ബംഗാൾ തെരഞ്ഞെടുപ്പിൽ 68 ശതമാനം പോളിംഗ്: വ്യാപകഅക്രമം, വെടിവെപ്പ്, അഞ്ച് പേര്‍ മരിച്ചതായും റിപ്പോര്‍ട്ട്

By Web Team  |  First Published Apr 10, 2021, 12:16 PM IST

ഹൂഗ്ളിയിലും വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായി. ബിജെപി എംപിയും സ്ഥാനാർത്ഥിയുമായ ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിനു നേരെ ആക്രമണം നടന്നു. ചിലയിടങ്ങളിൽ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി.


കൊൽക്കത്ത: നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിൽ വ്യാപക ആക്രമണം. കൂച്ച്ബിഹാർ ജില്ലയിലുണ്ടായ ബിജെപി-തൃണമൂൽ സംഘർഷത്തിലും വെടിവെപ്പിലും അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. ഒരു പോളിംങ് ഏജൻറിനെ ബൂത്തിൽ നിന്നും പിടിച്ചിറക്കി കൊണ്ടുവന്ന് വെടിവച്ചു കൊലപ്പെടുത്തി. ഇതിന് ശേഷം കേന്ദ്രസേനയുടെ വെടിവെപ്പുണ്ടായതായാണ് വിവരം. ഇതിലാണ് മറ്റ് നാല് പേർ മരിച്ചത്. വെടിവെപ്പിൽ നിരവധിപ്പേർക്ക് പരിക്കേറ്റുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കേന്ദ്ര സേന വെടിവെച്ചതിൽ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.  സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. അതേസമയം സംഘര്‍ഷത്തിനിടയിലും നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വൈകിട്ട് അഞ്ച് മണി വരെ 68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 

ഹൂഗ്ളിയിലും വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായി. ബിജെപി എംപിയും സ്ഥാനാർത്ഥിയുമായ ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിനു നേരെ ആക്രമണം നടന്നു. ചിലയിടങ്ങളിൽ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. നോര്‍ത്ത് ഹൗറയില്‍ ബോംബ് സ്ഫോടനമുണ്ടായെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

Latest Videos

ബംഗാളിൽ അമിത് ഷായുടെ നേതൃത്വത്തിൽ രാഷ്ട്രപതി ഭരണമാണ് നടക്കുന്നതെന്നായിരുന്നു അക്രമണസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മമത ബാനർജിയുടെ പ്രതികരണം. സംഘര്‍‌ഷബാധിത പ്രദേശങ്ങളില്‍ സുരക്ഷയ്ക്ക് 789 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. 

click me!