിലും വിജയിക്കണം. എങ്കിൽ മാത്രമേ നമുക്ക് സർക്കാരുണ്ടാക്കാൻ സാധിക്കൂ. അതിനാലാണ് തൃണമൂൽ കോൺ​ഗ്രസിന് വോട്ട് ആവശ്യപ്പെട്ടത്. മമതയുടെ വാക്കുകളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. 

Latest Videos

അതേ സമയം പർബ മേദിനിപൂർ ജില്ലയിലെ നിയോജക മണ്ഡലങ്ങൾ മമത ബാനർജിക്ക് നഷ്ടമാകുമെന്ന് അമിത് ഷാ പറഞ്ഞു. സീതാൽകുച്ചിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. മാർച്ച് 27, ഏപ്രിൽ 1 തീയതികളിലായി നടന്ന രണ്ട് ഘട്ട തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ വിജയിക്കും. നന്ദി​ഗ്രാം മമതയ്ക്ക് നഷ്ടമാകും. ഇന്നലെ നടന്ന സംഭവങ്ങളിൽ നിന്ന് നന്ദി​ഗ്രാം മമതയ്ക്ക് നഷ്ടപ്പെടുമെന്ന് വ്യക്തമാണ്. അമിത് ഷാ കൂട്ടിച്ചേർത്തു. 

മമതയുടെയേും സുവേന്ദു അധികാരിയുടേയും മത്സരത്തെ തുടര്‍ന്ന് എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെട്ട മണ്ഡലമാണ് നന്ദിഗ്രാം. ഇവിടെ ബൂത്ത് പിടിത്തമടക്കമുള്ള ആരോപണമാണ് അവസാന മണിക്കൂറില്‍ ഉയർന്നത്. പരാതിയുള്ള ബൂത്തിലേക്ക് ബിജെപി- തൃണമൂല്‍ സംഘര്‍ഷ സാധ്യതയുടെ മുള്‍മുനയില്‍ നില്‍ക്കേയാണ് മമത എത്തിയത്. രണ്ട് മണിക്കൂർ നേരത്തിനൊടുവില്‍ ബൂത്തില്‍ നിന്ന് ഇറങ്ങി വന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മമത ഉയര്‍ത്തിയത്. നല്‍കിയ ഒറ്റപരാതിയില്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും മമത കുറ്റപ്പെടുത്തി. 

click me!