ഒവൈസിയുടെ ബംഗാൾ സ്വപ്നങ്ങൾക്ക് ആപ്പുവെച്ചത് ആരാണ്?

By Web Team  |  First Published Mar 20, 2021, 3:35 PM IST

ഒവൈസി ശ്രമിക്കുന്നത് ബിജെപിയെ സഹായിക്കാനാണ് എന്നാക്ഷേപിച്ചുകൊണ്ട് പാർട്ടിയുടെ ബംഗാൾ ഘടകം നേതാവ് രാജിവെച്ചിരുന്നു.


ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മുസ്ലിം രാഷ്ട്രീയ കക്ഷിയാണ് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ അഥവാ AIMIM. 1984 മുതൽ ഹൈദരാബാദ് സീറ്റിൽ നിന്ന് വിജയിച്ചു കൊണ്ടിരിക്കുന്ന, തുടക്കത്തിൽ അവിടെ മാത്രം സ്വാധീനമുണ്ടായിരുന്ന ഈ പാർട്ടി, ആദ്യമായി മറ്റൊരു സംസ്ഥാനത്ത് മത്സരിക്കുന്നത് 2014 -ൽ മഹാരാഷ്ട്രയിലാണ്. അന്ന് രണ്ടു സീറ്റു നേടുന്നതിൽ വിജയിച്ച AIMIM പിന്നീട് 2019 -ൽ മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഒരു സീറ്റുനേടിയിരുന്നു. 2020 -ൽ നടന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ച AIMIM അന്ന് മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള സീമാഞ്ചൽ പ്രവിശ്യയിൽ നിന്ന് അഞ്ചു സീറ്റുകൾ നേടിയിരുന്നു. 

 

Latest Videos

undefined

 

ഇങ്ങനെ, ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തും, മുസ്ലിം ഭൂരിപക്ഷമുള്ള പ്രവിശ്യകളിൽ അവരെ പ്രതിനിധീകരിച്ചുകൊണ്ട് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുക എന്നത് AIMIM ന്റെ, വിശേഷിച്ച് അതിന്റെ അധ്യക്ഷൻ അസദുദ്ദിൻ ഒവൈസിയുടെ പ്രഖ്യാപിത നയം തന്നെ ആയിരുന്നു. ഇതിന്റെ ഭാഗമായി, അത്തരത്തിൽ ഒരു പരിശ്രമം ഇക്കുറി ബംഗാൾ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും പറഞ്ഞു കേട്ടിരുന്നു. 2019 -ലെ ലോക്സഭാ  തിരഞ്ഞെടുപ്പിൽ, തൃണമൂൽ കോൺഗ്രസിന് ബിജെപിയുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടികൾ നേരിടേണ്ടി വന്നപ്പോൾ, സാക്ഷാൽ ഒവൈസി തന്നെ ഇതിന്റെ ആസൂത്രണത്തിനായി പലകുറി ബംഗാൾ സന്ദർശിക്കുകയും, ബംഗാളിലെ മുസ്ലിം നേതാവായ അബ്ബാസ് സിദ്ദിഖി അടക്കമുള്ളവരുമായി പലവട്ടം ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് പാർട്ടിയുടെ കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നത് സമീറുൽ ഹസൻ എന്ന AIMIM ബംഗാൾ ഘടകം നേതാവായിരുന്നു. എല്ലാം കൊണ്ടും, 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു നിർണായക ശക്തിയായി ബംഗാളിൽ AIMIM പാർട്ടിയും ഉവൈസിയും ഉണ്ടാകും എന്ന പ്രതീതിയാണ് നിലവിലുണ്ടായിരുന്നത്. മാർച്ച് 27 -നും  ഏപ്രിൽ 29-നും ഇടയിൽ എട്ടു ഘട്ടങ്ങളായിട്ടാണ്  ബംഗാളിൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്.

 

 

എന്നാൽ, തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ, ഇതുവരെയും ഒവൈസിയുടെ പാർട്ടി ഒരു സ്ഥാനാർത്ഥിയുടെ പേരുപോലും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല, പാർട്ടിയുടെ അനൗപചാരിക ബംഗാൾ ഘടകം നേതാവ് സമീറുൽ ഹസ്സൻ, 'ഒവൈസി ശ്രമിക്കുന്നത് ബംഗാളിൽ ബിജെപിയെ സഹായിക്കാനാണ്' എന്ന് ആക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ, ഒവൈസിയുടെ ബംഗാളിലെ അവസാനത്തെ വാതിലുകളും കൊട്ടിയടയ്ക്കുന്ന സംഭവം അതൊന്നും ആയിരുന്നില്ല. അത് കോൺഗ്രസ്-സിപിഎം സഖ്യത്തിലേക്ക് ഏറ്റവും അവസാനമായി ഇന്ത്യൻ സെക്കുലർ ഫ്രണ്ട് എന്നൊരു പുതിയ പാർട്ടിയുമായി, ഇതുവരെ ഒവൈസിയുമായി സംസാരിച്ചുകൊണ്ടിരുന്ന അബ്ബാസ് സിദ്ദിഖി ചെന്ന് ചേർന്ന് എന്നുള്ളതാണ്. 

ഈ അബ്ബാസ് സിദ്ദിഖിയുടെ പാർട്ടിയുമായി പ്രത്യക്ഷത്തിൽ തന്നെ ഒരു സഖ്യം ഉണ്ടാക്കിക്കൊണ്ടാണ് ഒവൈസി ബംഗാളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിച്ചിരുന്നത്. 2019 മുതൽ മമതാ ബാനർജിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്ന സിദ്ദിഖി 2021 ജനുവരിയിലാണ് തന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവ് അറിയിക്കുന്നതും, പുതിയ പാർട്ടി രൂപീകരിക്കുന്നതും. സിദ്ദിഖിയുടെ വീട്ടിൽ ചെന്ന് ഒവൈസി ചർച്ചകൾ നടത്തിയതിനു തൊട്ടു പിന്നാലെ ഇടതുപക്ഷത്തു നിന്നുള്ള നേതാക്കളും സിദ്ദിഖിയെ സന്ദർശിക്കുകയും അവർക്കിടയിൽ ഒരു തെരഞ്ഞെടുപ്പ ധാരണയിലേക്ക് എത്തുകയുമാണ് ഉണ്ടായത്. 

 

 

AIMIM - ISF സഖ്യം നിലവിൽ വന്നിരുന്നു എങ്കിൽ അത് ബിജെപിയുടെ ഹിന്ദു മുസ്ലിം വിഭാഗീയതക്ക് കാറ്റു പകർന്നിരുന്നേനെ എന്നും, അങ്ങനെയൊരു സാധ്യതയാണ് ഇടതുപക്ഷം ISF മായി ഉണ്ടാക്കിയ സഖ്യം ഒഴിവാക്കിയത് എന്നും പലരും നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, അതേ സമയം കടുത്ത യാഥാസ്ഥിതികവാദിയായ അബ്ബാസ് സിദ്ദിഖിയെ സഖ്യത്തിൽ എടുത്തതിനെതിരെ ഇടത്-കോൺഗ്രസ് പാളയത്തിനുള്ളിലും മുറുമുറുപ്പുകൾ സജീവമാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 ന് അവസാനിക്കാനിരിക്കെ, ഈ പതിനൊന്നാം മണിക്കൂറിൽ അപ്രതീക്ഷിതമായ നീക്കങ്ങൾ ഒന്നും തന്നെ ഒവൈസിയിൽ നിന്നുണ്ടാകാൻ ഇടയില്ല എന്നുതന്നെയാണ് ഇപ്പോഴുള്ള പ്രവചനം. 

click me!