ബംഗാളിൽ കേന്ദ്ര സേനയെ സ്ത്രീകൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണം എന്നാണ് മമത ബാനർജി ആവശ്യപ്പെട്ടത്. കേന്ദ്ര സേന ബിജെപിയെ വിജയിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം.
ദില്ലി: പശ്ചിമ ബംഗാളിൽ നാളെ നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സേനയെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം രൂക്ഷം. കേന്ദ്രസേനയെ തടയണം എന്ന പ്രസ്താവനയ്ക്ക് മമത ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ചില കാര്യങ്ങളിൽ മമതയെക്കാൾ മെച്ചമായിരുന്നു ഇടതുഭരണം എന്ന അമിത് ഷായുടെ പ്രസ്താവനയും ചർച്ചയാവുകയാണ്.
ബംഗാളിൽ കേന്ദ്ര സേനയെ സ്ത്രീകൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണം എന്നാണ് മമത ബാനർജി ആവശ്യപ്പെട്ടത്. കേന്ദ്ര സേന ബിജെപിയെ വിജയിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നിർദ്ദേശിച്ചുള്ള മുൻ പ്രസ്താനയിൽ നേരത്തെ നോട്ടീസ് നല്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിലും വിശദീകരണം ആവശ്യപ്പെട്ടു. ആദ്യ മൂന്നു ഘട്ടത്തിലെ 91ൽ 68 സീറ്റു കിട്ടും എന്ന് കൊല്ക്കത്തയിൽ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ട അമിത് ഷാ മമതയ്ക്ക് പരാജയഭീതിയെന്ന് ആരോപിച്ചു. ന്യൂനപക്ഷവോട്ടുകളെക്കുറിച്ചുള്ള മമതയുടെ പ്രസ്താവനയും ബിജെപി ആയുധമാക്കുകയാണ്.
undefined
''ന്യൂനപക്ഷങ്ങൾ വോട്ടു ചെയ്യണം എന്ന് മമത ആവശ്യപ്പെടുമ്പോൾ മറ്റുള്ളവർ ഇത് കേൾക്കുന്നുണ്ട് എന്ന് ആലോചിക്കണം. അവർ ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കും'', എന്ന് അമിത് ഷാ പറയുന്നു.
വടക്കൻ ബംഗാളിലെ വികസനകാര്യത്തിൽ മമതയെക്കാൾ കമ്മ്യൂണിസ്റ്റു ഭരണം മെച്ചമായിരുന്നു എന്നും അമിത് ഷാ പറഞ്ഞു. .
അതേസമയം, മമതയ്ക്കുള്ള വോട്ട് പാകിസ്ഥാനുള്ള വോട്ടാണെന്ന പ്രസംഗത്തിന് സുവേന്ദു അധികാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നല്കിയത് ബിജെപിക്കും തിരിച്ചടിയായി. നന്ദിഗ്രാമിൽ മമതയ്ക്ക് പരിക്കേറ്റതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.