മമത X ബിജെപി പോര് വഴിത്തിരിവിൽ, ബംഗാൾ ഡിജിപിയെ മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web Team  |  First Published Mar 9, 2021, 10:57 PM IST

പശ്ചിമബംഗാൾ ഡിജിപി വീരേന്ദ്രയെ തൽസ്ഥാനത്ത് നിന്ന് മാറ്റാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചുമതലയും വീരേന്ദ്രയ്ക്ക് നൽകരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ പറയുന്നു. 


ദില്ലി/ കൊൽക്കത്ത: പശ്ചിമബംഗാളിലെ ഡിജിപി വീരേന്ദ്രയെ രായ്ക്കുരാമാനം മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്. 1987- ബാച്ചിലെ ഐപിഎസ് ഓഫീസറായ പി നീരജ് നയന് പകരം ചുമതല നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാൾ ചീഫ് സെക്രട്ടറിക്ക് കൈമാറിയ ഉത്തരവിൽ നിർദേശിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചുമതലയും വീരേന്ദ്രയ്ക്ക് നൽകരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇതോടെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്രസർക്കാരും തമ്മിലുള്ള മറ്റൊരു പോർമുഖം തുറക്കുകയാണ്. മമതയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മാറ്റിയ ഡിജിപി വീരേന്ദ്ര. 

Latest Videos

കഴിഞ്ഞ ഡിസംബറിൽ ബിജെപി കേന്ദ്ര അധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായപ്പോൾ പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഗവർണർ ജഗ്‍ദീപ് ധൻകർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ വിളിച്ചുവരുത്തൽ. എന്നാൽ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയും ഡിജിപി വീരേന്ദ്രയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുമ്പാകെ ഹാജരായില്ല. ഉദ്യോഗസ്ഥരെ അയക്കില്ലെന്ന് മമതാ ബാനർജി ഉറച്ച നിലപാടെടുത്തു. 

ചീഫ് സെക്രട്ടറി, അന്നേ ദിവസം ഒരു യോഗമുണ്ടെന്ന് കാട്ടി ആഭ്യന്തരസെക്രട്ടറി അജയ് ഭല്ലയ്ക്ക് ഒരു കത്ത് നൽകിയിരുന്നു. ഡിജിപി വീരേന്ദ്ര അത്തരത്തിൽ ഒരു കത്തും നൽകിയില്ല. 

എട്ട് ഘട്ടങ്ങളായാണ് പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് മാർച്ച് 27 ന് തുടങ്ങും. അവസാനഘട്ടം ഏപ്രിൽ 29-നാണ്. വോട്ടെണ്ണൽ മെയ് 2-ന് നടക്കും. 

അക്രമങ്ങളും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് വോട്ടെടുപ്പ് എട്ട് ഘട്ടങ്ങളായി നടത്തുന്നതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വ്യക്തമാക്കിയിരുന്നത്. എന്നാൽ ബിജെപിയുടെ ആവശ്യപ്രകാരമാണ് വോട്ടെടുപ്പ് വലിച്ചുനീട്ടുന്നതെന്നും, തൃണമൂലിന് ശക്തമായ അടിസ്ഥാനമുള്ള ഇടങ്ങളിൽ പല ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തുക വഴി ബിജെപി സ്വന്തം നിലയ്ക്ക് കാര്യങ്ങൾ തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു. ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് 24 നോർത്ത് പർഗാനാസ് ജില്ലയാണ്. തൃണമൂലിന്‍റെ ശക്തികേന്ദ്രമായ ഇവിടെ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

click me!