പുതുച്ചേരിയിലും ഡിഎംകെ സഖ്യത്തിൽത്തന്നെ തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ ഡിഎംകെയുമായുള്ള സഖ്യം തുടരേണ്ടത് അനിവാര്യമെന്നും ഇത് മതേതരസഖ്യമാണെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.
ചെന്നൈ: ഒടുവിൽ തമിഴ്നാട്ടിൽ ഡിഎംകെ - കോൺഗ്രസ് സഖ്യം തുടരാൻ ധാരണയായി. 25 സീറ്റുകൾ കോൺഗ്രസിന് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകും. കന്യാകുമാരി ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സീറ്റും കോൺഗ്രസിന് തന്നെയാകും. പുതുച്ചേരിയിലും ഡിഎംകെ സഖ്യത്തിൽത്തന്നെ തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
കോൺഗ്രസ്- ഡിഎംകെ സഖ്യചർച്ചകളിൽ കടുത്ത ഭിന്നതയാണ് നിലനിന്നിരുന്നത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 41 സീറ്റുകളാണ് കോൺഗ്രസിന് ഡിഎംകെ നൽകിയിരുന്നത്. എന്നാൽ ഇത്തവണ ഇരുപത്തി രണ്ട് സീറ്റുകളേ നൽകാനാകൂ എന്ന നിലപാടിലായിരുന്നു ഡിഎംകെ. മുമ്പ് കിട്ടിയതിന്‍റെ നേർപകുതി. ഇതിൽ കടുത്ത എതിർപ്പാണ് കോൺഗ്രസ് സംസ്ഥാനഘടകത്തിൽ ഉയർന്നത്. 27 സീറ്റെങ്കിലും കിട്ടണമെന്ന് സംസ്ഥാനപ്രസിഡന്‍റ് കെ എസ് അളഗിരി ഡിഎംകെ നേതൃത്വത്തോട് ആവശ്യപ്പെട്ടു. 25 സീറ്റേ തരൂവെന്ന് സ്റ്റാലിൻ ഉറച്ച നിലപാടെടുത്തു. അപമാനിതരായി മുന്നണിയിൽ തുടരണമെന്നില്ലെന്നും, ഒറ്റയ്ക്ക് മത്സരിക്കണമെന്നും കോൺഗ്രസിൽ പൊതുവികാരമുണ്ടായി. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് ഇടപെട്ട് ഉമ്മൻചാണ്ടിയെ സീറ്റ് ചർച്ചയ്ക്കായി തമിഴ്നാട്ടിലേക്ക് നിയോഗിക്കുന്നത്.
സീറ്റ് ചർച്ചകൾക്കായി സ്റ്റാലിനുമായി സംസാരിച്ച ഉമ്മൻചാണ്ടിയോട് ഡിഎംകെ അധ്യക്ഷൻ മോശമായി സംസാരിച്ചുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതെല്ലാം തെറ്റാണെന്ന് കെ എസ് അളഗിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ''സീറ്റ് വിഭജനത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വഭാവികമാണ്. എല്ലാ തർക്കങ്ങളും പരിഹരിച്ചു. സഖ്യം മികച്ച വിജയം നേടും. രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് വിട്ടുവീഴ്ച ചെയ്തത്. ഡിഎംകെയുമായി ഉണ്ടാക്കിയിരിക്കുന്നത് മതേതരസഖ്യമാണ്. ബിജെപിക്ക് എതിരായ സന്ദേശം നൽകാനാണ് ഈ സഖ്യം. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ ഡിഎംകെ സഖ്യത്തിൽ തുടരേണ്ടത് അനിവാര്യമാണ്'', എന്ന് അളഗിരി.